Breaking News

Trending right now:
Description
 
Apr 03, 2013

പാവം ദൈവം, ഗണേശനും യാമിനിയ്‌ക്കും ജോര്‍ജിനുമിടയില്‍ നട്ടം തിരിയുമ്പോള്‍

image
എല്ലാം അറിയുന്നവന്‍ ദൈവം, പക്ഷേ കക്ഷിയുടെ നിസഹായവസ്ഥയാണ്‌ ഇന്നലെ സാംസ്‌കാരിക കേരളം കണ്ടത്‌. കാരണം ഗണേശന്റെ ജീവിതത്തിലെ ഒരേ ഒരു സാക്ഷിയാണ്‌ മേല്‍പ്പടിയാന്‍ ദൈവം.

താന്‍ നിരപരാധിയാണെന്ന്‌ തനിക്കും ദൈവത്തിന്‌ അറിയാമെന്നാണ്‌ ഗണേശന്‍ അവകാശപ്പെട്ടത്‌. 

ഡോക്ടര്‍ യാമിനി എന്നും അനാട്ടമി പഠനവും പോസ്‌റ്റ്‌മോര്‍ട്ടവും തന്റെ ശരീരത്ത്‌ പ്രാക്ടിക്കലായി നടത്തുമെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ കഷ്ടപ്പെട്ട്‌ സംസ്ഥാനത്തെ സേവിക്കുന്ന തന്നോട്‌ രാത്രിയില്‍ കാണിക്കുന്ന ഈ ക്രൂരത ദൈവം മാത്രമേ കാണുന്നുള്ളുവെന്നുമുള്ള ഗണേശന്റെ വാക്ക്‌ കേട്ടപ്പോള്‍ ഇടനെഞ്ച്‌ തകര്‍ന്നു പോയി..... ഭൂമിയിലെ ഏറ്റവും വലിപ്പമേറിയ ജിവിയായ ആനയെ കൊണ്ടുനടക്കുന്നത്‌ നീര്‍ക്കോലി പോലെയിരിക്കുന്ന ഒരു മനുഷ്യനാണല്ലോ...എന്നോര്‍ത്ത്‌ സമാശ്വസിച്ചു. ഭാര്യ മര്‍ദ്ദിച്ചു കഴിഞ്ഞാല്‍ അടുത്ത നടപടി ഒരു സിനിമ ഫോട്ടോഗ്രാഫറെ വരുത്തി ഗണേശന്‍ പടം എടുത്ത്‌ ആല്‍ബമാക്കും. പതിനാറു വര്‍ഷമായി ഇങ്ങനെ എടുത്ത ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ സിനിമാമന്ത്രി ലളിതകലാ അക്കാദമിയുടെ സഹായം തേടാനിരിക്കെയാണ്‌ ഈ ഫോട്ടോകള്‍ പുറത്തായത്‌.

ഭാര്യയുടെ മുമ്പില്‍ എലിയാണെങ്കിലും അഴിമതി എന്നുകേട്ടാല്‍ പുലിയാകുമത്രേ ഈ ഗണേശന്‍ നായര്‍ സാബ്‌. വൈകി വന്ന ആ രാത്രിയില്‍ പതിവ്‌ പോലെ യാമിനി മര്‍ദ്ദിക്കുയായിരുന്നത്രേ. ഇതിനിടയില്‍ യാമിനി പറഞ്ഞ ഏതോ മെഡിക്കല്‍ ടേം ഗണേശന്‌ തിരിഞ്ഞത്‌ അഴിമതിയെന്നാണ്‌. അദ്ദേഹത്തിലെ പുരുഷത്വം ഉണര്‍ന്നു. പിന്നെ ഇഞ്ചപ്രമാണം അടിച്ച്‌ അഴിമതിയുടെ കയ്യും കാലും ഒടിച്ചു. 

ഒരു അഴിമതി നാട്ടില്‍ നിന്ന്‌ ഓടിച്ചല്ലോ എന്ന നിര്‍വൃതിയോടെ ഗണേശന്‍ നിവര്‍ന്ന്‌ നിന്നു. പെട്ടെന്നാണ്‌ ആ നിലവിളി ചെവിയില്‍ പതിച്ചത്‌. തന്റെ ശരീരത്തില്‍ എന്നും അനാട്ടമി പഠനം നടത്താറുള്ള പാവം തങ്കച്ചിയുടെ ദീനരോദനം. 

തന്റെ നെഞ്ചത്ത്‌ കുച്ചിപ്പുടി നടത്താറുള്ള ആ പാദസ്വരം അണിഞ്ഞ പാദങ്ങളിലൂടെ രക്തം ഒഴുകുന്നു. തകര്‍ന്നു പോയി ആ വിനീത ദാസന്‍. കോപാകുലയായ യാമിനി സ്വത്ത്‌ മുഴുവന്‍ എഴുതി തരണമെന്നാവശ്യപ്പെട്ടു നേരെ മുഖ്യമന്ത്രിയെ കാണാന്‍ പോയി. ഗണേശന്‍ മുഖ്യമന്ത്രിയെ താന്‍ ലോക ക്ലാസിക്കാക്കുവാന്‍ കാത്തുവച്ചിരുന്ന, താനെന്നും ഏറ്റുവാങ്ങാറുള്ള മര്‍ദ്ദന ഫോട്ടോകള്‍ കാണിച്ചുകൊടുത്തു. സിനിമയിലെ ഹീറോയെ പോലെയുള്ള ഈ മനുഷ്യന്‍ വെറും സീരിയല്‍ നായകനെ പോലെയാണല്ലോ ജീവിച്ചിരുന്നതെന്നോര്‍ത്ത്‌ മുഖ്യനും ഇന്റലിജന്‍സും ഒരുപോലെ പൊട്ടിക്കരഞ്ഞു.

