Breaking News

Trending right now:
Description
 
Oct 01, 2012

പരുമല തിരുമേനി: ലാളിത്യത്തിന്റെ വിശുദ്ധി

വിനോദ്‌ മത്തായി
image നീതിയുടെയും വിശുദ്ധിയുടെയും പര്യായമായിരുന്നു പരുമലതിരുമേനി ലാളിത്യത്തിലൂടെയാണ്‌ ജനഹൃദയങ്ങള്‍ കീഴടക്കിയത്‌. തികച്ചും സന്യാസതുല്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. 1902 നവംബര്‍ രണ്ടിന്‌ അര്‍ദ്ധരാത്രിയില്‍ അന്‍പത്തിനാലാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇന്ത്യയില്‍നിന്നുള്ള ആദ്യ വിശുദ്ധനാണ്‌ പരുമല കൊച്ചുതിരുമേനി.

നവംബര്‍ ആദ്യവാരവും അവസാന വാരവും തിരുമേനിയുടെ ഓര്‍മ്മതിരുന്നാള്‍ കൊണ്ടാടുകയാണ്‌ സഭ. പരുമലയും ഇദ്ദേഹത്തിന്റെ ജന്മസ്ഥലമായ മുളംതുരുത്തിയും ഇന്ന്‌ സഭയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌.

മുളന്തുരുത്തിയില്‍ 1848 ജൂണ്‍ പതിനഞ്ചിന്‌ കൊച്ചു മത്തായിയുടെയും മറിയത്തിന്റെയും ഏറ്റവും ഇളയ മകനായാണ്‌ ഗീവര്‍ഗീസ്‌ ജനിച്ചത്‌. അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായ ഗീവര്‍ഗീസിനെ എല്ലാവരും ലാളിച്ച്‌ കൊച്ചയ്‌പ്പോറ എന്നുവിളിച്ചു.

ഒറ്റ മകളായ അമ്മയുടെ കുടുംബവീടായ കണ്ടനാട്ടെ പള്ളിപ്പുറത്ത്‌ കല്ലറയ്‌ക്കലിലാണ്‌ ഗീവര്‍ഗീസ്‌ ജനിച്ചതെങ്കിലും മുത്തച്ഛന്റെയും മുത്തശ്ശിയുടെ മരണശേഷം അവര്‍ പിതാവിന്റെ സ്വദേശമായ ചാത്തുരുത്തിയിലേയ്‌ക്ക്‌ താമസം മാറ്റി. തന്റെ ജന്മനാടായ മുളംതുരുത്തിയിലെ മാര്‍ തോമസ്‌ചര്‍ച്ചില്‍ നിന്നാണ്‌ കൊച്ചയ്‌പ്പോറ മാമ്മോദീസ സ്വീകരിച്ച്‌ ഗീവര്‍ഗീസ്‌ എന്ന നാമകരണം ചെയ്യപ്പെട്ടത്‌.

വിശുദ്ധന്റെ ജീവിതത്തിലെ ആദ്യദുരന്തം എത്തിയത്‌ 2-ാം വയസ്സിലാണ്‌. അമ്മയുടെ മരണം. പക്ഷേ ആ വേദന കുഞ്ഞയ്‌പ്പോറ അറിഞ്ഞില്ല, മുത്തസഹോദരി തന്റെ മകനൊപ്പം സഹോദരനായ കുഞ്ഞയ്‌പ്പോറയെയും സ്വന്തം മകനായി സ്വീകരിച്ചു. അധ്യാപികയായ ഓണക്കാവില്‍ അയ്യ എന്ന ഈഴവ സ്‌ത്രീയില്‍ നിന്ന്‌ അക്ഷരങ്ങള്‍ക്കൊപ്പം മനുഷ്യസ്‌നേഹത്തിന്റെ ആദ്യപാഠങ്ങളും പഠിച്ച ഗീവര്‍ഗീസ്‌ ലാളിത്യവും സൗമത്യയും ബാല്യകാലത്തു തന്നെ ജീവിതത്തിന്റെ മുഖമുദ്രയാക്കി മാറ്റിയിരുന്നു.

വൈദിക ജീവിതത്തിന്റെ ഉത്തുംഗ പദവികളില്‍ എത്തിയിട്ടും തന്റെ ആദ്യ ഗുരുവിനെ സ്വദേശത്ത്‌ എത്തുമ്പോഴൊക്കെ കാണുവാന്‍ സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍പ്പോലും തന്റെ ഗുരുവിന്‌ മുമ്പില്‍ ഇരിക്കാന്‍ ഈ വിശുദ്ധന്‍ തയ്യാറായിരുന്നില്ല. അത്രമാത്രം വിനയാനിതനായ ഇദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹത്തോടെ ചാത്തുരുത്തി തിരുമേനി എന്നും കൊച്ചു തിരുമേനിയെന്നും വിളിച്ചിരുന്നു.

മറ്റുള്ളവരുടെ വേദനകള്‍ സ്വന്തം വേദനയായി സ്വീകരിച്ചിരുന്ന അദ്ദേഹം റമ്പനായത്‌ 1857 സെപ്‌റ്റംബര്‍ 14-നാണ്‌. ലോകത്താകെ വിശുദ്ധകുരിശിന്റെ തിരുന്നാള്‍ ആഘോഷിക്കുന്ന പുണ്യദിനമായിരുന്നു അന്ന്‌. 1876-ലാണ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരു സ്വീകരിച്ച്‌ വൈദികനായത്‌. ഇഗ്നേഷ്യസ്‌ പീറ്റര്‍ തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം നിരണത്തിന്റെ ബിഷപ്പായി മാറി.

പരുമലയില്‍ സെമിനാരി സ്ഥാപിച്ചുകൊണ്ടാണ്‌ ദൈവികജീവിതത്തില്‍ മറ്റൊരു കാല്‍വയ്‌പ്പ്‌ ആരംഭിച്ചത്‌. ലോകഭൂപടത്തില്‍ തന്നെ സഭയ്‌ക്ക്‌ സ്ഥാനം നേടികൊടുക്കുവാന്‍ ഈ വിശുദ്ധന്റെ ജീവിതം സഹായമായി.

കര്‍മ്മപാതയില്‍ വിട്ടുവീഴ്‌ച്ചയില്ലാത്ത കാരുണ്യവും സഹാനുഭൂതിയും കൈമുതലായ ഇദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്‌ 1902 നവംബര്‍ 2-നാണ്‌. 545ഇഹലോക ജീവിതം വെടിഞ്ഞ ഇദ്ദേഹത്തെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. പിന്നീട്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയും.