Breaking News

Trending right now:
Description
 
Apr 06, 2013

ക്ഷീണം അകറ്റാന്‍ സഹായിക്കുന്ന 'ലൂട്ടിയോളിന്‍' വരുന്നൂ

Seema Suresh
image ലൂട്ടിയോളിനെ അറിയുമോ? ഒരു സസ്യസംയുക്തമാണിത്‌.. പ്രായാധിക്യത്താല്‍ മസ്‌തിഷ്‌കത്തിനും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സംഭവിക്കാവുന്ന 'ക്ഷീണം' അകറ്റാന്‍ സഹായിക്കുന്ന ഒരൊറ്റമൂലിയാണ്‌ ലൂട്ടിയോളിന്‍. മസ്‌തിഷ്‌കത്തിനു സംഭവിക്കുന്ന പ്രകോപനജന്യമായ തന്മാത്രകളുടെ ഉത്‌പാദനം തന്നെ ഫലവത്തായി തടഞ്ഞുകൊണ്ടാണ്‌ ലൂട്ടിയോളിന്‍ ഇത്‌ സാധ്യമാക്കുന്നത്‌. കുരുമുളക്‌, അയമോദകം, പുതിന, റോസ്‌മേരി എന്നീ സുഗന്ധവിളകളെല്ലാം ലൂട്ടിയോളിന്‍ സമൃദ്ധമാണ്‌.

അങ്ങനെയെങ്കില്‍ ഈ സുഗന്ധവിളകളുടെ ന്യായമായ ഉപയോഗം നിത്യജീവിതത്തില്‍ ശീലിച്ച ഒരാള്‍ക്ക്‌ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ഓര്‍മ്മക്കുറവിന്‌ സാധ്യത താരതമ്യേന കുറയും എന്നാണ്‌ പുതിയ കണ്ടെത്തല്‍. നമ്മുടെ മസ്‌തിഷ്‌കത്തിലും സുഷ്‌മ്‌നാനാഡിയിലും മൈക്രോഗ്ലിയല്‍ കോശങ്ങള്‍ എന്നു പേരായ ഒരു പ്രത്യേകതരം കോശങ്ങളുണ്ട്‌. സവിശേഷപ്രതിരോധസ്വഭാവമാണ്‌ ഇവയുടെ പ്രത്യേകത. എന്തെങ്കിലും തരം രോഗബാധയുണ്ടായാല്‍ ഈ കോശങ്ങള്‍ ഉത്തേജിതമാകുകയും അവ 'സൈറ്റോകൈന്‍' ഉത്‌പാദിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന്‌ മസ്‌തിഷ്‌കത്തില്‍ രാസമാറ്റങ്ങളുടെ ഒരു പ്രവാഹം തന്നെയാണ്‌ നടക്കുക. ഇതാണ്‌ ഓര്‍മ്മക്കുറവ്‌, വിഷാദം, നിദ്രാരാഹിത്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നത്‌.

ഇല്ലിനോയിസ്‌ സര്‍വകലാശാലയിലെ റോഡ്‌നി ജോണ്‍സണ്‍ എന്ന ഗവേഷകനാണ്‌ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്‌. എന്നാല്‍ ലൂട്ടിയോളിന്‍ എന്ന സസ്യസംയുക്തത്തിന്റെ സാന്നിധ്യം ഇത്തരം പ്രകോപനപരമായ തന്മാത്രകളുടെ ഉത്‌പാദനം തന്നെ തടയുകയും അങ്ങനെ മസ്‌തിഷ്‌കത്തിന്റെ കാര്യകാരണ വിവേചനശേഷ അതേപടി നിലനിര്‍ത്തുകയും ചെയ്യുന്നു. മസ്‌തിഷ്‌കത്തിനുള്ളില്‍ കടന്നുകൂടിയാണ്‌ ലൂട്ടിയോളിന്‍ ഈ ശ്രമകരമായ പ്രവൃത്തി നടത്തുന്നത്‌. ലൂട്ടിയോളിന്‍ എന്ന പദാര്‍ത്ഥം നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിയാല്‍ അത്‌ ഓര്‍മ്മത്തെറ്റുകളില്ലാതെ മനുഷ്യനെ നേര്‍വഴിക്കുതന്നെ നയിക്കും.

സുഗന്ധവിളകളുടെ നേട്ടങ്ങളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തുകയാണ്‌ മാന്ത്രികനായ ലൂട്ടിയോളിന്‍.