Breaking News

Trending right now:
Description
 
Mar 19, 2013

ബജറ്റും പ്രവാസികളും

image

മക്കളെല്ലാം ഗള്‍ഫിലേയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്‌ക്കും കുടിയേറിയപ്പോള്‍ നാട്ടിലെ ഇത്തിരി ഭൂമി റിയല്‍ എസ്‌റ്റേറ്റുക്കാര്‍ക്ക്‌ വിറ്റ്‌ കിട്ടിയ കാശിന്‌ വലിയവീടും വാങ്ങി പത്രാസില്‍ കഴിയുന്നവര്‍ നെഞ്ചിടിപ്പോടെയാണ്‌ വിദേശ വാര്‍ത്തകള്‍ കേള്‍ക്കുന്നത്‌.  കാരണം, സ്വദേശിവല്‍ക്കരണം, തൊഴിലില്ലായ്‌മ, തുടങ്ങിയ വിവിധ വിഷയങ്ങളുടെ പേരില്‍ പലരും തൊഴില്‍ നഷ്ടപ്പെട്ട്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങിക്കൊണ്ടിരിക്കുകയാണ്‌.  അപ്പോള്‍ വിദേശത്ത്‌ കഴിയുന്നവര്‍ പ്രതീക്ഷയോടയാണ്‌ ബജറ്റിനെ നോക്കിയത്‌. 

കൃഷിയുടെ വ്യവസായവും പച്ചപിടിക്കാത്ത കേരളത്തില്‍ വിദേശനാണ്യമാണ്‌ സംസ്ഥാനത്തിന്റെ ശക്തിയെന്നും 50,000 കോടി രൂപ സംസ്ഥാന ഖജനാവില്‍ മുതല്‍ക്കൂട്ടുന്ന വിദേശമലയാളിയെ അഭിനന്ദിക്കാനും സര്‍ക്കാര്‍ ഔദാര്യം കാണിച്ചു. എന്നാല്‍ നല്ലവാക്ക്‌ പറയാന്‍ നാട്ടില്‍ നിന്ന്‌ ഗള്‍ഫില്‍ എത്തുന്ന നേതാക്കന്മാര്‍ വിമാനം മുതല്‍ കപ്പല്‍ വരെ വാഗ്‌ദാനം ചെയ്യുകയും ചെയ്യും. ബജറ്റ്‌ വരുമ്പോള്‍ അവരെ മറക്കുകയും ചെയ്യും.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ മാത്രം വരുന്ന 30 ലക്ഷം മലയാളികള്‍ക്ക്‌ സര്‍ക്കാര്‍ മാറ്റി വച്ചത്‌ ഒരു കോടി രൂപ. ഗള്‍ഫിലെ പ്രവാസി കൂട്ടായ്‌മകള്‍ പോലും കാണിക്കുന്ന ഔദാര്യം പോലും സര്‍ക്കാര്‍ ഇവരുടെ ക്ഷേമത്തിനായി കാണിച്ചില്ല എന്നതാണ്‌ വാസ്‌തവം. പതിനായിരത്തോളം കോടിരൂപയുടെ വര്‍ധനവാണ്‌ വിദേശമലയാളികള്‍ വഴി നാടിന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. വിദേശമലയാളികളുടെ ക്ഷേമം കേന്ദ്ര സര്‍ക്കാര്‍ വിഷയമായി ചുരുക്കാന്‍ സംസ്ഥാനത്തിന്‌ കഴിയില്ല. 

മൂന്നുമാസം പ്രായമായ കുഞ്ഞിനെ നാട്ടില്‍ ഉപേക്ഷിച്ച്‌ കുടുംബം പുലര്‍ത്താന്‍ അന്യനാട്ടില്‍ പണിയെടുക്കുന്ന പാവപ്പെട്ട വനിത നഴ്‌സുമാരുടെ പ്രശ്‌നത്തെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചതുപോലുമില്ല. ഗണേശന്റെ കുടുംബം വിഷയം തീര്‍ക്കാന്‍ നടക്കുന്ന മന്ത്രി ഷിബുവിന്‌ ഈ വിഷയങ്ങള്‍ അത്ര താല്‌പര്യമുണ്ടാകാന്‍ വഴിയില്ല.

