Breaking News

Trending right now:
Description
 
Apr 05, 2013

ജര്‍മന്‍ എഴുത്തുകാരി റൂത്ത്‌ പ്രവര്‍ ജബ്‌വാല അന്തരിച്ചു

image ഇന്ത്യയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ജര്‍മന്‍ എഴുത്തുകാരി റൂത്ത്‌ പ്രവര്‍ ജബ്‌വാല (85) യുഎസിലെ മന്‍ഹാട്ടനില്‍ അന്തരിച്ചു. ബുക്കര്‍ സമ്മാനവും ഓസ്‌കര്‍ അവാര്‍ഡും സ്വന്തമാക്കിയ ഏക വ്യക്തിയാണു റൂത്ത്‌. ഇന്ത്യക്കാരനായ പാഴ്‌സി വാസ്‌തുശില്‍പി സൈറസ്‌ ജബ്‌വാലയെ വിവാഹം കഴിച്ച അവര്‍ രണ്ടു പതിറ്റാണ്ടിലധികം ഇന്ത്യയില്‍ താമസിച്ചു. ബുക്കര്‍ സമ്മാനം നേടിയ ഹീറ്റ്‌ ആന്‍ഡ്‌ ഡസ്‌റ്റ്‌ എന്ന നോവല്‍ അടക്കം നിരവധി രചനകള്‍ക്കു പ്രചോദനമായത്‌ ഇന്ത്യയിലെ അനുഭവങ്ങളായിരുന്നു. 1975ലാണു ബുക്കര്‍ നേടിയത്‌. എ റൂം വിത്ത്‌ എ വ്യൂ, ഹവാഡ്‌സ്‌ എന്‍ഡ്‌ എന്നീ ചലച്ചിത്രങ്ങളിലൂടെ അവലംബിത തിരക്കഥയ്‌ക്കുള്ള ഓസ്‌കര്‍ അവാര്‍ഡും നേടി. ഇ.എം. ഫോസ്റ്ററിന്റെ നോവലുകളെ അവലംബിച്ചാണ്‌ റൂത്ത്‌ തിരക്കഥകള്‍ ഒരുക്കിയത്‌. 19 നോവലുകളും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1948ല്‍ ബ്രിട്ടീഷ്‌ പൗരത്വം സ്വീകരിച്ച റൂത്ത്‌ 51ല്‍ ജബ്‌വാലയുമായുള്ള വിവാഹശേഷം ഇന്ത്യയില്‍ താമസമാരംഭിക്കുകയായിരുന്നു. 75ലാണ്‌ യുഎസിലേക്കു മാറിയത്‌. മൂന്നു പെണ്‍മക്കളുണ്ട്‌.