Breaking News

Trending right now:
Description
 
Apr 02, 2013

ബഹിരാകാശത്തുനിന്ന്‌ ഇന്ത്യ മുഴുവന്‍ കണ്ട സുനിത ഡല്‍ഹിയില്‍

image ബഹിരാകാശത്തുനിന്ന്‌ ഇന്ത്യ മുഴുവനും കണ്ട ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസ്‌ അഞ്ചുവര്‍ഷത്തിനുശേഷമാണ്‌ ഇന്ത്യയിലെത്തിയത്‌. ബഹിരാകാശ യാത്ര ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്ന കാര്യമായിരുന്നില്ലെന്ന്‌ ഡല്‍ഹി നാഷനല്‍ സയന്‍സ്‌ സെന്ററിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ സുനിത പറഞ്ഞു. ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പോകാനുണ്ട്‌. ഹിമാലയത്തില്‍ പോകാന്‍ ഇഷ്ടപ്പെടുന്നു. ഈ സന്ദര്‍ശനത്തില്‍ കിഴക്കേ ഇന്ത്യയിലേക്കു പോകാനാണ്‌ ഏറെ താത്‌പര്യം. അവിടെ ഒരിക്കലും പോയിട്ടില്ല. ബഹിരാകാശ യാത്രയില്‍ വായിക്കാനായി താന്‍ ഉപനിഷത്തുകളുടെയും ഭഗവദ്‌ഗീതയുടെയും കോപ്പികള്‍ കൊണ്ടുപോകാറുണ്ടെന്നു സുനിത പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമാണോയെന്ന ചോദ്യത്തിന്‌, ബഹിരാകാശ യാത്രയില്‍ സമോസ കൊണ്ടുപോയിരുന്നുവെന്നായിരുന്നു മറുപടി. ബഹിരാകാശ യാത്രയെക്കുറിച്ചും മറ്റുമുള്ള ചോദ്യശരങ്ങള്‍കൊണ്ടു വിദ്യാര്‍ഥികള്‍ സുനിതയെ നേരിട്ടു. 2003ല്‍ കൊളംബിയ അപകടത്തില്‍ കൊല്ലപ്പെട്ട കല്‍പ്പനാ ചൗളയെക്കുറിച്ചും വിദ്യാര്‍ഥികള്‍ ചോദിച്ചു. ഭാവിയില്‍ ആര്‍ക്കും ഇത്തരം ദുരന്തമുണ്ടാകരുതെന്നാണു പ്രാര്‍ഥനയെന്നു സുനിത പറഞ്ഞു. ആദ്യ ബഹിരാകാശ യാത്രയില്‍ ഉത്‌കണ്‌ഠയുണ്ടായിരുന്നുവെന്നും പിന്നീട്‌ യാത്രകള്‍ ആസ്വദിച്ചുതുടങ്ങിയെന്നും അവര്‍ പറഞ്ഞു. 

ഈ തലമുറയിലെ വിദ്യാര്‍ഥികളെക്കുറിച്ച്‌ തനിക്ക്‌ അഭിമാനമുണ്ടെന്നു സുനിത വില്യംസ്‌ പറഞ്ഞു. തന്റെ വിജയത്തിനു പിന്നില്‍ കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ തവണയും ഏറ്റവും കൂടുതല്‍ സമയവും ബഹിരാകാശത്ത്‌ നടന്നതിന്റെ ലോക റിക്കാര്‍ഡ്‌ സുനിത വില്യംസിനാണ്‌. ഏഴു യാത്രകളിലായി മൊത്തം 50 മണിക്കൂര്‍ 40 മിനിറ്റ്‌ സുനിത ബഹിരാകാശത്തു ചെലവഴിച്ചു. രണ്ടു ദൗത്യങ്ങളിലായി 322 ദിവസം ബഹിരാകാശത്തു താമസിച്ചിട്ടുണ്ട്‌. ഗുജറാത്തിലെ അഹമ്മദാബാദ്‌ സ്വദേശിയാണു സുനിത വില്യംസിന്റെ പിതാവ്‌. അമേരിക്കയിലെ ഒഹായോയില്‍ 1965 സെപ്‌റ്റംബര്‍ 19നാണു സുനിതയുടെ ജനനം. സ്ലൊവേനിയക്കാരിയാണു സുനിതയുടെ അമ്മ.