Breaking News

Trending right now:
Description
 
Mar 16, 2013

അയ്യേ, പൂയ്‌... മലയാളത്തിന്‌ ശ്രേഷ്‌ഠ പദവി എവിടെ?

image തമിഴും തെലുങ്കും എന്നുവേണ്ട പല ഭാഷക്കാരും ശ്രേഷ്‌ഠ ഭാഷാപദവി സ്വന്തമാക്കിയപ്പോള്‍ മലയാള ഭാഷ നാണിച്ചു നില്‌ക്കുകയായിരുന്നു.

അയ്യേ പൂയ്‌...എന്ന്‌ അവര്‍ മാതൃഭാഷയില്‍ അപമാനിച്ചപ്പൊള്‍ മലയാളത്തിന്റെ കണ്ണുനീര്‍ കാണാന്‍ ഭാഷാപണ്ഡിതന്‍ പിസി അവതരിച്ചു. നാട്ടുകാരന്‍, വാമൊഴിവഴക്കത്തിന്റെ അഗ്രഗണ്യന്‍ എന്നതൊന്നും തലയ്‌ക്കു പിടിക്കാത്ത പച്ചമനുഷ്യന്‍. കൈയോടെ, കേന്ദ്ര ഭാഷക്കാരെ വിളിച്ച്‌ മലയാളത്തിന്‌ മറ്റേ പദവി കിട്ടാന്‍ എന്താടാ മക്കളെ പ്രശ്‌നമെന്ന്‌ ചോദിച്ചു. അപ്പോഴാണ്‌ കേന്ദ്രന്‍മാര്‍ മൊഴിയുന്നത്‌ മലയാളത്തിന്‌ പഴമ അത്ര പോരാ. ആളിത്തിരി പുതിയതാ.

ഇതുകേട്ടതോടെ ഭാഷാ പണ്ഡിതന്‍ പിസി ചിരിയോടെ രണ്ടുമൂന്ന്‌ വാക്കുകള്‍ മൊഴിഞ്ഞു. "ഈ വാക്കുകള്‍ മലയാളത്തില്‍ ചിരപരിചിതമാണ്‌ അര്‍ത്ഥം പറഞ്ഞു തന്നാല്‍...നീയൊക്കെ പറയുന്ന പണി ഞാന്‍ ചെയ്യാം." എന്നുതന്നെ വച്ചുകാച്ചി.

ഇതുകേട്ടതും അവര്‍ മലയാള ഭാഷയുടെ വേരുകള്‍ തേടിയിറങ്ങി. പൂഞ്ഞാര്‍ ശബ്ദ താരാവലി എഴുതിയ പിസിയുടെ അറിവിന്‌ മുമ്പില്‍ മലയാള ഭാഷ നാണിച്ചു പോയി. സംസ്‌കൃതമല്ല അതിനുമുമ്പ്‌ നിലനിന്നിരുന്ന സിന്ധുനദീതട സംസ്‌ക്കാരത്തില്‍ ഉപയോഗിച്ചിരുന്ന ചില വാക്കുകള്‍ മലയാള ഭാഷയില്‍ നിലനില്‍ക്കുന്നുണ്ടത്രേ. പാവം മലയാള ഭാഷയ്‌ക്കുപോലും അറിയാത്ത ആ വലിയ രഹസ്യമാണ്‌, പിസിച്ചായന്റെ വലിയ അറിവിന്‌ മുമ്പില്‍ മലയാളം നമ്രശിരസ്‌കമായത്‌.

