Breaking News

Trending right now:
Description
 
Apr 03, 2013

മുഖ്യമന്ത്രി ഗൂഢലോചയില്‍ എങ്ങനെ പങ്കാളിയായി?

ജിജി ഷിബു
image

യാമിനി- ഗണേശന്‍ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്‌ മനുഷ്യത്വപരമെന്നാണ്‌ യുഡിഎഫ്‌ നേതാക്കള്‍ അവകാശപ്പെടുന്നത്‌. ഓണ്‍ലൈനിലെ പ്രമുഖരായ വനിതകള്‍ പോലും പറഞ്ഞത്‌ ഇതൊരു വെറും കുടുംബപ്രശ്‌നമാണെന്നാണ്‌. ഗാര്‍ഹിക പീഡനം മന്ത്രി മന്ദിരത്തിലായാല്‍ കുടുംബ പ്രശ്‌നവും പരസ്‌ത്രീ ബന്ധം ഭാര്യയുടെ കഴിവ്‌ കേടുമാകും. എന്നാല്‍ സാധാരണക്കാരനായാല്‍ ജാമ്യമില്ലാത്ത കുറ്റം. ഭാര്യയെ ബോറടിച്ച്‌ പരസ്‌ത്രീയെ തേടിപോയത്‌ പിടിച്ചാല്‍ വേശ്യവൃത്തിയ്‌ക്ക്‌ കേസ്‌. അപ്പോള്‍ ഈ വിഷയങ്ങള്‍ സാധാരണ കുടുംബപ്രശ്‌നമാണെങ്കില്‍ സര്‍ക്കാര്‍ ഗാര്‍ഹിക പീഡനം നിരോധന നിയമം എടുത്ത്‌ മാറ്റണം. 

ഇവിടെ മുഖ്യമന്ത്രിയെ കാണാന്‍ പരാതിയുമായി എത്തിയ യാമിനിയുടെ പരാതി സ്വീകരിക്കാതെ ഒത്തുതീര്‍പ്പിന്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌ കുടുംബങ്ങള്‍ ഒന്നിപ്പിക്കാനല്ല. അവര്‍ ഒത്തുതീര്‍പ്പിന്‌ തയാറാകാത്ത വിധം മാനസികമായി അകന്നിരുന്നു. പിന്നെ സ്വത്ത്‌ വിഭജനവുമായി ബന്ധപ്പെട്ടാണ്‌ ഒത്തുതീര്‍പ്പ്‌. അത്‌ മനുഷ്യത്വപരമാണോ.... വഴക്ക്‌ പറഞ്ഞ്‌ തീര്‍ക്കുമ്പോള്‍ മനുഷ്യത്വം എന്ന വാക്ക്‌ ഉപയോഗിക്കാം.

മുഖ്യമന്ത്രി ഈ ഔദാര്യം ഗണേശന്‌ കൊടുത്തത്‌ മന്ത്രി എന്ന നിലയിലാണ്‌. ആ വിഷയങ്ങള്‍ 30ന്‌ വരെ സാധാരണ കുടുംബപ്രശ്‌നമായാണ്‌ കേരള ജനത വീക്ഷിച്ചത്‌. എന്നാല്‍ യാമിനിയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ 31ന്‌ രാത്രിയിലും മുഖ്യമന്ത്രിയെ അവര്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം കാര്യം ശരിയാക്കാമെന്ന്‌ വാഗ്‌ദാനം നല്‌കിയ മുഖ്യമന്ത്രി ഗണേശന്‍ കേസിന്‌ പോവുകയാണെന്ന കാര്യം മറച്ചു വെച്ചു.

ഇവിടെ യാമിനിയാണ്‌ ആദ്യ പരാതിക്കാരിയെങ്കില്‍ അവരുടെ കയ്യിലിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിയ്‌ക്ക്‌ എതിരെ ജാമ്യമില്ലാ വകുപ്പ്‌ അനുസരിച്ച്‌ കേസാകും. സ്‌ത്രീ പീഡനക്കേസില്‍ മന്ത്രിയെ അറസ്റ്റ്‌ ചെയ്യാതിരിക്കാന്‍ അധികാര ദുര്‍വിനയോഗമാണ്‌ മുഖ്യമന്ത്രി ഇവിടെ നടത്തിയിരിക്കുന്നത്‌.

എന്നാല്‍ യാമിനി മര്‍ദ്ദിച്ചുവെന്ന്‌ കാണിച്ച്‌ ഗണേശന്‍ പരാതി കൊടുക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തിട്ട്‌ താന്‍ ഒരു തെറ്റു ചെയ്‌തിട്ടില്ല മനുഷ്യത്വപരമായി പെരുമാറിയെന്ന്‌ അവകാശപ്പെടുന്നത്‌ തീര്‍ച്ചയായും അപമാനകരമാണ്‌. അല്ലെങ്കില്‍ ഗണേശന്‍ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥയ്‌ക്ക്‌ സമ്മതിക്കുന്നില്ല അയാള്‍ കേസിന്‌ പോകാനാണ്‌ താല്‌പര്യപ്പെടുന്നതെന്നും അതിനാല്‍ നിങ്ങളുടെ പരാതി പോലീസിലോ എനിക്കോ തരൂവെന്ന്‌ പറയാന്‍ ആര്‍ജവത്വം കാണിച്ചിരുന്നുവെങ്കില്‍ കുറെക്കൂടി സ്വീകാര്യമാണ്‌ മുഖ്യമന്ത്രി ആദ്യം കാണിച്ച നിലപാട്‌. ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും സ്‌ത്രീകളോടുമുള്ള ആഅനാദരവാണ്‌ മുഖ്യമന്തിയുടെ ഈ നിലപാട്‌. 

