Breaking News

Trending right now:
Description
 
Mar 16, 2013

രാജഭാവത്തോടെ ദിഗംബരസന്യാസിമാര്‍, നഗ്നതകൊണ്ടും അഭ്യാസങ്ങള്‍

Dipin Joseph/Global Malayalam Exclusive
image ഉച്ചഭാഷിണിയില്‍നിന്നുള്ള ഭജന്‍ കേട്ടാണ് ഉണര്‍ന്നത്. വളരെ പണിപ്പെട്ട് ഞാന്‍ എന്നെത്തന്നെ വീണ്ടെടുത്തു. നാലുമണിയായിട്ടില്ല. പ്രാഥമിക കൃത്യങ്ങള്‍ക്കായി താല്‍ക്കാലികമായി നിര്‍മ്മിച്ച പ്രദേശത്ത് ആളുകളുടെ തിരക്ക്. ബാഗില്‍നിന്നും ആവശ്യസാധനങ്ങള്‍ എടുക്കാനായി കൂടാരത്തിലെത്തിയപ്പോഴും സ്വാമി ഉറക്കത്തിലാണ്ട് കിടക്കുകയായിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷം ക്യാമറയുമായി പുറത്തിറങ്ങി.

അഘോരികള്‍ ഓരോരുത്തരായി സ്നാനത്തിനു തയ്യാറായി വരുന്നു. ചിലര്‍ കുതിരപ്പുറത്ത് രാജകീയ ഭാവത്തിലാണ്. അവരുടെ ഓരോ പ്രവൃത്തിയിലും ഒരു ഗംഭീരഭാവം നിഴലിച്ചിരുന്നു. കൊടുംതണുപ്പിലും നഗ്നശരീരത്തില്‍ ഭസ്മം പുരട്ടി നൂല്‍ബന്ധമില്ലാതെ നില്‍ക്കുന്നു. ചുറ്റും തൊഴുകൈകളോടെ ഭക്തജനങ്ങള്‍. 'ഹര്‍ഹര്‍ മഹാദേവ്' വിളികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ചിലര്‍ ജമന്തിപ്പൂക്കളാല്‍തീര്‍ത്ത മാല അരയില്‍ ‍ചുറ്റി അത്യാവശ്യം ഭാഗങ്ങള്‍ മറച്ചിട്ടുണ്ട്‌. പക്ഷെ ആവേശം അതിരുകടക്കുമ്പോള്‍ പൂക്കള്‍ പറിച്ചെടുത്ത്‌ ഭക്തര്‍ക്ക്‌ നേരെ എറിയുന്നു. മറഡോണ കണ്ണൂരില്‍ ഫുട്ബോള്‍ തട്ടികൊടുത്തപ്പോള്‍ യുവാക്കള്‍ക്കുണ്ടായിരുന്ന അതേ ആവേശത്തോടെ ആളുകള്‍ ആ പൂക്കള്‍ക്കായി മത്സരിക്കുന്നു.<br><br>വിദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഭൂരിഭാഗവും. ഞാന്‍ ഭയന്നതില്‍നിന്നും നേര്‍വിപരീതമെന്നോണം ക്യാമറയോട് കൂടുതല്‍ അടുപ്പമാണ് സന്യാസിമാര്‍ കാണിച്ചത്. കുതിരപ്പുറത്ത്ഇരിന്നിരുന്ന ഒരു സന്യാസിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ അദ്ദേഹം എന്നെ രൂക്ഷമായി നോക്കുന്നതായി തോന്നി. ഭയന്നുപോയ ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്തിയശേഷം ആകാംക്ഷയോടെ ഒരുവശത്തേക്ക്‌ ഒതുങ്ങിനിന്നു. പക്ഷെ എന്‍റെക്യാമറയ്ക്ക് മുന്നില്‍ തടസ്സംനിന്നവരോട് മാറിനില്‍ക്കാന്‍ ആംഗ്യം കാണിച്ചശേഷം കൂടുതല്‍ വ്യക്തമായ ചിത്രമെടുക്കാന്‍ അടുത്തേക്ക്‌ വിളിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. സന്തോഷത്താല്‍ മതിമറന്ന ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം കുറച്ചു സമയത്തേക്ക് ക്യാമറ ഓഫ്‌ ചെയ്തുകൊണ്ട് കൈകള്‍ ഉയര്‍ത്തി, അദ്ദേഹത്തിന്‍റെ വാക്കുകളെ രഹസ്യമന്ത്രണംപോലെ പിന്തുടര്‍ന്നുകൊണ്ട് ഉറക്കെ വിളിച്ചു 'ഹര്‍ ഹര്‍ മഹാദേവ് ... "

