Breaking News

Trending right now:
Description
 
Mar 19, 2013

സരസ്വതി സമ്മാന്‍ പുരസ്‌കാരം സുഗതകുമാരിക്ക്‌

image രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ സരസ്വതി സമ്മാന്‍ പുരസ്‌കാരം മലയാളത്തിന്റെ കവയിത്രി സുഗതകുമാരിക്ക്‌. 10 ലക്ഷംരൂപയും പ്രശസ്‌തിപത്രവുമാണ്‌ അവാര്‍ഡ്‌. മണലെഴുത്ത്‌ എന്ന കവിതാ സമാഹാരത്തിനാണ്‌ പുരസ്‌കാരം. ഡല്‍ഹിയിലെ കെ.കെ. ബിര്‍ള ഫൗണ്ടേഷനാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. ഈ വര്‍ഷം മുതലാണ്‌ പുരസ്‌കാരത്തുക പത്തു ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ ആര്‍.സി. ലഹോട്ടി അധ്യക്ഷനായ ജൂറിയാണു പുരസ്‌കാരജേതാവിനെ നിര്‍ണയിച്ചത്‌. സ്‌ത്രീയും പ്രകൃതിയും വിഷയമാകുന്ന സുഗതകുമാരിയുടെ കവിതകള്‍ ആസ്വാദക മനസുകളെ മഥിക്കുന്നതാണെന്നു ജൂറി അഭിപ്രായപ്പെട്ടു. 22 ഇന്ത്യന്‍ ഭാഷകളില്‍ പത്തു വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച കൃതിക്കാണ്‌ കെ.കെ. ബിര്‍ള ഫൗണ്ടേഷന്‍ അവാര്‍ഡ്‌ നല്‍കുന്നത്‌. 1995 ല്‍ കവയിത്രി ബാലാമണിയമ്മയ്‌ക്കും 2005 ല്‍ അയ്യപ്പപ്പണിക്കര്‍ക്കും സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 1967-ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാ സമാഹാരത്തിനു സാഹിത്യ അക്കാദമിയുടെ അവാര്‍ഡും രാത്രിമഴയ്‌ക്കു 1977-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1981 ല്‍ പുറത്തിറങ്ങിയ `അമ്പലമണികള്‍'ക്കു വയലാര്‍ അവാര്‍ഡും ആശാന്‍ പുരസ്‌കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഈ കവയിത്രിയെ തേടിയെത്തിയിട്ടുണ്ട്‌.