മുഖ്യമന്ത്രി സ്വന്തം കസേര നിലനിര്‍ത്താന്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ കൂട്ടുനില്‌ക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.
മുഖ്യമന്ത്രി പെരുമാറിയത്‌ പോലെയാണ്‌ നാട്ടിലെ പൗര പ്രമുഖരും പല കുടുംബപ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നത്‌. അവസാനം കുറ്റക്കാര്‍ സ്‌ത്രീകളാകും. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അറിയാം അഴിമതി രഹിതനായ മന്ത്രിയുടെ അത്യാര്‍ത്തിക്കാരിയായ ഭാര്യയില്‍ നിന്ന്‌ പാവം മന്ത്രി വിവാഹമോചനം നേടുന്നു, മന്ത്രിയുടെ വിഷയമായതിനാല്‍ നാട്ടുകാര്‍ക്ക്‌ മുഴുവന്‍ ഇടപെട്ട്‌ അഭിപ്രായം പറയാന്‍ അവസരം ഉണ്ട്‌. സാധാരണ കുടുംബപ്രശ്‌നങ്ങളിലും സ്‌ത്രീ പരാതിയുമായി എത്തിയാല്‍ സാധാരക്കാര്‍ സ്വീകരിക്കുന്നത്‌ ഈ നിലപാടു തന്നെയാണ്‌. "ഹോ അവളെ സഹിക്കാന്‍ പറ്റില്ല കേട്ടോ, പാവം അവന്‍ വിവാഹ മോചനം നേടിയില്ലെങ്കിലേ അതിശയമുള്ളു". ഇതാണ്‌ സമൂഹത്തിന്റെ പൊതുനിലപാട്‌. മതവും രാഷ്ട്രീയവും സംസ്‌കാരവും ഇത്തരം നിലപാടാണ്‌ സ്വീകരിക്കുന്നത്‌. പുതിയ നിയമങ്ങള്‍ ഈ പൊതിഞ്ഞ്‌ കെട്ടലുകളില്‍ നിന്ന്‌ സ്‌ത്രീയെ പുറത്ത്‌ കൊണ്ടുവരുവാന്‍ ശ്രമിക്കുമ്പോള്‍ ഈ നിയമം നിര്‍മ്മിച്ചവര്‍ തന്നെ അത്‌ ലംഘിക്കുന്നതാണ്‌ കാണുന്നത്‌.

പിജെ കുര്യന്‍ വിഷയത്തിലും ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആ പെണ്‍കുട്ടിയെ അപമാനിക്കാനാണ്‌ സമൂഹം ശ്രമിച്ചത്‌. ഇവിടെയും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സ്‌ത്രീകള്‍ക്കു നേരെ നടക്കുന്ന ഇത്തരം മാനസിക ഒറ്റപ്പെടുത്തലുകളെയാണ്‌ നാം കാണേണ്ടത്‌. 

യാമിനി- ഗണേശ്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥ അനൗദ്യോഗികമായി ലീക്കാക്കി മന്ത്രിയുടെ പാവം ഇമേജ്‌ പദവി ഉയര്‍ത്തി. പിന്നീട്‌ പണം നല്‌കാതിരിക്കാന്‍ വളരെ ആസൂത്രിതമായി കോടതിയില്‍ പോവുകയും ചെയ്‌തു. ഇവിടെയെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം ഉണ്ട്‌. ഗണേശന്‍ മുഖ്യന്റെ ആശ്രിത വത്സലനാണല്ലോ. അന്‍പത്‌ ശതമാനത്തിലേറെ വരുന്ന സ്‌തീകളുടെ വിഷയങ്ങള്‍ മുഖ്യമന്ത്രി ഇത്തരത്തിലാണ്‌ കൈകാര്യം ചെയ്യുന്നതെങ്കില്‍ സ്‌ത്രീകളെ സംരക്ഷിക്കാന്‍ പുതിയ നിയമം ഇനിയും ഉണ്ടാക്കി അപമാനിക്കരുതെന്ന്‌ അപേക്ഷിക്കുന്നു. ഗണേശന്‍ അഴിമതി രഹിതനാണെന്നും അതിനാല്‍ അദ്ദേഹം എന്തു തെറ്റു ചെയ്‌താലും അങ്ങ്‌ മറക്കണമെന്ന്‌ ചിന്തിക്കാന്‍ മാത്രം നമ്മുടെ രാഷ്ട്രീയ ജീവിതം തരം താഴ്‌ന്നോ...? അതോ നമ്മുടെ ബാക്കി നേതാക്കന്മാര്‍ എല്ലാം അഴിമതിക്കാരാണോ...