Breaking News

Trending right now:
Description
 
Apr 01, 2013

മന്ത്രി ഗണേഷ്‌കുമാര്‍ രാജിവച്ചു

image വനം മന്ത്രി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി പത്രസമ്മേളനം നടത്തി മണിക്കൂറുകള്‍ക്കകം ഗണേഷ്‌ കുമാര്‍ രാജിവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യപ്രകാരമായിരുന്നു രാജി. അര്‍ധരാത്രിയോടെ ക്ലിഫ്‌ ഹൗസിലെത്തിയാണ്‌ മന്ത്രി രാജിക്കത്ത്‌ കൈമാറിയത്‌. മന്ത്രിയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ഇന്ന്‌ ഗവര്‍ണര്‍ക്ക്‌ രാജികത്ത്‌ കൈമാറും. ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ്‌ മുഖ്യമന്ത്രി ഗണേഷിന്റെ രാജി ആവശ്യപ്പെട്ടത്‌. മുതിര്‍ന്ന ഘടകകക്ഷി നേതാക്കളായ കെ.എം.മാണിയുമായും കുഞ്ഞാലിക്കുട്ടിയുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഗണേഷിനെതിരേ യാമിനി പരാതി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്ന്‌ അന്വേഷണം നേരിടുന്നത്‌ ഉചിതമാകില്ലെന്ന്‌ അഭിപ്രായം ഉയര്‍ന്നു. ഗുരുതരമായ കുറ്റങ്ങളാണ്‌ മന്ത്രിക്കെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്‌. അറസ്‌റ്റ്‌്‌ വരെ ഉണ്‌്‌ടാകാവുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. അതുകൊണ്ടു തന്നെ മന്ത്രി രാജി വയ്‌ക്കുകയാണ്‌ ഉചിതമെന്ന്‌ ഘടകകക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും ഇതിനോടു യോജിച്ചതോടെ ഗണേഷിന്റെ രാജി അനിവാര്യമായി.

മുന്‍പ്‌ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ഗണേഷ്‌ രാജിസന്നദ്ധത അറിയിച്ചിരുന്നതാണ്‌. യാമിനി തങ്കച്ചി രേഖാ മുലം പരാതി നല്‍കിയ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ഇപ്പോള്‍ രാജി ആവശ്യപ്പെട്ടത്‌. മുന്‍പ്‌ പ്രതിപക്ഷം രാജി ആവശ്യപ്പെട്ട്‌ ബഹളം വച്ചപ്പോള്‍ രേഖാമൂലം ഗണേഷിനെതിരേ ആരും പരാതി നല്‍കിയിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. യാമിനിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചതോടെ ഈ വാദത്തിനു പ്രസക്തിയില്ലാതായി. ഘടകകക്ഷി നേതാക്കളും ഗണേഷ്‌ രാജിവയ്‌ക്കുന്നതാണ്‌ ഉചിതമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.

യാമിനി തങ്കച്ചി നടത്തിയ പത്രസമ്മേളനമാണ്‌ ഗണേഷിന്റെ രാജിയില്‍ കലാശിച്ചത്‌. 16 വര്‍ഷമായി ഗണേഷ്‌ തന്നെ പീഡിപ്പിക്കുകയാണെന്നും അവിഹിത ബന്ധം ചോദ്യം ചെയ്‌തതിന്‌ ക്രൂരമായി മര്‍ദിച്ചുവെന്നും യാമിനി ആരോപിച്ചിരുന്നു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെയും യാമിനിതങ്കച്ചി ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നാണ്‌ യാമിനി പറഞ്ഞത്‌. താന്‍ അച്ഛനെപ്പോലെ കരുതിയിരുന്ന ആളാണ്‌ മുഖ്യമന്ത്രി. നേരത്തെ നല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്നും വായിക്കാന്‍പോലും തയാറായില്ലെന്നും യാമിനി ആരോപിച്ചു. ചര്‍ച്ചകളില്‍ക്കൂടി പ്രശ്‌നം പരിഹരിക്കാമെന്നുറപ്പു നല്‍കിയെങ്കിലും ഒന്നും ഉണ്ടായില്ല. ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ പറഞ്ഞകാര്യങ്ങള്‍ ശരിയാണെന്നും യാമിനി പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. ഇതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട്‌ ഗണേഷ്‌ രാജിവയ്‌ക്കില്ലെന്നു വ്യക്തമാക്കിയിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടതോടെ അര്‍ധരാത്രിയില്‍ ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ കണ്ട്‌ രാജികത്ത്‌ കൈമാറുകയായിരുന്നു.