മുഖ്യന്‍ യാമിനിയെ വിളിച്ച്‌ ഉപദേശിച്ചു. ഡൈവോഴ്‌സ്‌ നടത്തിയാല്‍ മകളെ, നിനക്ക്‌ മക്കളെ കിട്ടുമായിരിക്കും. സ്വത്ത്‌ കിട്ടുമായിരിക്കും, പക്ഷേ മര്‍ദ്ദിക്കാന്‍ ഏതൊരു പെണ്ണിനും അസൂയ തോന്നുന്ന ഇതുപോലൊരു ഭര്‍ത്താവിനെ കിട്ടുമോ? രാത്രിയില്‍ കൈത്തരിപ്പ്‌ തീര്‍ക്കാന്‍, ശരീര ഭാരം കുറയ്‌ക്കാന്‍ എക്‌സര്‍സൈസ്‌ ചെയ്യാന്‍ ഉപയോഗപ്പെടുന്ന ഈ ഭര്‍ത്താവ്‌ ഭാഗ്യമാണ്‌, ഭാഗ്യം. അങ്ങനെ ഗണേശന്റെ സത്യമറിയാവുന്ന രണ്ടേ രണ്ട്‌ വൃക്തികളാണ്‌ ഈ ഭൂമുഖത്ത്‌ ഉണ്ടായിരുന്നത്‌. ഒന്ന്‌ ദൈവവും മറ്റേത്‌ മുഖ്യനും.

ഗണേശന്‍ പാവം യാമിനിയുടെ കാല്‌ തല്ലിയൊടിച്ചത്‌ പിസി ജോര്‍ജ്‌ അച്ചായന്‍ അറിഞ്ഞു. അച്ചായനാണെങ്കില്‍ സത്യം പറയുന്ന ദീനക്കേട്‌ ഉണ്ട്‌. ഒള്ളത്‌ ഒള്ളതുപോലെ പറയും, അതു പാലാക്കാരുടെ ഒരു ദീനമാ കേട്ടോ. അതൊരു പാരമ്പര്യ രോഗമാണത്രേ...

രാത്രിയില്‍ വനം സംരക്ഷണത്തിന്‌ ഇറങ്ങുന്ന ഗണേശന്‍ വനം സംരക്ഷണത്തിനല്ല, മോഹിനിയാട്ടം പഠിപ്പിക്കാന്‍ പോകുകയാണെന്നും ജോര്‍ജ്‌ അച്ചായന്‍ പറഞ്ഞു

പിന്നെ പുകില്‍ എന്തായിരുന്നു. മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍ ഏല്ലാവരും കൂടി അച്ചായന്റെ നാക്കേല്‍ ചട്ടുകം വെച്ച്‌ പഴുപ്പിച്ചില്ലേ. എല്ലാം കാണുന്നവന്‍ ദൈവം. എന്തോരും അഭിപ്രായം പറയേണ്ട നാക്കാ... കമാന്ന്‌ ഒരക്ഷരം ഇതുവരെ മിണ്ടിയോ? അവസാനം പറഞ്ഞു ദൈവം വലിയവനാ... കൂടെ നില്‌ക്കും എന്ന്‌. 

താന്‍ പറഞ്ഞത്‌ സത്യമാണെന്ന്‌ ദൈവം ബോധ്യപ്പെടുത്തിയെന്നാണ്‌ ജോര്‍ജ്‌ അച്ചായന്‍ മൊഴിഞ്ഞത്‌. ദൈവം വലിയവനാണെന്നും ജോര്‍ജ്‌ അച്ചായന്‍ ഒരു സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു. ദൈവത്തിന്‌ ഖപ്പൊന്നും കിട്ടിയില്ല. 

ഈ നാട്ടില്‍ പോലീസെന്തിനാണ്‌, അരിയെന്തിനാണ്‌, ഇതൊക്കെ ദൈവത്തിന്റെ പണിയല്ലേ... എന്തായാലും മന്ത്രിമാരുടെ സത്യം പോലും തെളിയിക്കാന്‍ ദൈവത്തിനേ കഴിയൂ. അപ്പോള്‍ നാട്ടില്‍ പീഡിപ്പിക്കപ്പെടുന്ന പാവം പുരുഷന്മാരെ...നിങ്ങളുടെ കാര്യം ഹാ കഷ്ടം. നിങ്ങളുടെ സത്യം തെളിയിക്കാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിച്ചുക്കൊണ്ട്‌ ഏഴ്‌ എംഎല്‍എമാര്‍ ചേര്‍ന്ന്‌ ആലപിച്ച ഈ ഗാനം ഡെഡിക്കേറ്റ്‌ ചെയ്യുന്നു.