Breaking News

Trending right now:
Description
 
Mar 30, 2013

കുംഭകുലുക്കി വരുന്നുണ്ടേ, കേരളത്തിലെ ആണുങ്ങള്‍...

റോസ്‌മേരി ഫ്രാന്‍സിസ്‌, ഹെല്‍ത്ത്‌ മെന്റര്‍
image
ആയൂരാരോഗ്യം


"ദേ, ലോകം ഇടിഞ്ഞു വീഴുന്നേ..." എന്ന്‌ വിളിച്ചു പറഞ്ഞാല്‍ ആളുകളുടെ പ്രതികരണം എങ്ങനെയിരിക്കും? കുറേ പേര്‍ ഇറങ്ങി ഓടും. കുറെ പേര്‍ വരുന്നിടത്തു വച്ചു കാണാം എന്നു പറയും.

ആരോഗ്യത്തിന്റെ കാര്യത്തിലും കഥ ഇതുതന്നെ. ചിലര്‍ ഉടന്‍ ഇറങ്ങി പുറപ്പെടും. ഓട്ടവും നടപ്പും എക്‌സര്‍സൈസും ഡയറ്റിംഗും എല്ലാം ജില്‍ ജില്‍. ആരംഭ ശൂരത്വം എന്നുതന്നെ പറയാം. ഒരു മാസം കഴിയുമ്പോള്‍ ഇതൊക്കെ മറക്കും. ഉന്തിത്തള്ളി മൂന്നു മാസം ഓടിച്ചാല്‍ ഭാഗ്യം.


ചിലര്‍ കഠിന വ്യായായമങ്ങള്‍ തുടരും. നിശ്ചയദാര്‍ഢ്യമുള്ളവര്‍. മറ്റൊരു കൂട്ടര്‍ വരുന്നിടത്തു വച്ചു കാണാം എന്നു കരുതുന്നവരാകും. ഇവര്‍ ശരിക്കും മടിയന്മാരാണ്‌. കല്ലിനു കാറ്റു പിടിച്ചപോലെയാണ്‌ സ്വഭാവം. രോഗിയായിട്ടു മരുന്നോ വ്യായായമോ ഒക്കെ ആകാം എന്നാണ്‌ ഭാവം. രോഗം വരുന്നതുവരെ വായ്‌ക്കു രുചിയുള്ളതു തിന്നു ജീവിക്കാം എന്നാണ്‌ ഇവര്‍ കരുതുന്നത്‌. തിന്നു കൂട്ടുന്നത്‌ രോഗത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നും ശരീരത്തെ നശിപ്പിക്കുമെന്നുമൊന്നും അവര്‍ക്കു കരുതുന്നില്ല.

പുതിയ ലോകത്ത്‌ രോഗങ്ങള്‍ കൂടുതലാണോ? പത്തു പേര്‍ മരിക്കുന്നതില്‍ രണ്ടോ മൂന്നോ പേര്‍ക്കെങ്കിലും കാന്‍സറായിരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ആരും ഞെട്ടാറില്ല. കിഡ്‌നി തകരാര്‍, ഹൃദയസ്‌തംഭനം, സ്‌ട്രോക്ക്‌ - എന്നു വേണ്ട കഠിന രോഗങ്ങള്‍ പരക്കെയുണ്ട്‌. ഇതൊക്കെ പണ്ടില്ലായിരുന്നല്ലോ എന്നു വേവലാതിപ്പെടേണ്ട. പുതിയ പുതിയ രോഗങ്ങള്‍ വന്നുകൂടുന്നതിനു കാരണങ്ങള്‍ പലതാണ്‌. നമ്മുടെ കൈയിലിരുപ്പ്‌ തന്നെ പ്രധാന കാരണം.

