Breaking News

Trending right now:
Description
 
Apr 01, 2013

അര്‍ബുദ രോഗ മരുന്ന്‌: നോവാര്‍ട്ടീസിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി

image
ന്യുഡല്‍ഹി: അര്‍ബുദത്തിനുള്ള മരുന്നിന്റെ പേന്റന്റിനു വേണ്ടി സ്വിസ്‌ കമ്പനിയായ നൊവര്‍ട്ടീസ്‌ നല്‌കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എട്ടു വര്‍ഷം മുമ്പാണ്‌ ക്യാന്‍സര്‍ മരുന്നിന്റെ പേറ്റന്റ്‌ അവകാശപ്പെട്ട്‌ കമ്പനി കോടതിയെ സമീപിച്ചത്‌. കമ്പനിയുടെ നീക്കത്തിന്‌ എതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഈ വിധി വന്നതോടെ ക്യാന്‍സര്‍ മരുന്ന്‌ വില സാധാരണ രോഗികള്‍ക്ക്‌ താങ്ങാന്‍ സാധിക്കുന്ന രീതിയില്‍ ഒതുങ്ങി നില്‌ക്കും. രക്താര്‍ബുദ മരുന്നിന്റെ പേറ്റന്റിനാണ്‌ കഴിഞ്ഞ എട്ടുുവര്‍ഷമായി കമ്പനി ശ്രമിച്ചിരുന്നത്‌. നേരത്തെ ചെന്നൈ കോടതി പേറ്റന്റിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഗ്ലീവെക്‌ എന്ന പേരിലാണ്‌ ഈ മരുന്ന്‌ ആഗോള വിപണിയില്‍ ഇറക്കുന്നത്‌. ഇതിന്‌ ലോക വിപണിയില്‍ 2600 ഡോളറാണ്‌ ചിലവു വരുന്നത്‌. ഇതിന്റെ ജനിറ്റിക്‌ മരുന്നുകള്‍ക്ക്‌ 175 രൂപ മാത്രമാണ്‌ ചിലവു വരുന്നത്‌.

ഗ്ലീവെക്‌ എന്ന പേരില്‍ ഇറക്കുന്ന മരുന്നിനു വേണ്ടി 1993ല്‍ പേറ്റന്റ്‌ നേടിയ കമ്പനി ചില ചെറിയ വ്യതിയാനങ്ങള്‍ വരുത്തി 2006യില്‍ വീണ്ടും പേറ്റന്റിനായി ശ്രമിച്ചു. എന്നാല്‍ ഇന്ത്യയിലെ പരിഷ്‌കരിച്ച പേറ്റന്റ്‌ നിയമം അനുസരിച്ച്‌ പരിഷ്‌കരിച്ച മരുന്നിന്‌ പേറ്റന്റ്‌ നല്‌കേണ്ട കാര്യമില്ല. ഈ നിയമം അനുസരിച്ചാണ്‌ കമ്പനിയുടെ ആവശ്യം കോടതി തള്ളിയത്‌.