Breaking News

Trending right now:
Description
 
Apr 04, 2013

മാനഭംഗത്തിനു കടുത്ത ശിക്ഷ; നിയമം പ്രാബല്യത്തില്‍

image മാനഭംഗം അടക്കമുള്ള ലൈംഗിക അതിക്രമ കേസുകളില്‍ പ്രതികള്‍ക്കു വധശിക്ഷ വരെ നല്‍കാവുന്ന കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന സ്‌ത്രീപീഡന വിരുദ്ധ ബില്ലിനു രാഷ്‌ട്രപതി അംഗീകാരം നല്‍കി. സ്‌ത്രീകള്‍ക്കെതിരായ ആസിഡ്‌ ആക്രമണം, പിന്തുടര്‍ന്നു ശല്യംചെയ്യല്‍, ഒളിഞ്ഞുനോട്ടം തുടങ്ങിയ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. ലോക്‌സഭ മാര്‍ച്ച്‌ 19നും രാജ്യസഭ മാര്‍ച്ച്‌ 21നും ബില്ലിന്‌ അംഗീകാരം നല്‍കിയിരുന്നു. ഫെബ്രുവരി മൂന്നിനു പുറത്തിറക്കിയ ഓര്‍ഡിനന്‍സിനു പകരമാണു പുതിയ ബില്‍ കൊണ്ടുവന്നത്‌. ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്ത്യന്‍ എവിഡന്‍സ്‌ ആക്ട്‌, ക്രിമിനല്‍ നടപടിച്ചട്ടം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയാണു പുതിയ നിയമം തയാറാക്കിയത്‌. മാനഭംഗക്കേസുകളില്‍ കടുത്ത ശിക്ഷ പുതിയ നിയമം ഉറപ്പു വരുത്തുന്നു. മാനഭംഗത്തിന്‌ 20 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണു പുതിയ നിയമത്തിലുള്ളത്‌. അതു ജീവപര്യന്തം തടവാകാം. മാനഭംഗ കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ടയാള്‍ക്കു വധശിക്ഷ നല്‍കാം. ഈ നിയമപ്രകാരം ശല്യംചെയ്യല്‍ കേസില്‍ വീണ്ടും ഉള്‍പ്പെട്ടാല്‍ ജാമ്യം ലഭിക്കില്ല. വിവിധ വനിതാ സംഘടനകളുടെ ആവശ്യപ്രകാരമാണ്‌ ഇതുള്‍പ്പെടുത്തിയത്‌. ആസിഡ്‌ ആക്രമണക്കേസുകളില്‍ 10 വര്‍ഷം ജയില്‍ശിക്ഷ കിട്ടും. ആസിഡ്‌ ആക്രമണങ്ങളില്‍ ഇരകള്‍ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്‌. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18 വയസാക്കി. പുതിയ നിയമ പ്രകാരം, മാനഭംഗത്തിനോ ആസിഡ്‌ ആക്രമണങ്ങള്‍ക്കോ ഇരയാകുന്നവര്‍ക്ക്‌ ആശുപത്രികള്‍ പ്രാഥമിക ശുശൂഷയോ ചികിത്സയോ സൗജന്യമായി നല്‌കണം. ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തിയാല്‍ നടപടിയുണ്ടാകും.