Breaking News

Trending right now:
Description
 
Apr 08, 2013

ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര വാര്‍ഷികക്യാംപ്‌ പാമ്പാക്കുടയില്‍

Prasad
image ഓര്‍ത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ എഴുപത്തേഴാമത്‌ അന്താരാഷ്ട്ര വാര്‍ഷികക്യാംപ്‌ പമ്പാക്കുട എം.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മോറോന്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30 മുതല്‍ മെയ്‌ മൂന്നുവരെയാണ്‌ ക്യാംപ്‌. 30-ന്‌ വൈകുന്നേരം നാലരയ്‌ക്ക്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവാ ക്യാംപ്‌ ഉദ്‌ഘാടനം ചെയ്യും.

യുവജനപ്രസ്ഥാനം പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ്‌, ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ ക്യാംപില്‍ പ്രസംഗിക്കും. സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ്‌ കുര്യന്‍, റവ. ഡോ. റെജി മാത്യൂസ്‌, ഫാ. ജോജി കെ. ജോയി എന്നിവര്‍ ക്യാംപിന്‌ നേതൃത്വം നല്‌കും. റവ. ഫാ. ഡോ. ടി.ജെ. ജോഷ്വാ, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, എംഎല്‍എമാരായ വി.ഡി. സതീശന്‍, പി.സി. വിഷ്‌ണുനാഥ്‌, മുന്‍ എം.പി. സി.എസ്‌. സുജാത, വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, സിനിമാനടന്‍ ടോണി, ഡോ. മെറീന രാജന്‍ ജോസഫ്‌ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച്‌ ക്ലാസെടുക്കും.

കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസാണ്‌ ക്യാംപിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. വൈദിക ട്രസ്‌ററി ഫാ. ജോണ്‍സ്‌ ഏബ്രാഹാം കോനാട്ട്‌, ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ്‌ കുര്യന്‍ എന്നിവരാണ്‌ വൈസ്‌ ചെയര്‍മാന്‍മാര്‍. ഫാ. തോമസ്‌ ചകിരിയിലാണ്‌ ജനറല്‍ കണ്‍വീനര്‍, കെ.ജെ. ജോമോന്‍, ജിബിന്‍ കെ. ഓനാന്‍കുഞ്ഞ്‌ എന്നിവര്‍ ജോയിന്റ്‌ കണ്‍വീനര്‍മാര്‍.

വികാരിയുടെ സാക്ഷ്യപത്രവുമായി വേണം ക്യാംപില്‍ പങ്കെടുക്കുന്നവര്‍ എത്താന്‍..