Breaking News

Trending right now:
Description
 
Oct 02, 2012

മാര്‍ ജേക്കബ്‌ മുരിക്കന്‍ അഭിഷിക്തനായി; ഇത്‌ ചരിത്രനിമിഷം

image കോട്ടയം: പാ ലാ രൂപതയുടെ സഹായമെത്രാനും ഇറ്റലിയിലെ തീനീസ്‌ രൂപതയുടെ സ്ഥാനിക മെത്രാനുമായി മാര്‍ ജേക്കബ്‌ മുരിക്കന്‍ അഭിഷിക്തനായി. സഭാ പിതാക്കന്‍മാരും ആയിരക്കണക്കിനു വൈദികരും സന്യസ്‌തരും പതിനായിരക്കണക്കിനു വിശ്വാസികളും തിങ്ങിനിറഞ്ഞ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം തയറാക്കിയ പന്തലിലായിരുന്നു അഭിഷേക ച്ചടങ്ങ്‌. വിശ്വാസി ഹൃദയങ്ങളില്‍ ഭക്തിയും വിശുദ്ധിയും നിറച്ച തിരുക്കര്‍മങ്ങള്‍ക്ക്‌ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പേപ്പല്‍ പതാകകളും തോരണങ്ങളുംകൊണ്ട്‌ അലംകൃതമായ നഗരവീഥിയിലൂടെ അനേകായിരങ്ങളുടെ കൂപ്പുകരങ്ങളെ സാക്ഷിയാക്കി തിങ്കളാഴ്‌ച1.45-ന്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ സെന്റ്‌ തോമസ്‌ കത്തീഡ്രലിലെത്തി. സീ റോ മലബാര്‍, മലങ്കര, ലത്തീന്‍ സഭകളിലെ പിതാക്കന്‍മാരും അകമ്പടിയുണ്ടായിരുന്നു. തിരുവസ്‌ത്രങ്ങളണിഞ്ഞ നാനൂറിലേറെ വൈദികരുടെയും നാല്‌പതോളം പിതാക്കന്‍മാരുടെയും പിന്നിലായി നിയുക്ത ബിഷപ്‌ തിരുക്കര്‍മങ്ങള്‍ക്കായി അള്‍ത്താരയിലേക്ക്‌ ആനയിക്കപ്പെട്ടു. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ആമുഖ സന്ദേശം നല്‍കി. മാര്‍ ജേക്കബ്‌ മുരിക്കനെ പാലാ രൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കല്‌പന ചാന്‍സലര്‍ റവ. ഡോ. ജോ സ്‌ കാക്കല്ലിലും മലയാളം പരിഭാ ഷ വൈസ്‌ ചാന്‍സലര്‍ ഫാ. ജോര്‍ജ്‌ കിഴക്കേ അരഞ്ഞാണിയും വായിച്ചു. തുടര്‍ന്നു തിരുകര്‍മങ്ങളിലും അജപാലന ശുശ്രൂഷയിലും സ്വര്‍ഗീയ മധ്യസ്ഥരുടെ അനുഗ്രഹം തേടി നിയുക്തമെത്രാന്‍ പവിത്രമായ അള്‍ത്താരയില്‍ സൂക്ഷിക്കപ്പെടുന്ന തിരുശേഷിപ്പു വണങ്ങി. പ്രധാന കാര്‍മികരെയും സഭാ പിതാക്കന്‍മാരെയും അജഗണങ്ങളെയും സാക്ഷികളാക്കി കത്തോലിക്കാസഭയിലുള്ള വിശ്വാസപ്രഖ്യാപനവും വിധേയത്വപ്രതിജ്ഞയും അദ്ദേഹം മുട്ടുകുത്തി ഏറ്റുചൊല്ലി. തുടര്‍ന്നു വിശുദ്ധഗ്രന്ഥത്തില്‍ വലതുകരംവച്ചു സക്രാരിക്കു മുന്നില്‍ ശിരസു നമിച്ചു സഭാ നേതൃത്വത്തോടു വിധേയത്വം പ്രഖ്യാപിച്ചു. കൈവയ്‌പു പ്രാര്‍ഥനകള്‍ക്കുശേഷം ഇടയശുശ്രൂഷയുടെയും മെത്രാന്‍ പദവിയുടെയും സ്ഥാനികചിഹ്നങ്ങളായ തൊപ്പിയും അംശവടിയും ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം നിയുക്ത സഹായ മെത്രാനെ അണിയിച്ചു. `തന്റെ അജഗണങ്ങളെ മേയിക്കാന്‍ അങ്ങയെ തെരഞ്ഞെടുത്ത മിശിഹാ അന്ത്യംവരെ അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്നതിന്‌ അങ്ങയെ ശക്തനാക്കട്ടെ' എന്ന പ്രാര്‍ഥനയോടെ അഭിഷേകകര്‍മങ്ങള്‍ പൂര്‍ത്തിയായി. സഭാ പിതാക്കന്‍മാര്‍ നവ ഇടയന്‌ സ്‌നേഹചുംബനം നല്‍കി ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ ജേക്കബ്‌ മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിമധ്യേ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ വചനസന്ദേശം നല്‍കി.