Breaking News

Trending right now:
Description
 
Mar 29, 2013

തൊഴില്‍ ഭീഷണി; മലയാളികളടക്കമുള്ളവര്‍ സൗദി വിട്ടുതുടങ്ങി

image സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖത്ത്‌ നിയമം മൂലം ജോലിക്കു ഭീഷണി നേരിടുന്ന മലയാളികളടക്കമുള്ളവര്‍ സൗദി വിട്ടു തുടങ്ങി. ഒരു ലക്ഷത്തോളം മലയാളികള്‍ മടങ്ങിവരേണ്ട സാഹചര്യമാണുള്ളത്‌. ഇന്നലെ ഇരുപതോളം മലയാളികള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി. വരുംദിവസങ്ങളിലും നിരവധി പേര്‍ എത്തുമെന്നാണ്‌ സൂചന. സൗദിയിലെ മിക്ക വിമാനത്താവളങ്ങളും കേരളത്തിലേക്കുള്ള മലയാളികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പുതിയ നിയമം വരുന്നതോടെ കടുത്ത പ്രതിസന്ധിയാണ്‌ സൗദിയിലുള്ളതെന്നും തങ്ങള്‍ക്കു പിടിച്ചുനില്‌ക്കാനാവാത്ത അവസ്ഥയാണെന്നും തിരിച്ചെത്തിയ മലയാളികള്‍ പറയുന്നു. എല്ലാ ദിവസവും കര്‍ശന പരിശോധനകളാണ്‌ സൗദിയില്‍ നടക്കുന്നത്‌. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാകാനാണു സാധ്യത. അതിനാല്‍ പിടിക്കപ്പെടുന്നതിനു മുമ്പേ നാട്ടിലേക്കു തിരിച്ചു വിമാനം കയറാനാണ്‌ മലയാളികളുടെ ശ്രമം. എല്ലാ കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും 30 ശതമാനം സ്വദേശികളെ കര്‍ശനമായും ജീവനക്കാരായി നിയമിക്കണമെന്ന നിതാഖത്ത്‌ നിയമം നടപ്പാക്കുന്നതാണു സൗദിയിലെ ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്‌. സൗദി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളത്തോടെ നിയമനം നടത്തേണ്ടതായതിനാല്‍ മലയാളികള്‍ അടക്കമുള്ള ചെറുകിട വ്യവസായങ്ങളെയും സംരംഭങ്ങളെയും സാരമായി ബാധിക്കുമെന്നും ഈ ഭാരിച്ച ബാധ്യത താങ്ങാനാവാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നുമാണു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്‌. 

അതേസമയം, മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന്‌ സൗദി വിദേശകാര്യമന്ത്രാലയം ഉറപ്പു നല്‌കിയിട്ടുണ്ട്‌. വിഷയം സംബന്ധിച്ച്‌ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ സൗദി വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. താജിക്കിസ്ഥാനില്‍ ഏഷ്യാ സഹകരണ ചര്‍ച്ചയ്‌ക്കിടെയായിരുന്നു കൂടിക്കാഴ്‌ച. സൗദിയിലെ സ്വദേശിവത്‌കരണം സംബന്ധിച്ച്‌ ഇന്ത്യയ്‌ക്കുള്ള ആശങ്ക ഇ. അഹമ്മദ്‌ സൗദിയെ അറിയിച്ചു. ഇന്ത്യയുമായുള്ള സൗദിയുടെ സൗഹൃദം ദൃഢമാണെന്നും അതിനാല്‍ അനുഭാവപൂര്‍ണവും സഹായകവുമായ നിലപാടു സ്വീകരിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും ഉറപ്പു നല്‌കിയിട്ടുണ്ട്‌. കൂടിക്കാഴ്‌ചയ്‌ക്കിടെ ഇ. അഹമ്മദ്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്ത്‌ സൗദി വിദേശകാര്യമന്ത്രിക്കു കൈമാറി.