പുതിയ ലോകത്തിന്റെ രീതികള്‍തന്നെ രോഗങ്ങളെ വിളിച്ചുവരുത്തുന്നതാണ്‌. പണ്ടൊക്കെ പത്തുമണിക്ക്‌ ഒരു പറ അരിയുടെ ചോറ്‌ കാന്താരി മുളക്‌ കൂട്ടിക്കഴിക്കുമെന്നു പറയുന്ന പണിക്കാര്‍ അദ്ധ്വാനിക്കുന്നതിനു കൈയും കണക്കുമുണ്ടായിരുന്നോ? അവര്‍ക്കു വച്ചുവിളമ്പിയിരുന്ന അമ്മച്ചിമാരുടെ കാര്യവും എടുത്തു പറയണം. വീട്ടില്‍ എത്ര പണിക്കാര്‍ ഉണ്ടെന്നു പറഞ്ഞാലും അന്നത്തെ വീട്ടമ്മമാര്‍ക്കു പണിക്കു കുറവൊന്നുമുണ്ടായിരുന്നില്ല.

മുറ്റമടിക്കാനും തേങ്ങ പൊതിക്കാനും ചിരണ്ടാനും നെല്ലു പാറ്റാനും കുത്താനും അരിയിടിക്കാനും വിറകുകോതാനും ചക്കയൊരുക്കാനും എന്നുവേണ്ട പണ്ടത്തെ പണികളൊക്കെ നല്ല ദേഹാദ്ധ്വാനമുള്ളതായിരുന്നു. വല്യമ്മച്ചിമാര്‍പോലും എത്ര മൈല്‍ വേണമെങ്കിലും നടക്കാന്‍ മടിയില്ലാത്തവര്‍. ഇന്ന്‌ ട്രെഡ്‌മില്ലില്‍ ഒരു മണിക്കൂര്‍ അദ്ധ്വാനിക്കുന്നതിന്റെ ഇരട്ടി ശരീരമിളക്കുന്ന പണികള്‍. അതൊന്നും അദ്ധ്വാനമാണെന്നു തോന്നി ചെയ്യുന്നതല്ല താനും.

പണ്ടുകാലത്തെ ആഹാരരീതികള്‍ എടുത്തു പറയണം. ചോറായിരുന്നു പ്രധാന ആഹാരം എങ്കിലും കറികള്‍ തനി നാടനായിരുന്നു. വിഷമയമില്ലാത്ത മീനും പച്ചക്കറികളുമായിരുന്നു പ്രധാന കറികള്‍. അല്ലെങ്കില്‍ അച്ചാറോ ചമ്മന്തിയോ കാന്താരി മുളക്‌ അടച്ചേറ്റിയില്‍ ഞെരടി പച്ചവെളിച്ചെണ്ണയൊഴിച്ചതോ ആകും കൂട്ടാന്‍. ഇറച്ചി ആഴ്‌ചയില്‍ ഒന്നോ രണ്ടാഴ്‌ചയില്‍ ഒരിക്കലോ മാത്രമേ കഴിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ദുര്‍മേദസ്‌ അടിയാന്‍ തക്ക രീതിയിലായിരുന്നില്ല ആഹാരരീതി. ശരീരം വിയര്‍ത്ത്‌ പണിയെടുക്കുകയും ഓടിനടക്കുകയും ചെയ്യുന്നവര്‍ക്ക്‌ ശരീരം കണ്ടമാനം ചീര്‍ക്കാതിരുന്നതിനു കാരണവും ഇതുതന്നെ. അതുകൊണ്ടുതന്നെ രോഗങ്ങളൊക്കെ പടിക്കു പുറത്തു നിന്നു.

പുതിയ ലോകത്ത്‌ രോഗസാധ്യതകള്‍ കൂടുതലാണ്‌. ഇരിപ്പുതന്നെ ഇരിപ്പ്‌ എന്നതാണ്‌ രോഗം വിരുന്നു വരാന്‍ ഒരു കാര്യം. ജോലികളെല്ലാം അത്തരത്തിലായി പോയി.

ഭക്ഷണമാണെങ്കില്‍ എല്ലാം ഒന്നാം ക്ലാസ്‌. ഒരു ദിവസം ആയിരത്തിഇരുന്നൂറോ ആയിരത്തിഅഞ്ഞൂറോ പരമാവധി ആയിരത്തിഎണ്ണൂറോ കലോറി മതിയെങ്കില്‍ ദിവസവും ബെര്‍ഗര്‍, മധുരം നുരയുന്ന കോള, മണിക്കൂര്‍ ഇടവിട്ട്‌ ലേയ്‌സ്‌, കുര്‍കുറെ, മയോണിസ്‌, സോസ്‌, ചീസ്‌, ഇറച്ചികള്‍ തരാതരം - അതില്‍ ബീഫും മട്ടനും ഇഷ്ടംപോലെ തട്ടും.

