Breaking News

Trending right now:
Description
 
Apr 08, 2013

സൗദിയില്‍നിന്നു മടങ്ങുന്ന 25000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന്‌ രവിപിള്ള

image സൗദിയില്‍ സ്വദേശിവത്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട 25000 മലയാളികള്‍ക്ക്‌ വിസയുടെ അടിസ്ഥാനത്തില്‍ തന്റെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്ന്‌ ആര്‍പി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ മാനേജിങ്‌ ഡയറക്ടര്‍ രവിപിള്ള പറഞ്ഞു. അവിടെ തന്നെ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്കാണ്‌ ഈ സൗകര്യമുണ്ടാവുകയുള്ളൂ. കേരളത്തിലേക്കു മടങ്ങുന്ന ആയിരം പേര്‍ക്ക്‌ സൗജന്യ ടിക്കറ്റ്‌ നല്‍കും. സൗദിയില്‍ മൂന്നുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന തന്റെ കമ്പനിയില്‍ 40000 ജീവനക്കാരുണ്ട്‌. ഗള്‍ഫില്‍ തൊഴില്‍സാധ്യത വര്‍ധിച്ചിട്ടുണ്ട്‌. തൊഴില്‍ നഷ്ടപ്പെട്ടവര്‍ നാട്ടിലേക്കു മടങ്ങുന്ന ഘട്ടത്തില്‍ വിമാനക്കമ്പനികള്‍ നിരക്കു വര്‍ധിപ്പിച്ചതിനെതിരെ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നും രവിപിള്ള ആവശ്യപ്പെട്ടു.

അതേസമയം സ്വദേശിവത്‌കരണവുമായി ബന്ധപ്പെട്ട നിതാഖാത്‌ നിയമം നടപ്പാക്കുന്നതില്‍ മൂന്നുമാസത്തെ സാവകാശം നല്‍കാനുള്ള സൗദിസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നു പ്രവാസി മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. ആറുമാസത്തെ പൊതുമാപ്പ്‌ നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളോട്‌ സൗദിസര്‍ക്കാരിന്റെ പരിഗണനയാണ്‌ നിയമം നടപ്പാക്കുന്നതിനു സാവകാശം അനുവദിച്ചത്‌-അദ്ദേഹം പറഞ്ഞു. ഇന്നു ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ട്‌ പ്രവാസിമലയാളികളുടെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കും.