Breaking News

Trending right now:
Description
 
Mar 25, 2013

ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ്‌ അവസരങ്ങളും സ്‌പോണ്‍സര്‍ഷിപ്പും കുത്തനെ കുറയുന്നു, മലയാളി നഴ്‌സുമാര്‍ ആശങ്കയില്‍

Ria Merlin, globalmalayalam@gmail.com
image ഫെഡറല്‍ ഫണ്ടിംഗ്‌ കുറയുന്നതിന്റെയും ചെലവു ചുരുക്കലിന്റെയും ഭാഗമായി ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ്‌ തസ്‌തികകള്‍ വെട്ടിച്ചുരുക്കുന്നു. ഇതുമൂലം പുതിയതായി നഴ്‌സിംഗ്‌ രംഗത്തേയ്‌ക്ക്‌ എത്തുന്നവര്‍ക്ക്‌ അവസരങ്ങള്‍ ഇല്ലാതാകുകയാണ്‌. സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇല്ലാതാകുന്നതോടെ നഴ്‌സിംഗ്‌ ജോലികള്‍ക്കുള്ള അവസരങ്ങള്‍ മലയാളികള്‍ക്കു മുന്നില്‍ കൊട്ടിയടയ്‌ക്കപ്പെടുകയാണ്‌. നാലായിരത്തോളം നഴ്‌സുമാര്‍ക്ക്‌ ജോലി നഷ്ടപ്പെട്ടതായാണ്‌ കണക്കുകള്‍. ജോലിക്കായി ഓസ്‌ട്രേലിയയിലെത്തിയ നഴ്‌സുമാര്‍ ജോലികിട്ടാതെ മടങ്ങുകയാണ്‌. ഇനിഷ്യല്‍ രജിസ്‌ട്രേഷന്‍ ഫോര്‍ ഓവര്‍സീസ്‌ നഴ്‌സസ്‌ (ഐആര്‍ഒഎന്‍) അവസരം നഷ്ടമാകുന്നതും മലയാളികളെ കനത്ത ആശങ്കയിലാക്കുന്നുണ്ട്‌. സൗത്ത്‌ വെയില്‍സിലാണ്‌ ഏറ്റവുമധികം സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇല്ലാതാകുന്നത്‌. ക്യൂന്‍സ്‌ലാന്‍ഡില്‍ ന്യൂ ഗ്രാജ്വേറ്റ്‌സ്‌ അവസരങ്ങള്‍ കുത്തനെ കുറയുകയാണ്‌.

നഴ്‌സിംഗ്‌ കെയറുകളില്‍ ലഭിക്കുന്ന തുച്ഛമായ അവസരങ്ങള്‍ മാത്രമാണ്‌ പുതിയതായി ഈ രംഗത്തേയ്‌ക്ക്‌ എത്തുന്നവര്‍ക്കു മുന്നിലുള്ളത്‌. കെയര്‍ ഹോമുകളില്‍ ജോലിക്കായി ആളുകള്‍ തിക്കിത്തിരക്കുന്നു. നിലവിലുള്ളവര്‍ ജോലി നിലനിര്‍ത്താന്‍ പരമാവധി സാമര്‍ത്ഥ്യം പ്രകടിപ്പിക്കേണ്ടിവരുന്നുണ്ട്‌.

നഴ്‌സിംഗ്‌ പഠനത്തിനുശേഷം തുടക്കകാലത്ത്‌ ആശുപത്രികളില്‍ ജോലി ചെയ്‌ത്‌ അനുഭവപരിചയം നേടാനുള്ള അവസരം പുതിയതായി ഓസ്‌ട്രേലിയയില്‍ ജോലി നോക്കാനെത്തുന്നവര്‍ക്ക്‌ ഇല്ലാതാകുകയാണ്‌. അതുകൊണ്ടുതന്നെ പുതിയതായി യാതൊന്നും പഠിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പുതിയ അറിവുകളൊന്നും നേടാനാകാത്തവര്‍ക്ക്‌ മുന്നോട്ടുള്ള കരിയര്‍ ഇരുളടഞ്ഞുപോകുമെന്ന ആശങ്കയാണ്‌. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ ജോലി കിട്ടാതെ വന്നാല്‍, രണ്ടാം വര്‍ഷം രജിസ്‌ട്രേഷന്‍ നടത്തുന്നതിന്‌ 20 മണിക്കൂറുകള്‍ കണ്ടിന്യൂയിംഗ്‌ പ്രഫഷണല്‍ ഡവലപ്‌മെന്റ്‌ - സിപിഡി അവേഴ്‌സ്‌ പൂര്‍ത്തിയാക്കണം എന്നുണ്ട്‌. നഴ്‌സുകള്‍ കെയറുകളില്‍ ജോലി നോക്കുന്നവര്‍ക്ക്‌ സിപിഡി അവേഴ്‌സിനുള്ള അവസരം ഇല്ലാതാകുകയാണ്‌.

