Breaking News

Trending right now:
Description
 
Mar 17, 2013

കാതോലിക്കാബാവ നാളെ സെക്രട്ടറിയേറ്റ്‌ പടിക്കല്‍ ഉപവസിക്കും

image ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും നാളെ സെക്രട്ടേിയറ്റ്‌ പടിക്കല്‍ ഉപവസിക്കുമെന്നു തൃശൂര്‍ ഭദ്രാസനാധിപന്‍ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌. കോടതി വിധികള്‍ യാക്കോബായ സഭയ്‌ക്ക്‌ അനുകൂലമായിട്ടും ജനഹിതം നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീതി നിഷേധത്തിനെതിരേയാണ്‌ ഉപവാസമെന്നു തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സഭാ പ്രശ്‌നം സംബന്ധിച്ച്‌ ആരു മധ്യസ്ഥത വഹിച്ചാലും തങ്ങള്‍ ചര്‍ച്ചയ്‌ക്കു തയാറാണ്‌. ഓര്‍ത്തഡോക്‌സ്‌ - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറക്കാന്‍ മധ്യസ്ഥര്‍ നേതൃത്വം നല്‌കണം. സഭാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന നോമ്പുകാലവും ഹാശാ ആഴ്‌ചയും പള്ളികള്‍ അടഞ്ഞു കിടക്കുന്നത്‌ അനുവദിക്കാന്‍ കഴിയില്ല. യാക്കോബായ സഭയക്കു മാത്രം ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു അവസ്ഥയാണ്‌. ചര്‍ച്ചകള്‍ പ്രഹസനമായി മാറുന്നു. യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകള്‍ എടുക്കുന്നു. ആലുവാ തൃക്കുന്നത്തു സെമിനാരിയിലെ പെരുന്നാളിനോട്‌ അനുബന്ധിച്ചു സര്‍ക്കാര്‍ ഏകപക്ഷീയമായി കോടതിയെ സമീപിച്ചതു ലജ്ജാകരമാണ്‌. സഭയോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധ നിലപാടില്‍ പ്രതിഷേധിച്ച്‌ ഇന്നു സഭ എല്ലാ പള്ളികളിലും പ്രതിഷേധ ദിനം ആചരിക്കും. പിറവം കേന്ദ്രീകരിച്ചു പ്രതിഷേധ സമ്മേളനം നടത്തും. നാളെ സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രേഷ്‌ഠകാതോലിക്കായുടെയും മെത്രാപ്പോലീത്താമാരുടേയും ഉപവാസത്തിനുശേഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീതിപൂര്‍വമായ സമീപനം ഉണ്ടായില്ലെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ കോട്ടയത്തു വിശ്വാസികളുടെ മഹാസംഗമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.