Breaking News

Trending right now:
Description
 
Oct 02, 2012

മലയാളി നഴ്‌സുമാര്‍ക്ക്‌ ലോകമെങ്ങും പെരുമ, കേരളത്തില്‍ ആട്ടുംതുപ്പും...

നഴ്‌സുമാരുടെ ദുരിതജീവിതത്തെക്കുറിച്ച്‌ ഗ്ലോബല്‍ മലയാളം തയാറാക്കിയ പരമ്പര
image E.S. Gigimol

ആരോഗ്യരംഗത്തെ മാലാഖമാരെന്നാണ്‌ നഴ്‌സുമാരെ വാഴ്‌ത്തുന്നത്‌. ശുഭ്രവസ്‌ത്രമണിഞ്ഞ്‌ നിറഞ്ഞ ചിരിയോടെ ശുശ്രൂഷ നടത്തുന്ന നഴ്‌സിംഗ്‌ സമൂഹത്തിന്റെ വേദനകള്‍ ദശകങ്ങളായി ആരും പുറത്തറിയുന്നുണ്ടായിരുന്നില്ല. തുച്ഛമായ വേതനം, പതിന്നാലും പതിനാറും മണിക്കൂര്‍ നീണ്ടുനില്‌ക്കുന്ന ജോലി, മേധാവികളില്‍നിന്നുള്ള ശകാരങ്ങളും അസഹ്യമായ പെരുമാറ്റവും. ഈ അവസ്ഥയിലും പുഞ്ചിരി കൈവിടാതെ രോഗികളെ ശുശ്രൂഷിക്കാനും ജോലിയില്‍ മുഴുകാനും മലയാളി നഴ്‌സുമാര്‍ മനക്കരുത്തു കാട്ടി. അതുകൊണ്ടുതന്നെ ലോകമെങ്ങും മലയാളി നഴ്‌സുമാര്‍ക്കു പേരും പെരുമയുമുണ്ടായിരുന്നു. ജനറല്‍ നഴ്‌സിംഗും ബിഎസ്‌സി നഴ്‌സിംഗ്‌ പഠനവും പൂര്‍ത്തിയാക്കി ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച്‌ ജോലിക്കു ചേരുമ്പോള്‍ അവിശ്വസനീയമായ ദുരിതങ്ങളാണ്‌ നഴ്‌സുമാരെ കാത്തിരുന്നത്‌. വായ്‌്‌പകളുടെ ദുരിതവും ഭൂരിപക്ഷത്തിന്റെ തലയ്‌ക്കു മുകളിലുണ്ടായിരുന്നു. അപ്പോള്‍ പഞ്ചപുച്ഛമടക്കി ജോലി ചെയ്യാനേ നഴ്‌സുമാര്‍ക്കു കഴിയുമായിരുന്നുള്ളൂ. ജോലി പരിചയം അത്യാവശ്യമാണെന്നതും വിദേശത്തേയ്‌ക്കുള്ള അവസരങ്ങള്‍ തേടിവരുമെന്നുമൊക്കെയുള്ള പ്രതീക്ഷയില്‍ പലരും ഈ യാതനകളും വേദനകളും പുറത്തുപറഞ്ഞിരുന്നില്ല. തമിഴ്‌നാട്ടില്‍നിന്നും ബംഗാളില്‍നിന്നും ഒറീസയില്‍നിന്നും കേരളത്തില്‍ കൂലിപ്പണിക്കു വരുന്നവര്‍ക്കു പോലും നാനൂററമ്പതും അഞ്ഞൂറും രൂപ കൂലിയുള്ളപ്പോള്‍, രാപകല്‍ പണിയെടുക്കുന്ന നഴ്‌സുമാര്‍ക്ക്‌ കിട്ടിയിരുന്ന മാസശമ്പളം ആയിരവും രണ്ടായിരം രൂപയായിരുന്നു. ഡോക്ടര്‍മാര്‍ക്ക്‌ വാരിക്കോരി ശമ്പളംകൊടുക്കാന്‍ മടികാട്ടാത്ത ആശുപത്രികള്‍ നഴ്‌സുമാരുടെ കാര്യത്തില്‍ രണ്ടാനമ്മനയമാണ്‌ സ്വീകരിച്ചുവന്നിരുന്നത്‌. വെറും 67 രൂപ ദിവസശമ്പളത്തില്‍ പതിന്നാലു മണിക്കൂര്‍ ജോലി നോക്കിയിരുന്ന നഴ്‌സുമാര്‍ കേരളത്തിലുണ്ടെന്നത്‌ ലോകത്തിനുതന്നെ അവിശ്വസനീയമായിരുന്നു. ഇവരുടെ ശമ്പളബില്‍ പരിശോധിച്ചാല്‍ ഉയര്‍ന്ന തുകയായിരിക്കുമെന്നതു മറ്റൊരു വൈരുദ്ധ്യം. ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായ വനിതകളാണ്‌ നഴ്‌സിംഗ്‌ രംഗത്തുള്ളത്‌. ഇവര്‍ എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന അഹങ്കാരമായിരുന്നു പല മാനേജ്‌മെന്റുകള്‍ക്കും. ഒരാള്‍ പോയാല്‍ നൂറുകണക്കിനു പേര്‍ പുറത്തുണ്ടെന്ന ദാര്‍ഷ്‌ഠ്യവും പലരും പുറത്തെടുത്തു. കഠിനജോലികള്‍ നല്‌കുക, കുറഞ്ഞ കൂലി കൊടുക്കുക, മാനസികമായി പീഡിപ്പിക്കുക, സ്വഭാവഹത്യ നടത്തി പുറത്താക്കുക എന്നിങ്ങനെ നഴ്‌സുമാര്‍ക്കു നേരിടേണ്ടി വന്നിരുന്ന പീഡനങ്ങള്‍ നിരവധിയാണ്‌. ഇത്തരം പീഡനങ്ങള്‍ക്കെതിരേ പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്‌തിയാണ്‌ തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലില്‍ 2010-ല്‍ അഗ്നിയായി പടര്‍ന്നത്‌. കേരളത്തിലെ നഴ്‌സസ്‌ സമരത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. പിന്നീട്‌ കേരളമെങ്ങും നഴ്‌സുമാര്‍ സംഘടിച്ചു. എറണാകുളത്തെ പ്രമുഖ ആശുപത്രികളായ അമൃതയിലും ലേക്ക്‌ഷോറിലും അങ്കമാലി ലിറ്റില്‍ ഫ്‌്‌ളവറിലുമെല്ലാം ശക്തമായ സമരം സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയം കുറെ നാള്‍ തുടര്‍ന്നെങ്കിലും നിവൃത്തിയില്ലാതെ അവര്‍ ചര്‍ച്ചകള്‍ക്കു തയാറായി. സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും കുറഞ്ഞ ശമ്പളം നിശ്ചയിക്കാനും എട്ടുമണിക്കൂര്‍ ജോലി നടപ്പില്‍ വരുത്താനുമെല്ലാം സര്‍ക്കാരും മാനേജ്‌മെന്റുകളും നിര്‍ബന്ധിതരായി. ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌ കമ്മിറ്റി (ഐആര്‍സി) രൂപീകരിച്ചതുവഴി കേരളത്തിലെ നഴ്‌സിംഗ്‌ രംഗത്ത്‌ പുതിയ പ്രതീക്ഷകളുയര്‍ന്നു. ഓഗസ്‌റ്റില്‍ കേരളം കണ്ട ഏറ്റവും ശക്തമായ നഴ്‌സസ്‌ സമരം കോതമംഗലം മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റലില്‍ അരങ്ങേറിയിരുന്നു. പോലീസിന്റെയും മാനേജ്‌മെന്റിന്റെയും ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ നഴ്‌സുമാര്‍ സമരമുഖത്ത്‌ ഉറച്ചുനിന്നു. നാട്ടുകാരുടെ സര്‍വസ്വമായ പിന്തുണ നേടിയെടുക്കാന്‍ ഈ സമരത്തിനു കഴിഞ്ഞിരുന്നുവെന്നതാണ്‌ പ്രത്യേകത. പ്രതിപക്ഷനേതാവും എംഎല്‍എമാരും ഇടപെട്ടിട്ടാണ്‌ സമരം ഒത്തുതീര്‍പ്പിലെത്തിയത്‌. ഓഗസ്‌റ്റ്‌ പതിനഞ്ചിന്‌ സ്വാതന്ത്ര്യദിനത്തില്‍ ഇവിടെ സമരം ചെയ്‌ത നഴ്‌സുമാര്‍ കഠിനനടപടിയിലേയ്‌ക്കു നീങ്ങിയിരുന്നു. ഇതിന്റെ പേരില്‍ മൂന്നു നഴ്‌സുമാരെ പോലീസ്‌ അറസ്‌ററ്‌ ചെയ്‌തു. സമരത്തെ പിന്തുണച്ച ഒന്‍പതു നാട്ടുകാര്‍ക്കെതിരേയും കേസെടുത്തു. പോലീസ്‌ നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ്‌ സമരം ചെയ്‌ത നഴ്‌സുമാരുടെ ജോയിന്റ്‌ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയത്‌. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്ന ആക്ഷേപം ഇവിടെ നിലനില്‍ക്കുകയാണ്‌. ഒക്ടോബര്‍ ആദ്യവാരത്തില്‍ നഴ്‌സസ്‌, പാരമെഡിക്കല്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുമെന്നാണ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ശമ്പളപായ്‌ക്കേജ്‌ നിശ്ചയിക്കുന്നതിനായി നഴ്‌സുമാരുടെ ജോലി സാഹചര്യങ്ങളെക്കുറിച്ച്‌ ഐആര്‍സി വിശദ പഠനം നടത്തും. ബലറാം കമ്മിറ്റി ശിപാര്‍ശ ചെയ്‌തത്‌ അനുസരിച്ച്‌ 12,900 രൂപയെങ്കിലും കുറഞ്ഞ വേതനം നല്‌കണമെന്നാണ്‌ നഴ്‌സസ്‌ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ നിലവിലുള്ള വേതനത്തില്‍ 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധന പാടില്ലെന്നാണ്‌ പല മാനേജ്‌മെന്റുകളുടെയും നിലപാട്‌. കേരളത്തില്‍ മാത്രം പണിയെടുക്കുന്ന നാലു ലക്ഷത്തോളം വരുന്ന മജ്ജയും മാംസവുമുള്ള സാധാരണ നഴ്‌സുമാരുടെ, അതും ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായ വനിതകളുടെ, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുകൊണ്ട്‌ ഇവര്‍ക്ക്‌ സാധിക്കുന്നില്ല എന്ന ചോദ്യം നഴ്‌സുമാരുടെ മാത്രമല്ല, കേരളത്തിലെ ആയിരക്കണക്കിനു സാധാരണ കുടുംബങ്ങളുടെ മനസില്‍ അടക്കുന്ന ഗദ്‌ഗദമാണ.്‌ (തുടരും)