Breaking News

Trending right now:
Description
 
Mar 17, 2013

അതിശയിപ്പിക്കുന്ന അഭ്യാസങ്ങളുമായി അഘോരി സന്യാസിമാര്‍

Dipin Joseph/Global Malayalam Exclusive
image


 നഗ്നസാധുക്കളുമായി ആദ്യ കൂടിക്കാഴ്‌ച
 

 സ്‌ത്രീകളടക്കം വന്‍ ജനാവലിയാണ്‌ അലഹബാദിലെ മഹാകുംഭമേളയില്‍ പങ്കെടുത്തത്‌. സന്യാസിമാരെ കാണാനും അനുഗ്രഹം വാങ്ങാനുമായി എത്തിയവര്‍. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍മാത്രം നടക്കുന്ന കുംഭമേളയില്‍ അഘോരി സന്യാസികളുടെ കാഴ്‌ചതന്നെ പുണ്യമായി കരുതപ്പെടുന്നു. ഭൈരവരൂപമായാണ്‌ അഘോരികള്‍ കരുതപ്പെടുന്നത്‌. അതായത്‌ സാക്ഷാല്‍ പരമശിവനെ കാണുന്നതുപോലെയാണ്‌ അഘോരികളെ കാണുന്നത്‌. സാധാരണ ഹിന്ദുമതവിശ്വാസത്തില്‍ നിന്നു രീതികളിലും പൂജകളിലുമൊക്കെ വ്യത്യാസമാണ്‌ അഘോരികള്‍ക്ക്‌. ഭൂമിയില്‍ വെറുക്കപ്പെടേണ്ടതും ഉപേക്ഷിക്കേണ്ടതുമായതൊന്നുമില്ലെന്ന്‌ അവര്‍ കരുതുന്നു. 

മനുഷ്യമാംസം കഴിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നവരാണ്‌ അഘോരികള്‍. മൃതദേഹങ്ങളെ പൂജയ്‌ക്കുപയോഗിക്കുകയും ശ്‌മശാനങ്ങളിലെ വിഭൂതി പൂശുകയും ചെയ്യുമെന്നു കരുതപ്പെടുന്ന ഇവരില്‍ പലരും ദിക്കുകളെ മാത്രമാണ്‌ വസ്‌ത്രങ്ങളായി കണക്കാക്കുന്നത്‌. ശവക്കച്ചകളെ വസ്‌ത്രങ്ങളായി ഉപയോഗിക്കുന്നവരുമുണ്ടത്രേ. ഇരുളിന്റെ ശക്തികളെ സ്വന്തമാക്കുകയും അവിടെനിന്ന്‌ വെളിച്ചത്തിന്റെ തീവ്രതയിലേയ്‌ക്ക്‌ എത്തിപ്പെടുകയുമെന്ന രീതികള്‍ പിന്തുടരുന്നവരുണ്ടത്രേ. എല്ലുകള്‍ മാലയാക്കുന്നതും തലയോടുകള്‍ ഭിക്ഷാപാത്രമാക്കുന്നതും പണ്ടുകാലത്ത്‌ അഘോരികളുടെ രീതികളായിരുന്നുവെന്നു കരുതപ്പെടുന്നു.

കുംഭമേളയില്‍നിന്ന്‌ ഡിപിന്‍ പകര്‍ത്തിയ ചിത്രങ്ങള്‍  

അതിശയകരമായ മനശക്തിയും അത്ഭുതസിദ്ധികളുമുള്ളവരാണത്ര അഘോരി സന്യാസിമാര്‍. അവരുടെ സിദ്ധികളുടെ ബലത്തില്‍ ശാരീരിക പരിമിതികളെ മറികടക്കാന്‍ അവര്‍ക്കു കഴിയുമത്രേ. ഇത്തരം സിദ്ധികള്‍ ഭക്തര്‍ക്കായി പ്രദര്‍ശിപ്പിക്കാനും അവര്‍ക്കു മടിയില്ല. നഗ്നസാധുക്കളായ ഇവരുടെ അനുഗ്രഹം വാങ്ങാനെത്തുന്നവര്‍ക്കുമുന്നില്‍ സ്വന്തംശരീരത്തിന്റെ ബലം പ്രദര്‍ശിപ്പിക്കുന്നതു ഞാന്‍ കാമറയില്‍ പകര്‍ത്തി. ഒന്നരയടിനീളമുള്ള രണ്ടുവടികള്‍ക്കുള്ളിലായി ലൈംഗികാവയവം ചുറ്റിപ്പിടിച്ച്‌ വടി പിന്നിലേയ്‌ക്കായി അതില്‍ മറ്റു സന്യാസിമാര്‍ കയറിനില്‍ക്കുന്ന കാഴ്‌ച ആരെയും പിടിച്ചുനിര്‍ത്തും. ചെറുപ്പക്കാരനായ നഗ്നസാധുവിന്റെ പ്രകടനം കൂടിനില്‍ക്കുന്ന സ്‌ത്രീകളുടക്കം ചുറ്റും കൂടിനില്‍ക്കുന്ന ആയിരക്കണക്കിനുപേരുടെയും കണ്ണുകള്‍ അതിശയത്താലും ഭക്തിപാരമ്യത്താലും തുറിച്ചുനില്‍ക്കുകയാണ്‌. എങ്കിലും സാധുവിന്‌ ഭാവഭേദമൊന്നുമില്ല. 


