Breaking News

Trending right now:
Description
 
Mar 29, 2013

സൗദ്‌ അറേബ്യയില്‍ സ്വദേശിവത്‌കരണം: കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

image സൗദി അറേബ്യയില്‍ സ്വദേശിവത്‌കരണം നടപ്പാക്കുന്നതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സൗദി സര്‍ക്കാര്‍ നടപ്പാക്കുന്ന നിതാഖത്ത്‌ നിയമം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്‌ അവിടെത്തന്നെ മറ്റു ജോലികള്‍ക്കു പരിഗണിക്കുന്ന തരത്തില്‍ പുനരധിവാസ പദ്ധതി രൂപവത്‌കരിക്കുന്നതു സംബന്ധിച്ച്‌ സൗദി അധികൃതരുമായി സംസാരിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ അംബാസിഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്‌ എല്ലാ സഹായങ്ങളും ചെയ്‌തു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കമ്പനികളിലും തൊഴില്‍ സ്ഥാപനങ്ങളിലും 30 ശതമാനം സ്വദേശികളെ കര്‍ശനമായും ജീവനക്കാരായി നിയമിക്കണമെന്ന നിതാഖത്ത്‌ നിയമം നടപ്പാക്കുന്നതാണു സൗദിയിലെ ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കിയത്‌. സൗദി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ശമ്പളത്തോടെ നിയമനം നടത്തേണ്ടതായതിനാല്‍ മലയാളികള്‍ അടക്കമുള്ള ചെറുകിട വ്യവസായങ്ങളെയും സംരംഭങ്ങളെയും സാരമായി ബാധിക്കുമെന്നും ഈ ഭാരിച്ച ബാധ്യത താങ്ങാനാവാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നുമാണു റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്‌. ഇതുമൂലം ഒരു ലക്ഷത്തോളം മലയാളികള്‍ മടങ്ങിവരേണ്ട സാഹചര്യമാണുള്ളത്‌. അതേസമയം, ഭീതിജനകമായ സാഹചര്യം നിലവിലില്ലെന്നു വയലാര്‍ രവി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. തുടര്‍ നടപടികളെക്കുറിച്ച്‌ ആലോചിക്കാനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്‌ച നടത്തും. സൗദി തൊഴില്‍ മന്ത്രാലയവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയോടാവശ്യപ്പെട്ടിട്ടുണ്ട്‌. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക്‌ എല്ലാവിധ സഹായങ്ങളും ചെയ്‌തുകൊടുക്കാന്‍ എംബസി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും- വയലാര്‍രവി പറഞ്ഞു.