ആയിരക്കണക്കിന്‌ മലയാളി നഴ്‌സുമാര്‍ സൗദിയില്‍ നിന്ന്‌ തൊഴില്‍ നഷ്ടപ്പെട്ട്‌ കേരളത്തിലേയ്‌ക്ക്‌ മടങ്ങുകയാണ്‌. ലക്ഷങ്ങള്‍ മുതല്‍ മുടക്കി വിദേശത്തേയ്‌ക്ക്‌ പോയി തൊഴില്‍ നഷ്ടപ്പെട്ട്‌ നാട്ടില്‍ തിരിച്ചെത്തുന്ന മലയാളി നഴ്‌സുമാരെ ബജറ്റ്‌ പ്രത്യേകം പരിഗണിക്കാതിരുന്നത്‌ അവര്‍ക്ക്‌ ശക്തമായ സംഘടനകളുടെ അഭാവം കൊണ്ടാണ്‌. (ചില നേഴ്‌സിംഗ്‌ സംഘടനകള്‍ പ്രതീക്ഷ നല്‌കി രൂപം കൊണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക്‌ നഴ്‌സുമാരുടെ അടിസ്ഥാന വിഷയങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ കണ്ടുവരുവാന്‍ സാധിക്കുന്നില്ല, മറ്റു വിഷയങ്ങളിലേയ്‌ക്ക്‌ ശ്രദ്ധമാറി പോയിരിക്കുന്നു. നേഴ്‌സുമാര്‍ നീണാള്‍ വാഴട്ടെ,ഫണ്ട്‌ വേണ്ടേ പാവങ്ങള്‍ക്ക്‌ പ്രവൃത്തിക്കാന്‍) വിദേശ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികളും തൊഴില്‍ നല്‌കാമെന്ന്‌ പേരില്‍ വന്‍തട്ടിപ്പാണ്‌ കേരളത്തിന്റെ പലഭാഗത്തും നടത്തുന്നത്‌. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബജറ്റില്‍ ഏതന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകേണ്ടതായിരുന്നു. തൊഴില്‍ രഹിതരായി വിദേശത്ത്‌ നിന്ന്‌ എത്തുന്ന നഴ്‌സുമാരുടെ ക്ഷേമത്തിന്‌ സര്‍ക്കാര്‍ ബജറ്റില്‍ ഏന്തെങ്കിലും വകയിരുത്താന്‍ പരാജയപ്പെട്ടു. പുരുഷ നേഴ്‌സുമാര്‍ സ്വദേശത്തും വിദേശത്തും ഒന്നുപോലെ തൊഴിലില്ലായ്‌മ അഭിമുഖീകരിക്കുകയാണ്‌. 

തിരിച്ച്‌ വരവില്‍ ജീവിതം ഏത്‌ തുരുത്തില്‍ അടുപ്പിക്കണമെന്നറിയാത്ത പാവം പ്രവാസികള്‍ക്കാണ്‌ വ്യവസായം തുടങ്ങാന്‍ വെറും ഒരുകോടി രൂപയുടെ വാഗ്‌ദാനവുമായി സര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത്‌. ഈ സര്‍ക്കാര്‍ പ്രവാസികളെ എത്ര പുച്ഛത്തോടെയാണ്‌ കാണുന്നതെന്നാണ്‌ ഇത്‌ വെളിവാക്കുന്നത്‌. ക്രൂരഫലിതം ഈ ഒരുകോടിയെന്ന്‌ മലയാളി സംഘടനകള്‍ ഗ്ലോബല്‍ മലയാളം ബജറ്റ്‌ പ്രതികരണം ചോദിച്ചപ്പോള്‍ മറുപടി നല്‌കിയത്‌.