വിജയന്‍, ഷാജി, സന്തോഷ്‌ എന്നിങ്ങനെ മൂന്നുപേരാണ് കേരളത്തില്‍ നിന്നും എത്തിയിരിക്കുന്ന ഇന്‍റെലിജന്‌സ് ഉദ്ധ്യോഗസ്ഥര്‍. വലിയ ഒരു മൈതാനത്തില്‍ ചെറിയ ടെന്ടുകള്‍ ഒന്നിനോടൊന്നു ചേര്‍ത്തു വച്ചിരിക്കുയാണ്. പ്രതികൂല കാലാവസ്ഥയും, അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവുമൊന്നും വകവയ്ക്കാതെ, പരിമിതമായ അന്തരീക്ഷത്തില്‍ ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ കഴിയുകയാണിവര്‍.

അന്ന് അവരോടൊപ്പം അവരുടെ കൂടാരത്തില്‍ കഴിയാന്‍ തീരുമാനിച്ചു. പിറ്റെന്നു രാവിലെ ആഗ്രയിലേക്കും, ഒരു ദിവസത്തെ ആഗ്ര സന്ദര്‍ശനത്തിനുശേഷം തിരികെ നാട്ടിലേക്ക് പോവാനുമാണ് ആലോചിച്ചിരുന്നത്. തൊട്ടടുത്ത കൂടാരത്തിലെ CRPF ഓഫീസര്‍മാരായ രജീഷ്, മാത്യു എന്നീ മലയാളികള്‍ ഒഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ ടെന്ടുകളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോലീസ്, സൈനിക ഉദ്ധ്യോഗസ്ഥരാണ്.

ഉച്ചയോടെകൂടി കനത്ത തണുപ്പോടെ മഴ കോരിചോരിഞ്ഞു. എല്ലാവരും ടെന്ടിനുള്ളില്‍ ഒരുമിച്ചുകൂടി. സംസാരവും, കളിയും ചിരിയും കൊണ്ട് സമ്പുഷ്ടമാക്കിയ ദിവസമായിരുന്നു അത്. രാത്രിയില്‍ വളരെ വൈകി മഴ ശമിച്ചതോടെ ഞങ്ങള്‍ പുറത്തിറങ്ങി. താഴെ ഗംഗയുടെ തീരങ്ങള്‍, രാത്രിയിലും മന്ത്രണങ്ങളും, ഭജനുകളുമായി നിറയുന്നു. ഗംഗ മര്‍മരങ്ങളോടെ ആ ഗാനങ്ങളെ അനുഗമിക്കുന്നു. ചരിത്ര സംഭവങ്ങള്‍ നിറഞ്ഞ ഈ പട്ടണം മികച്ച സംരക്ഷണമോ മേല്‍നോട്ടമോ കൂടാതെ ജീര്‍ണ്ണവസ്ഥയിലേക്ക് നീങ്ങുന്നു. കുറെയേറെ നടന്നിരുന്നു. തിരികെ കൂടാരത്തിലേക്ക്. രാത്രി വാചാലമായിരുന്നു. നക്സലുകള്‍ വാഴുന്ന മധ്യപ്രദേശിലെ കൊടുംകാടുകളിലെ അനുഭവങ്ങളുമായി രജീഷും മാത്യുവും എനിക്കൊപ്പം കൂടി. വനത്തിനു നടുവിലെ കുളത്തില്‍നിന്നും കാട്ടുപോത്തുകളെ ഓടിച്ചുവിട്ടശേഷം ചെളിനിറഞ്ഞ ജലം കോരികുടിക്കേണ്ടി വന്നതും, ചുണ്ട് നനയ്ക്കാന്‍ പോലും വെള്ളമില്ലാതെ കവിളിലൂടെ ഒഴുകിയ വിയര്‍പ്പിനു വേണ്ടി നാവു നീട്ടിയതുമടക്കം എത്രയെത്ര അനുഭവങ്ങള്‍!!!...

വിഷാദംപൂണ്ട കണ്ണുകളോടെ, നിശബ്ദമായി കേട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. ഇതുപോലെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന, എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള, ആയിരക്കണക്കിന് വ്യക്തികള്‍ക്കായി ഹൃദയം നിറഞ്ഞൊരു സല്യൂട്ട് നല്‍കി ഉറങ്ങാനായി പിരിഞ്ഞു.

