Breaking News

Trending right now:
Description
 
Apr 07, 2013

സിഡ്‌നിയില്‍ സംഗീതപ്രതിഭ തെളിയിച്ച്‌ മലയാളികളുടെ അഭിമാനമായി നീതു

Vinod Mathai
image കാതങ്ങള്‍ക്ക്‌ അകലെ അന്യരാജ്യത്ത്‌ മലയാളത്തിന്റെ ഈണങ്ങളും സ്വപ്‌നങ്ങളുമായി പാട്ടിന്റെ പാലാഴി തീര്‍ത്ത്‌ നീതു വിസ്‌മയമാകുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ന്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന കലാകാരിയാണ്‌ നീതു.

സിഡ്‌നി റേഡിയോയിലെ മലയാളം പരിപാടിയിലെ നിറസാന്നിദ്ധ്യമായ നീതുവിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പാട്ടുകള്‍ സിഡ്‌നിമലയാളികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌. സംഗീത ഷോകളിലും മലയാളികളുടെ വിവിധ പരിപാടികളിലും നീതുവിന്റെ സപ്‌ത സ്വരങ്ങള്‍ തീര്‍ക്കുന്ന സംഗീതസാഗരം ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക്‌ ഇന്ന്‌ ചിരപരിചിതമാണ്‌..... ഒട്ടേറെ അംഗീകാരങ്ങള്‍ നീതുവിനെ തേടിയെത്തിയിട്ടുണ്ട്‌.

അഞ്ചാം വയസില്‍ ഗാനതപസ്യതുടങ്ങിയ നീതു ഉത്സവങ്ങളിലും പെരുന്നാളുകളിലും പാടി സംഗീത വിസ്‌മയം സൃഷ്ടിച്ചു. തൊടുപുഴയിലെ സ്വാതി സംഗീത കലാലയയുടെ ഡയറക്ടറായ മനോജ്‌ പത്മനാഭന്റെ കീഴില്‍ സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയ ഈ പ്രതിഭ യുവജനോത്സവങ്ങളിലും ഗാനകൈരളി മത്സരത്തിലും സമ്മാനം സ്വന്തമാക്കിയിട്ടുണ്ട്‌.

പിന്നീട്‌ 2008-ല്‍ മാതാപിതാക്കള്‍ക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയ നീതു തന്റെ സംഗീതത്തെയും കൂടെ കൂട്ടി. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴും നീതു ഇപ്പോഴും ഉമാ അയ്യറുടെ കീഴില്‍ സംഗീത പഠനം തുടരുന്നു.

ജാഫ്‌ന ഹിന്ദുകോളേജിലെ ഗേള്‍സ്‌ ആന്‍ഡ്‌ ബോയ്‌സ്‌ അസോസിയേഷന്റെ മലരും മലൈയും ഗീതാവാണി തുടങ്ങിയ അവാര്‍ഡുകളാണ്‌ നീതുവിന്റെ പാട്ടിന്‌ അംഗീകാരമായി എത്തിയത്‌


വിവിധ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും നീതുവിന്റെ സ്വരമാധുരി ഇന്ന്‌ ശ്രേദ്ധേയമാകുന്നു. അമേയ്‌സിംഗ്‌ സിംഗര്‍ ഓസ്‌ട്രേലിയ എന്ന സിഡ്‌നിയിലെ ആദ്യ മലയാളം റിയാലിറ്റി ടിവി ഷോയില്‍ റണ്ണര്‍ അപ്‌ ആയിരുന്നു നീതു.                                         


തൊടുപുഴയില്‍ നിന്ന്‌ ഓസ്‌ട്രേലിയയിലേക്ക്‌ കുടിയേറിയ സുരേഷ്‌- -ഷൈല ദമ്പതികളുടെ മകളാണ്‌ നീതു. സിഡ്‌നിയില്‍ മെഡിക്കല്‍ഫീല്‍ഡില്‍ ജോലി ചെയ്യുകയാണ്‌ പിതാവ്‌ സുരേഷ്‌; അമ്മ ഇവിടെ രജിട്രേഡ്‌ നഴ്‌സാണ്‌.