ഇതേസമയം മോഹനവാഗ്‌ദാനങ്ങളുമായി റിക്രൂട്ടിംഗ്‌ ഏജന്‍സികള്‍ സജീവമാണ്‌. ഇവര്‍ പറയുന്ന തരത്തിലുള്ള ജോലി ലഭിക്കാതെ പലരും തിരികെ പോകേണ്ട അവസ്ഥയുണ്ട്‌. മികച്ച ഇംഗ്ലീഷ്‌ പരിജ്ഞാനവും യോഗ്യതയും അനുഭവപരിചയവുമുണ്ടെങ്കില്‍ മാത്രമേ ജോലി കണ്ടെത്താനാകൂ എന്ന അവസ്ഥ പുതിയതായെത്തുന്ന മലയാളി നഴ്‌സുമാര്‍ക്ക്‌ വലിയ കടമ്പയാകുന്നുണ്ട്‌. പല വിധ പദ്ധതികളില്‍ പെടുത്തി ഓസ്‌ട്രേലിയയില്‍ എത്തിയ നൂറുകണക്കിന്‌ നഴ്‌സുമാര്‍ തിരികെ പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ്‌. ഐഇഎല്‍ടിഎസിന്‌ ഉയര്‍ന്ന സ്‌കോര്‍ നേടിയവര്‍ക്കു പോലും ഇന്റര്‍വ്യൂ എന്ന കടമ്പ കടന്ന്‌ ആശുപത്രികളില്‍ ജോലി കണ്ടെത്താനാവുന്നില്ല. ചെറിയ കോഴ്‌സുകള്‍ക്ക്‌ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ എത്തിയവര്‍ക്ക്‌ വിസ നീട്ടിക്കിട്ടാത്ത അവസ്ഥയാണ്‌. നേരത്തെ എത്ര വേണമെങ്കിലും ബിസിനസ്‌ ഷോര്‍ട്ട്‌ സ്‌റ്റേ്‌ വിസയുടെ കാലാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മൂന്നു മാസത്തില്‍ കൂടുതല്‍ പലര്‍ക്കും നീട്ടിക്കിട്ടുന്നില്ല.

ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ചവര്‍ക്ക്‌ ഐഇഎല്‍ടിഎസ്‌ സ്‌കോര്‍ വേണ്ട എന്നു തുടങ്ങിയ പദ്ധതികളില്‍ പെടുത്തി ഓസ്‌ട്രേലിയയില്‍ എത്തിയ പലരും വെറും കൈയോടെ മടങ്ങിവരേണ്ട അവസ്ഥയിലാണ്‌. ഈ പദ്ധതിതന്നെ ഇപ്പോള്‍ ഇല്ലാതായി. പല പല ബാച്ചായി പത്തും ഇരുപതും പേരെ പദ്ധതിയില്‍ ഏജന്‍സികള്‍ എത്തിച്ചെങ്കിലും ഒന്നോ രണ്ടോ പേര്‍ക്കാണ്‌ ജോലി ലഭിച്ച്‌ ഓസ്‌ട്രേലിയയില്‍ തുടരാന്‍ കഴിഞ്ഞത്‌. പതിനഞ്ച്‌ - ഇരുപത്‌ ലക്ഷം രൂപ വരെ മുടക്കിയെത്തിവരാണ്‌ ഇങ്ങനെ തിരികെ പോരേണ്ടിവരുന്നത്‌ എന്നതിനാല്‍ കുടുംബങ്ങളെതന്നെ വന്‍ കടക്കെണിയിലാക്കുന്ന അവസ്ഥയാണ്‌.

ഐഇഎല്‍ടിഎസ്‌ സ്‌കോര്‍ നേടി ഓസ്‌ട്രേലിയയില്‍ എത്തിയവര്‍ക്ക്‌ സ്‌കോര്‍ കാലാവധി കഴിയുന്നതിനാല്‍ വീണ്ടും ഇംഗ്ലീഷ്‌ പരിജ്ഞാനത്തിനായി ടെസ്റ്റ്‌ എഴുതേണ്ട അവസ്ഥയുണ്ട്‌. ലക്ഷങ്ങള്‍ മുടക്കി ചെറിയ കോഴ്‌സുകള്‍ക്കായി എത്തുന്നവര്‍ കോഴ്‌സ്‌ കാലാവധി കഴിഞ്ഞാല്‍ താമസത്തിനുപോലും സ്വന്തം ഇടം കണ്ടെത്തേണ്ട അവസ്ഥയാണ്‌. ഇവര്‍ക്ക്‌ ജോലിയില്ലാതെ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്നതിനാലാണ്‌ മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്‌.

ജോലി സംഘടിപ്പിച്ചുകൊടുക്കാം എന്നു വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയയില്‍ എത്തിക്കുന്ന ഏജന്‍സികള്‍ പലതും ഉദ്യോഗാര്‍ത്ഥികള്‍ ഇവിടെയെത്തിക്കഴിഞ്ഞാല്‍ ഫോണില്‍ പോലും ബന്ധപ്പെടാറില്ലത്രേ.

ജോലി വെട്ടിച്ചുരുക്കുന്നത്‌ വ്യാപകമായതോടെ നഴ്‌സുമാര്‍ സമരത്തിലേയ്‌ക്കു പോയേക്കുമെന്ന്‌ ഗവണ്‍മെന്റിന്‌ ആശങ്കയുണ്ട്‌. ഇത്‌ തടയുന്നതിനായി ക്യൂന്‍സ്‌ലാന്‍ഡ്‌ ഹെല്‍ത്ത്‌ മിനിസ്‌റ്റര്‍ ലോറന്‍സ്‌ സ്‌പ്രിംഗ്‌ബോര്‍ഗ്‌ യൂണിയന്‍ അംഗത്വം എടുക്കുന്നതില്‍നിന്ന്‌ നഴ്‌സുമാരെ വിലക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ശമ്പളത്തില്‍നിന്ന്‌ യൂണിയന്‍ ഫീ കുറവുചെയ്യുന്ന രീതിയും എടുത്തുകളഞ്ഞേക്കും. ഫെബ്രുവരി മധ്യത്തില്‍ നഴ്‌സസുമാരും മിഡ്‌ വൈഫുമാരും സമരം ചെയ്‌തിരുന്നു.