നിഴല്‍മൂടിയും മൂകവുമായാണ് പുലരി കാണപ്പെട്ടത്. പുലര്‍ച്ചെതന്നെ കോരിച്ചൊരിയുന്ന മഴയെത്തി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആഗ്രയിലേക്കുള്ള യാത്ര ഒരുദിവസത്തെക്കുകൂടിനീട്ടി. സത്യത്തില്‍ ആഴത്തിലും തീവ്രമായും ഞാന്‍ ആസ്വദിച്ച ദിനങ്ങളുടെ പട്ടികയിലേക്ക് ഒരുദിവസംകൂടി രേഖപ്പെടുത്തുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

മഴ ശക്തമായതോടെ കൂടാരത്തിനകത്തേക്ക് വെള്ളം കയറാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് മുട്ടോളം വെള്ളത്തിലായി. കട്ടിലും ബാഗുകളും വാരിക്കെട്ടി സമീപത്തുള്ള സ്റ്റെജിലേക്ക് പാലായനം. അന്ന് മുഴുവന്‍ അവിടെ കഴിയേണ്ടി വന്നു. രസകരമായ മറ്റൊരു പകല്‍ കൂടി. വൈകുന്നേരമായതോടെയാണ് മഴ തോര്‍ന്നത്. അവസാന സന്ധ്യാരശ്മിയും പിന്‍വാങ്ങിയതോടെ ഇന്ദ്രജാലംപോലെ നക്ഷത്രങ്ങളും നിലാവും നല്‍കികൊണ്ട് രാത്രി കടന്നുവന്നു. സന്യാസിയുമായുളള കൂടികാഴ്ചയ്ക്കായി സന്തോഷും രജീഷും എനിക്കൊപ്പം വന്നു. ദിവസത്തിലുടനീളം പട്ടണം നനഞ്ഞു കാണപ്പെട്ടു. മൂകരായി കുനിഞ്ഞ മുഖത്തോടെ ഇരിക്കുന്ന സന്യാസിമാര്‍. എല്ലാവരും ശാന്തരായും വിഷണ്ണരായും കാണപ്പെട്ടു.

സന്യാസം എന്നാല്‍ എന്തെന്നു ഞാന്‍ മനസ്സിലാക്കിയത്‌ ഞങ്ങള്‍ കണ്ടുമുട്ടിയ യോഗിയില്‍ നിന്നാണ്. രജീഷ് മുഖാന്തരമാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്. തുടക്കത്തില്‍ വ്യക്തിപരമായ പലചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കാന്‍ അദ്ദേഹം വിമുഖത കാട്ടിയെങ്കിലും എന്‍റെ ജിജ്ഞാസയെപ്രതി ഒരുപാട്കാര്യങ്ങള്‍, വേദങ്ങളും ഉപനിഷത്തുകളും ഹൃദിസ്ഥമാക്കിയനാള്‍ മുതല്‍ ഒരു യോഗിയായി തീര്‍ന്നതുവരെയുളള കാര്യങ്ങള്‍ എനിക്ക് വിശദീകരിച്ചുതന്നു. രാജസ്ഥാനിലെ വനത്തിനു നടുവിലെ അദ്ദേഹത്തിന്‍റെ ആശ്രമത്തിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. തീര്‍ച്ചയായുംവരും എന്ന് ഉറപ്പുകൊടുത്തു പിരിഞ്ഞു. നവീനമായ ഒരു സൌന്ദര്യം സൃഷ്ടിച്ചു കൊണ്ടു, അനാവരണം ചെയ്യപ്പെട്ട സ്വപ്നങ്ങളും, അവ സൃഷ്‌ടിച്ച പ്രകമ്പനങ്ങളുമായി ഞാന്‍ ഇവിടെ എത്തിയിട്ട് 3 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു.

പുലര്‍ച്ചെ 7 മണിക്കുള്ള ബസ്സില്‍ ആഗ്രയിലേക്ക് തിരിച്ചു. ഒരുയാത്രയുടെ അദ്ധ്യായം എനിക്ക് സമ്മാനിച്ച ആ നല്ല സുഹൃത്തുക്കള്‍ ബസ്‌സ്റ്റെഷനിലെക്കു എന്നെ അനുഗമിച്ചിരുന്നു. യാത്ര പറയാന്‍വേണ്ട ഉചിതമായ വാക്കുകളും ഭാവങ്ങളും എനിക്ക് ലഭിച്ചില്ല. ബസ് നീങ്ങിത്തുടങ്ങി, കാണാന്‍ കഴിയാത്തവിധം അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഇരമ്പലിന്‍റെ അകമ്പടിയോടെ നിശബ്ദത എന്നില്‍ പരന്നു. ദൂരെ സ്ഥിതിചെയുന്ന ഇതിഹാസഭൂമിയായ അലഹബാദിന് എന്‍റെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടാവും എന്ന് ഒരിക്കല്‍പ്പോലും ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് അനശ്വരമായ പ്രതിധ്വനികള്‍ സൃഷ്ടിച്ച് അവ എന്‍റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയിരിക്കുന്നു. കീഴടക്കാനാവാത്ത സൌന്ദര്യത്തോടെ ഗംഗ അതിന്‍റെ പ്രവാഹം തുടരുന്നു, എന്‍റെ യാത്രകളും.