Breaking News

Trending right now:
Description
 
Oct 01, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം: 3000 നഴ്‌സുമാര്‍ പ്രകടനത്തിന്‌, പ്രതിഷേധവുമായി മാനേജ്‌മെന്റ്‌ അസോസിയേഷനും

E.S. Gigimol
image മദര്‍ ഹോസ്‌പിറ്റലിന്റെ മുന്നിലെ നഴ്‌സുമാരുടെ സമരപന്തല്‍ അടിച്ചു തകര്‍ത്തതിനെതിരെ നഴ്‌സുമാര്‍ നടത്തുന്നപ്രതിഷേധപ്രകടനം ഇന്ന്‌ 2 മണിക്ക്‌ ആരംഭിക്കും. ഇന്നലെ സര്‍വ്വകക്ഷി യോഗത്തിനു പോലീസ്‌ അനുമതി നിഷേധിച്ചതുകൊണ്ടാണ്‌ സമരം ഇന്നത്തേയ്‌ക്ക്‌ മാറ്റിവച്ചത്‌.

ജില്ലയിലെ മുഴുവന്‍ നേഴ്‌സുമാരെയും അണിനിറുത്തിക്കൊണ്ടുള്ള പ്രകടനം ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ മദര്‍ ഹോസ്‌പിറ്റലിന്റെ മുന്നില്‍ നിന്ന്‌ വെസ്റ്റ്‌ ഫോര്‍ട്ട്‌ ജംങ്‌ഷനിലേയ്‌ക്കും നടത്തും. തുടര്‍ന്ന്‌ മദര്‍ ഹോസ്‌പിറ്റലിന്റെ മുന്നിലെ സമരപന്തലില്‍ തിരിച്ചെത്തി സര്‍വ്വകക്ഷി യോഗം ചേരും. ഏകദേശം 3000 നേഴ്‌സുമാര്‍ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌ നടത്തുന്ന പ്രകടനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനവിഭാഗവും ചേരും.

സര്‍വ്വകക്ഷി യോഗത്തിനു ശേഷം ഒളരിയിലേയ്‌ക്ക്‌ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. സമരത്തെ അനുകൂലിച്ചുകൊണ്ട്‌ വിവിധ ട്രേഡ്‌ യൂണിയനുകളും ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ പ്രകടനം നടത്തും. സമരപന്തല്‍ അടിച്ചു തകര്‍ത്തത്‌ ഹോസ്‌പിറ്റലിനോട്‌ താല്‌പര്യമുള്ള നാട്ടുകാരാണന്ന നിലപാടാണ്‌ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റിന്റേത്‌. ഇതിനെതിരെ എന്തന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന്‌ മാനേജ്‌മെന്റ്‌ വക്താവ്‌ ജോണ്‍സണ്‍ ചീരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഇന്ന്‌ അഞ്ചുമണിക്ക്‌ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.

മാനേജ്‌മെന്റ്‌ അസോസിയേഷന്‌ ഇന്ന്‌ പ്രകടനം നടത്തിനും മൈക്കിനും അനുമതി നല്‌കിയ പോലീസ്‌ നഴ്‌സുമാരുടെ പ്രകടനത്തിന്‌ മൈക്ക്‌ അനുമതി നല്‌കാന്‍ വിസമതിച്ചു.

സമരപ്പന്തല്‍ തകര്‍ത്തതിന്റെ പേരില്‍ നിലവില്‍ പോലീസിന്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ ആവില്ല. കാരണം വഴിയരുകില്‍ യോഗം കൂടുന്നത്‌ ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനാല്‍ ഈ ഉത്തരവിന്റെ മറവിലാണ്‌ മാനേജ്‌മെന്റ്‌ ഇത്തരം ഒരു സമീപനം സ്വീകരിച്ചിരിക്കുന്നതെന്ന്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

സമീപവാസികള്‍ ഹോസ്‌പിറ്റല്‍ സംരക്ഷണത്തിനായി നടത്തുന്ന സമരമാണ്‌ ഇന്ന്‌ വൈകുന്നേരം നടക്കാന്‍ പോകുന്നതെന്നാണ്‌ മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ഹോസ്‌പിറ്റലിന്‌ 20 കിലോമീറ്റര്‍ അകലെയുള്ള വാടാനപ്പള്ളിയില്‍നിന്നും മലപ്പുറത്തുനിന്നും ഗുണ്ടകളെയിറക്കി കായികമായി സമരത്തെ നേരിടാനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതെന്ന്‌ നഴ്‌സിങ്ങ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. പ്രകടനത്തിന്‌ ആളെ കൊണ്ടുവരാന്‍ കാര്‍ത്തിക എന്ന സ്വകാര്യ ബസ്‌ മാനേജ്‌മെന്റ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു.

മദര്‍ ഹോസ്‌പിറ്റല്‍ സമരം സംഘര്‍ഷത്തിലേയ്‌ക്ക്‌, ഉറക്കം നടിച്ച്‌ ആരോഗ്യവകുപ്പ്‌. ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന്‌ അസോസിയേഷന്‍

മദര്‍ ഹോസ്‌പിറ്റലില്‍ നടക്കുന്ന നേഴ്‌സിങ്ങ്‌ സമരം ഒരു മാസം പിന്നിടാറായിട്ടും ഒന്നെത്തിപോലും നോക്കാതെ ആരോഗ്യവകുപ്പ്‌ നിസംഗത തുടരുന്നു. നഴ്‌സിങ്‌- രോഗി അനുപാതവിഷയം, ഷഫ്‌ളിങ്ങ്‌ തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ പരിഗണനയില്‍ വരുന്ന വിഷയങ്ങളാണ്‌. നേഴ്‌സല്ലാത്ത ഒരാള്‍ക്ക്‌ നൈറ്റ്‌ നേഴ്‌സിങ്ങ്‌ സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കാന്‍ അനുവാദം ഇല്ല. മദര്‍ ഹോസ്‌പിറ്റലിലെ കാസിം എന്ന നേഴ്‌സല്ലാത്ത നേഴ്‌സിങ്ങ്‌ സൂപ്രണ്ടിനെതിരെ നേഴ്‌സുമാര്‍ ആരോഗ്യവകുപ്പിനും മനുഷ്യവകാശകമ്മീഷനും പരാതി നല്‌കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഇതുവരെ പക്ഷേ തയ്യാറായിട്ടില്ല. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആനയും അമ്പാരിയുമായി നാടൊടുക്കും നടക്കുന്ന മുഖ്യമന്ത്രിയും കേരളത്തിലെ നാലു ലക്ഷത്തോളം നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെ കണ്ടില്ലെന്ന്‌ നടിച്ച്‌ മാനേജ്‌മെന്റിന്‌ അനുകൂലമായ സമീപനമാണ്‌ സ്വീകരിക്കുന്നതെന്നാണ്‌ നേഴ്‌സിങ്ങ്‌ യൂണിയനുകള്‍ ആരോപിക്കുന്നത്‌. സാധാരണക്കാരന്റെ കൂടെയാണ്‌ സര്‍ക്കാര്‍ എങ്കില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉറക്കം വെടിഞ്ഞ്‌ ഉണരട്ടെ. മൂന്നുദിവസത്തിനകം മദര്‍ ഹോസ്‌പിറ്റല്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുകയാണെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.