കേരളത്തിന്റെ ദേശീയ ഭക്ഷണമായി മാറിയ പൊറോട്ടയുടെ കാര്യം പറയാനുമില്ല. ഹോട്ടലില്‍ കയറിയാല്‍ എല്ലാവര്‍ക്കും വേണ്ടത്‌ പൊറോട്ട തന്നെ. കൂടെ ബീഫ്‌ ചില്ലി, ബീഫ്‌ റോസ്‌റ്റ്‌, ബീഫ്‌ ഫ്രൈ അല്ലാതെങ്ങനെ? പൊറോട്ടയെക്കുറിച്ച്‌ ഒരു കഥയുണ്ട്‌. അത്‌ അകത്തുചെല്ലുന്നതേ ശരീരം സേര്‍ച്ച്‌ തുടങ്ങും. ഇത്ര കനത്തില്‍ ഉള്ളിലെത്തിയിരിക്കുന്ന പൊറോട്ടയ്‌ക്കുള്ളില്‍ ശരീരത്തിന്‌ ഗുണമുള്ള എന്തു പോഷകമാണുള്ളതെന്നാണ്‌ തിരയുന്നത്‌. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ ശരീരത്തിന്‌ ഉത്തരം കിട്ടും. "നതിംഗ്‌ ഇന്‍ ഇറ്റ്‌." അതുകേട്ടതിനു ശേഷമേ വിശപ്പ്‌ തുടങ്ങൂ. പക്ഷേ, അപ്പോഴേയ്‌ക്കും രണ്ടു മണിക്കൂര്‍ കഴിഞ്ഞിരിക്കും. അതുകൊണ്ട്‌ പൊറോട്ട കഴിക്കാന്‍ എല്ലാവര്‍ക്കും എന്തുത്സാഹമാണെന്നോ?

ഒരു ബെര്‍ഗറില്‍തന്നെ അറുന്നൂറ്‌ കലോറിയുണ്ടാകും. അതിനൊപ്പമാണ്‌ കിഴങ്ങ്‌ ചീസില്‍ മുക്കി ഡീപ്‌ ഫ്രൈ ചെയ്‌തതും കോളയുമെല്ലാം അകത്തുചെല്ലുന്നത്‌. അപ്പോള്‍ ഒരു ദിവസം നമ്മുടെ ചെറുപ്പക്കാര്‍ ആകമാനം അകത്താക്കുന്ന അധിക കലോറി ഊഹിക്കാം. ഇതെല്ലാം എങ്ങോട്ടു പോകും. അതെല്ലാം എവിടെയെങ്കിലും അടിഞ്ഞൂകൂടും. അതാണ്‌ വയറിനു ചുറ്റും 'ടയറു'മായി ആപ്പിള്‍ രൂപത്തിലും പിയര്‍ രൂപത്തിലും പെണ്ണുങ്ങളും കുംഭകുലുക്കി ആണുങ്ങളും നടക്കുന്നതിനു കാരണം. പൊണ്ണത്തടിയന്മാരും തടിച്ചികളും കൂടിക്കൂടി വരുന്നതിനു കാരണം പിടികിട്ടിയില്ലേ? എട്ട്‌ എന്നെഴുതുന്നതുപോലെയായിരിക്കണം പെണ്ണുങ്ങളുടെ രൂപം എന്നതൊക്കെ മറന്നേക്കൂ. ഇന്ന്‌ പലരും "ഠ" എന്നതുപോലെയായിപ്പോയി. വെടിക്കല, കുംഭ, കഷണ്ടി, കഞ്ഞിപിഴിഞ്ഞ മുണ്ട്‌ എന്നതൊക്ക പുരുഷലക്ഷണമായിരുന്നെങ്കില്‍ കുംഭ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. അതും കള്ളിന്‍കുടം പോലെയുള്ള ബിയര്‍ ബെല്ലികള്‍.

ഇനി ചില ആരോഗ്യകാര്യങ്ങളുമായി അടുത്ത ആഴ്‌ച കണ്ടുമുട്ടാം. ഈ ലേഖനത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ? e-mail: globalmalayalam@gmail.com