അങ്ങനെ മനസറിഞ്ഞ്‌ മേലാളന്മാര്‍ മലയാള ഭാഷയ്‌ക്ക്‌ പദവി നല്‌കാമെന്നായി. ഇനി 'ആ പദവി 'സ്വന്തമാക്കണമെങ്കില്‍ ഇനിയും ഏറെ കടമ്പ കടക്കണം. വാമൊഴിയായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പല വാക്കുകളും പിസിയ്‌ക്ക്‌ അറിയാമെന്ന്‌ മനസിലാക്കിയാണ്‌ ദൃശ്യന്‍മാര്‍ പിസിയ്‌ക്ക്‌ സമീപം കൂടിയത്‌. ചിക്കന്‍ ഗുനിയ, പക്ഷിപ്പനി, ഓന്തുപനി, ഉറുമ്പ്‌ പനി, ആനപ്പനി തുടങ്ങിയ വിവിധ തരം പനികള്‍ നാട്ടില്‍ നടമാടുമ്പോള്‍ ദൃശ്യന്‍മാര്‍ പിസിയെ വിളിക്കും.

ഏത്‌ വിഷയത്തിലും തനി നാടന്‍ മലയാളത്തില്‍ പറയുന്ന മറുപടികള്‍ക്ക്‌ കിട്ടുന്ന റേറ്റിങ്ങ്‌ മലയാളഭാഷയുടെ പൗരാണികതയുടെ കേന്ദ്ര ബിന്ദുക്കളായി..

പാവം സത്യസന്ധനായ, വ്യത്യസ്‌തനായ ഈ മനുഷ്യനെ തിരിച്ചറിഞ്ഞത്‌ നികേഷ്‌ ആന്‍ഡ്‌ ടീമാണ്‌. നികേഷിന്റെ ഭാഷാ സ്‌നേഹം കൂട്ടുന്നത്‌ ചാനലിന്റെ റേറ്റിങ്ങാണെന്ന്‌ അറിഞ്ഞ്‌ മറ്റു ദൃശ്യന്‍മാരും ഇവിടെ കൂടി.

വെള്ളകുടി മുട്ടിയാല്‍ എന്താ, അരിയുടെ വിലകൂട്ടിയാല്‍ എന്താ, അതെല്ലാം മറന്നേക്കൂ, പിസിച്ചായന്‍ ലൈവ്‌ കാണൂ എന്നായി ദൃശ്യന്‍മാര്‍.
ഹോ ...ഇത്തരം വര്‍ത്തമാനങ്ങള്‍ കേട്ട്‌ ഉമ്മന്‍സ്‌ വരെ ഗവണ്‍മെന്റ്‌ ചാനല്‍ തുടങ്ങിയാലോ എന്ന്‌ ആലോചിച്ചതാണ്‌.

അടുത്ത കാലം വരെ ദൃശ്യന്‍മാര്‍ നാട്ടുകാരെക്കൊണ്ട്‌ പാട്ട്‌ പാടിച്ചാണ്‌ വധിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പിസിച്ചായനെക്കൊണ്ട്‌ മലയാള ഭാഷയെ ദേവഭാഷയാക്കി മാറ്റാനുള്ള നടപടികളാണ്‌ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്‌. മാധ്യമങ്ങളുടെ ഈ നടപടികള്‍ക്ക്‌ പിസി ഫാന്‍സ്‌ അസോസിയേഷന്റെ ഭാവുകങ്ങള്‍. വിലക്കയറ്റം, വരള്‍ച്ച, പട്ടിണി, എന്നി വിഷയങ്ങള്‍ക്ക്‌ വിലത്തകര്‍ച്ച ഉണ്ടാകുകയും പീഡനം, പിസിച്ചാന്‍ എന്നി വിഷയങ്ങള്‍ക്ക്‌ ഉണ്ടായ വിലകയറ്റവും പ്രമാണിച്ച്‌ ഈ വിഷയങ്ങളെക്കുറിച്ച്‌ പിസിച്ചായന്‍ പ്രഭാഷണം എല്ലാ ദൃശ്യമാധ്യമങ്ങളിലും യൂട്യൂബിലും ലൈവായി കാണാം.

ജയ്‌ മലയാള ഭാഷ, ജയ്‌ പിസി