Breaking News

Trending right now:
Description
 
Mar 19, 2013

പൂട്ടിക്കിടക്കുന്ന ദേവാലയങ്ങള്‍ തുറക്കണം: ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌

image പൂട്ടിക്കിടക്കുന്ന ദേവാലയങ്ങള്‍ തുറക്കുന്നതിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു യാക്കോബായ സഭ സുനഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത. യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിവിധി നടപ്പാക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ അനുകൂല നിലപാട്‌ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഇപ്പോള്‍ നീതി നിഷേധിക്കുകയാണ്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശിപാര്‍ശ അനുസരിച്ചേ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ എന്ന നിലപാടാണ്‌ സര്‍ക്കാരിനുള്ളത്‌. പ്രതിഷേധ ഉപവാസം സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം വച്ചുള്ളതല്ല. മറിച്ച്‌ സഭയ്‌ക്കു ലഭിക്കാനുള്ള നീതി നടപ്പാക്കിത്തരാന്‍വേണ്ടിയാണ്‌. സഭയുടെ എല്ലാ ദേവാലയങ്ങളും പണിതിട്ടുള്ളത്‌ അതതു മേഖലയിലുള്ള ജനങ്ങളാണ്‌. കണ്ണീരും വിയര്‍പ്പുമൊഴുക്കി പണിതുയര്‍ത്തിയ പള്ളികള്‍ ചെറിയ ഒരു വിഭാഗത്തിനായി നല്‌കുന്ന തരത്തിലുള്ള നീക്കങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടാകുന്നത്‌. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ പൂട്ടാന്‍ മാത്രം നേതൃത്വം നല്‌കിയാല്‍ പോരാ. കോടതിയില്‍ നിന്നു നൂറു ശതമാനം അനുകൂല വിധിയുണ്ടായ പല സ്ഥലങ്ങളിലും വിധി നടപ്പാക്കിത്തരേണ്ട സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രതികൂല നടപടികളാണ്‌ ഉണ്ടാവുന്നത്‌. 

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ സഭ ഒട്ടും സന്തുഷ്ടരല്ല. കോടതിവിധി നടപ്പാക്കണം. പൂട്ടിക്കിടക്കുന്ന പള്ളികളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ മധ്യസ്ഥശ്രമങ്ങളിലൂടെ പരിഹരിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. പിറവം പള്ളിയില്‍ ഉള്‍പ്പെടെ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിന്‌ അനുകൂലമായ നിലപാടാണ്‌ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്നു കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ആരോപിച്ചു. പിഴത്തോട്ടം പള്ളിയില്‍ യാക്കോബായ വിഭാഗം വിശ്വാസികളെ പൊലീസ്‌ തല്ലിച്ചതച്ചു. പള്ളി പിടിച്ചുകൊടുക്കുന്ന പരിപാടിയില്‍നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്നും മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ആരുടെയും മുന്നില്‍ ആരാധനാലയങ്ങള്‍ പൂട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നു ക്‌നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ അഭിപ്രായപ്പെട്ടു. ഉപവാസ സമരത്തില്‍ സഭാധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാബാവ പങ്കെടുത്തില്ല.