Breaking News

Trending right now:
Description
 
Mar 27, 2013

ഒരു സൈന്‍ബോര്‍ഡുണ്ടായിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നത്‌ എട്ടു ജീവനുകള്‍

സ്‌പെഷല്‍ റിപ്പോര്‍ട്ട്‌
image
ഇടുക്കിയിലെ കൊടുവളവുവുകളില്‍ അപകടം പതിയിരിക്കുന്നു. അപകട വഴിയിലൂടെ സഞ്ചരിച്ച്‌ ഞങ്ങളുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്‌.

"ഒന്നാം മലമേല്‍ കയറേണം...,.
അവിടുന്ന്‌ തലയും കുത്തിചാടേണം..."

പൊള്ളുന്ന പരീക്ഷച്ചൂടിനെയും ഉരുക്കുന്ന വിരഹങ്ങളുടെ മാര്‍ച്ചിനെയും മറന്നവര്‍ ഇടുക്കിയുടെ ഓരോ വളവും കയറുമ്പോള്‍ പാടി..പാടിന്റെ ഉച്ചസ്ഥായിയില്‍ പത്താം മലയില്‍ കയറുന്നതിന്‌ മുമ്പ്‌ അവരില്‍ എട്ടുപേര്‍ എന്നന്നേയ്‌ക്കുമായി വിട പറഞ്ഞു. തിരുവന്തപുരം വിക്രം സാരാഭായ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍സ്‌ട്രുമെന്റേഷന്‍ ടെക്‌നോളജിയില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ഇടുക്കിയുടെ അഗാധ ഗര്‍ത്തങ്ങളുടെ മാറില്‍ മരണത്തെ വരിച്ചത്‌. മരിച്ചവരുടെതിനെക്കാള്‍ കഠിനമാണ്‌ ജിവന്‍ രക്ഷപ്പെട്ടവരുടെ അവസ്ഥ. അതികഠിനമായ പരുക്കുകളേറ്റ്‌ അര്‍ധപ്രാണരായാണ്‌ പലരും ജീവിതത്തിലേയ്‌ക്ക്‌ മടങ്ങിവന്നിരിക്കുന്നത്‌.

ലോകത്തിന്റെ പല ദിക്കിലേയ്‌ക്ക്‌ പറക്കാന്‍ ചിറക്‌ മുളച്ച്‌ തുടങ്ങിയിരുന്നു അവര്‍ക്ക്‌. അറിവ്‌ സ്‌ഫുടം ചെയ്‌തെടുത്ത തലച്ചോറിനെയും പരീക്ഷച്ചൂടില്‍ വെന്തുപോയ മനസിനെയും തണുപ്പിക്കാനാണ്‌ ആ സംഘം കൊടൈക്കനാലിലേയ്‌ക്ക്‌ വിനോദസഞ്ചാരത്തിന്‌ ഇറങ്ങിതിരിച്ചത്‌. പരീക്ഷ അടുത്തതിനാല്‍ യാത്ര വേണ്ടെന്നായി കോളേജ്‌ അധികൃതര്‍. പക്ഷേ നാല്‌ വര്‍ഷത്തെ സൗഹൃദങ്ങളെ ഒരു മയില്‍പ്പീലി പോലെ ഓര്‍മ്മയില്‍ സൂക്ഷിക്കാനാണ്‌ അവര്‍ എല്ലാ വിലക്കുകളെയും ഉല്ലംഘിച്ച്‌ ആ യാത്രയ്‌ക്കിറങ്ങിയത്‌. തങ്ങള്‍ സുഹൃത്തുക്കളുടെ വേര്‍പാട്‌ അറിയാതെ ആശുപത്രി കിടക്കയിലാണ്‌ പലരും. അപകടത്തില്‍ മരിച്ച ഒരു കുട്ടിയുടെ ഇളയച്ഛനും അമ്മയുമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്‌ അകമ്പടി വന്നത്‌. രണ്ട്‌ ഡ്രൈവര്‍മാര്‍. അങ്ങനെ 41 പേരാണ്‌ ഇന്നലെ അപകടത്തില്‍ പെട്ട ബസില്‍ ഉണ്ടായിരുന്നത്‌.

പ്രകൃതിയുടെ ക്യാന്‍വസിലെ എല്ലാ വര്‍ണങ്ങളും ചാലിച്ച്‌ കലാകാരന്റെ എല്ലാസൗന്ദര്യവും ആവാഹിച്ചെടുത്ത ഭൂപ്രകൃതിയാണ്‌ ഇടുക്കിയുടേത്‌. എന്നാല്‍ ഈ സൗന്ദര്യം നുകരാന്‍ എത്തുന്ന ആയിരക്കണക്കിന്‌ സഞ്ചാരികള്‍ക്ക്‌ അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കാന്‍ സര്‍ക്കാരുകള്‍ അനാസ്ഥ കാട്ടുന്നതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ്‌ ഇന്നലെ നടന്ന സംഭവം.

തിങ്കളാഴ്‌ച അപകടം നടന്ന രാജാക്കാട്‌ തേക്കിന്‍ക്കാനം കാഞ്ഞിരംവളവില്‍ യാതൊരുവിധ സൈന്‍ബോര്‍ഡുകളും ഇല്ല. എസ്‌ ആകൃതിയിലുള്ള ഈ വളവില്‍ ഒരു സൈന്‍ ബോര്‍ഡ്‌ ഉണ്ടായിരുന്നുവെങ്കില്‍ വിലപ്പെട്ട എട്ടു ജീവനുകള്‍ നഷ്ടപ്പെടില്ലായിരുന്നു. അത്ര സൂക്ഷ്‌്‌മതയോടെയായിരുന്നു ഡ്രൈവര്‍ വണ്ടി ഓടിച്ചിരുന്നത്‌. വഴി പരിചയക്കുറവു മാത്രമാണ്‌ അപകടത്തിന്‌ കാരണമായത്‌. ഇവിടെ സൈന്‍ബോര്‍ഡ്‌ സ്ഥാപിക്കാന്‍ നാട്ടുകാര്‍ പലതവണ അധികാരികളോട്‌ ആവിശ്യപ്പെട്ടിരുന്നുവെന്ന്‌ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി. ജീവനുവേണ്ടി കേഴുന്ന പ്രാണവേദനയാല്‍ പുളയുന്ന കുട്ടികളുടെ രോദനം സാധാരണക്കാരന്റെ ഹൃദയത്തെ കീറിമുറിക്കും. എന്നാല്‍ അധികാരികള്‍ക്കോ മരിച്ചവരുടെ പോസ്‌റ്റ്‌മാര്‍ട്ടം കൃത്യമായി നടത്തി ബോഡി നാട്ടിലെത്തിച്ച്‌ മാധ്യമ കവറേജ്‌ നേടുന്നതിലാണ്‌ താല്‌പര്യം.

ഹെയര്‍പിന്‍ വളവുകള്‍ ഉള്ള ഇടുങ്ങിയ വഴിയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ കുറെ ജീവനുകള്‍ പൊലിയണമെന്ന്‌ ഇപ്പോള്‍ ഒരു നാട്ടുനടപ്പായി മാറിയിരിക്കുന്നു. തേക്കടി- മൂന്നാര്‍, നേര്യമംഗലം- മൂന്നാര്‍ മേഖലയില്‍ ആയിരക്കണക്കിന്‌ അപകടങ്ങളാണ്‌ ഉദ്യോഗസ്ഥതല അനാസ്ഥകൊണ്ട്‌ ഇതുവരെ സംഭവിച്ചിരിക്കുന്നത്‌. ഈ അടുത്തക്കാലത്ത്‌ സമീപപ്രദേശമായ സൂര്യനെല്ലിക്കു സമീപം വിഎല്‍ റാവു വിലക്കു വളവില്‍ നാലു തമിഴ്‌ തൊഴിലാളി സ്‌ത്രീകള്‍ ജീപ്പ മറിഞ്ഞ്‌ മരിച്ചിരുന്നു. ഇവിടെയും സൈന്‍ബോര്‍ഡുകള്‍ ഇല്ല.
മൂന്നാര്‍ ലാക്കാര്‍ട്ട്‌ ക്യാമ്പില്‍ കഴിഞ്ഞ മാസമാണ്‌ സ്‌കൂള്‍ വാന്‍ മറിഞ്ഞ്‌ 22 പേര്‍ക്ക്‌ പരിക്കേറ്റത്‌.

അപകടം സംഭവിച്ച മിക്ക സ്ഥലങ്ങളിലും കൊടും വളവുകളാണ്‌. ഇവിടെ സൈന്‍ബോര്‍ഡുകള്‍ ഇല്ല.

ഡ്രൈവര്‍ വണ്ടി വേഗതയില്‍ ഓടിച്ചില്ല, ഉറങ്ങിപ്പോയില്ല, കുട്ടികള്‍ക്ക്‌ കൂട്ടിന്‌ മാതാപിതാക്കള്‍ യാത്രയില്‍ അനുഗമിച്ചിരുന്നു. ഒരു മാന്യമായ വിദ്യാര്‍ത്ഥി യാത്രയായിരുന്നു അവരുടേത്‌.

യാത്രയ്‌ക്കിടയില്‍ അപകടം സംഭവിച്ചാല്‍ അടിസ്ഥാന ചികിത്സ നല്‌കാനുള്ള യാതൊരുവിധ ആശുപത്രി സേവനവും ഈ പ്രദ്ദേശത്തില്ല എന്നതാണ്‌ മറ്റൊരു ദുരന്തം. ഇന്നലെ അപകടം സംഭവിച്ചവിച്ചവര്‍ക്ക്‌ ചികിത്സ നല്‌കാന്‍ എത്തിച്ചത്‌ മൂന്നുമണിക്കൂര്‍ യാത്ര ചെയ്‌ത്‌ കോഴഞ്ചേരിയിലാണ്‌. അല്ലെങ്കില്‍ കോട്ടയം.

വന്‍ ദുരന്തം ഉണ്ടാകുമ്പോള്‍ മന്ത്രിമാര്‍ വന്ന്‌ മെഡിക്കല്‍ കോളേജ്‌ മുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരെ ചുമ്മാ പ്രഖ്യാപിക്കും. അപകടത്തിന്റെ വേദന നാട്ടുകാര്‍ മറക്കുന്നതിന്‌ മുമ്പ്‌ മന്ത്രിമാര്‍ മറക്കും, അവര്‍ക്കിതു മാത്രമല്ലല്ലോ പണി മറ്റു നൂറുകൂട്ടം ജോലിയില്ലേ. ഭാഗ്യം എന്തായാലും യുഡിഎഫിന്റെ ആരോഗ്യമന്ത്രി ഒരു പ്രഖ്യാപനവും ഇതിന്റെ പേരില്‍ നടത്തിയില്ല എന്നത്‌ മാത്രമാണ്‌ ഒരു സമാശ്വാസം.