Breaking News

Trending right now:
Description
 
Apr 02, 2013

പ്രവാസികളുടെ പ്രശ്‌നപരിഹാരം തേടി വയലാര്‍രവിയും അഹമ്മദും സൗദിയിലേക്ക്‌

image സൗദി അറേബ്യയിലെ സ്വദേശിവത്‌കരണവുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നത്തിനു രമ്യമായ പരിഹാരം തേടി പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും സൗദിയിലേക്ക്‌. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഇന്നലെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി താനും അഹമ്മദും ഇന്നു ചര്‍ച്ച നടത്തി സൗദി യാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുമെന്നു വയലാര്‍ രവി പറഞ്ഞു. സൗദിയിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നം മാനുഷികമായി പരിഹരിക്കണമെന്നു സൗദി ഭരണാധികാരികളോട്‌ അഭ്യര്‍ഥിച്ചു പ്രശ്‌ന പരിഹാരത്തിനാണു ശ്രമിക്കുന്നതെന്നു ചര്‍ച്ചയ്‌ക്കുശേഷം രവിയും അഹമ്മദും പറഞ്ഞു. സൗദിയിലെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിവരുന്നവരുടെ യാത്രച്ചെലവുകള്‍ പ്രവാസി ക്ഷേമനിധിയില്‍ നിന്നു ചെലവഴിക്കും. പ്രാവസികാര്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ ദമാമില്‍ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്‌. ദമാമിലെ കേന്ദ്രത്തില്‍ ഉദ്യോഗസ്ഥന്റെ സേവനം ഉറപ്പാക്കുമെന്ന്‌ ഇ. അഹമ്മദും പറഞ്ഞു.ഇതേസമയം, സൗദിയിലേക്കുള്ള പ്രതിനിധി സംഘത്തെ സംബന്ധിച്ചു തര്‍ക്കം ശേഷിക്കുന്നുവെന്ന സംശയമാണു ഇന്നലെ രാത്രി മന്ത്രിമാരുടെ യോഗത്തിനു ശേഷം പ്രകടമായത്‌. സംഘത്തില്‍ ആരൊക്കെയുണ്ടാകണമെന്നു പ്രധാനമന്ത്രിയാണു തീരുമാനിക്കേണ്ടതെന്നും വിദേശകാര്യമന്ത്രി ഖുര്‍ഷിദുമായി ഇന്നു നടത്തുന്ന ചര്‍ച്ചയ്‌ക്കുശേഷം തീരുമാനിക്കുമെന്നും അഹമ്മദ്‌ പറഞ്ഞു. സൗദി അറേബ്യയിലേക്കുള്ള സംഘത്തെ വയലാര്‍രവിയും അഹമ്മദും നയിക്കും. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ ഇവരെ കൂടാതെ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌, ശശി തരൂര്‍ എന്നിവരും പ്രവാസികളുടെ പ്രശ്‌നത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ. നായര്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി എന്നിവരും പങ്കെടുത്തു.