 

സന്യാസികളെ പിന്തുടര്‍ന്നുകൊണ്ട് ഭക്തരും സ്നാനത്തിനായി സംഗമത്തിലേക്കു നീങ്ങി. പ്രവാഹം കണക്കു നീങ്ങിത്തുടങ്ങിയ ആള്‍ക്കൂട്ടത്തിലൂടെ ഞാനും നടന്നു. ശബ്ദമയവും, ആവേശഭരിതവുമായ ജീവിതങ്ങളെയാണ്‌ അവിടെ കണ്ടത്. വിശ്വാസം, അത് ചിലപ്പോള്‍ അന്ധമായിരിക്കാം എന്നിരുന്നാലും അതുവഴി ഒരാള്‍ക്ക് തന്‍റെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തില്‍ മാധുര്യമേറിയ ഒരു പ്രശാന്തത നേടാന്‍ കഴിഞ്ഞാല്‍ അതാണ്‌ വിശ്വാസത്തിന്‍റെ മുഖ്യആവിഷ്കാരം.

വിശ്വാസലഹരിയുടെ മിഥ്യാബോധം ഉണര്‍ത്തുന്ന കോലാഹലങ്ങളാണ് അവിടെ കാണാന്‍ സാധിച്ചത്. ജമന്തിപ്പൂക്കള്‍ ആളുകള്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു, നഗ്നത കൂടുതല്‍ അനാവൃതമാവുകയും ചെയ്തു. നദിയോട് കൂടുതല്‍ അടുത്തതോടെ പോലീസ്, ഞാനുള്‍പ്പെടെയുള്ള മുഴുവന്‍ ക്യാമറമാന്‍മാരെയും ബാരികേടിനുള്ളില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരാണ് എന്നുള്ളകാര്‍ഡു കാണിച്ചിട്ടുപോലും, സന്യാസിമാര്‍ക്കൊപ്പം നദിയിലേക്ക് പോവാന്‍ ആരെയും അനുവദിച്ചില്ല. വിദേശികളായ ചില ഫോട്ടൊഗ്രാഫര്മാര്‍ പോലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഞാന്‍ അതിനൊന്നും മുതിരാതെ ബാരികേട്‌ നുഴഞ്ഞുകയറി നദിക്കരയിലെത്തി.

പ്രഭാതം പട്ടണത്തെയും നദിയിലെ ജലത്തെയും സ്പര്‍ശിച്ച് ഒരുപാടുനേരം കഴിഞ്ഞിരുന്നില്ല. ക്യാമറ മഞ്ഞുകൊണ്ടു നനഞ്ഞിരുന്നു. തിളങ്ങുന്ന മഞ്ഞിനിടയിലൂടെ സൂര്യന്‍ കുതിച്ചുപൊങ്ങി. ഉദിക്കുന്ന സൂര്യനൊപ്പം അവരുടെ വികാരവും ഉയരുന്നതായിതോന്നി. സന്യാസികള്‍ പിന്‍വാങ്ങി തുടങ്ങിയതോടെ ഗംഗാതീരം ഭക്തരെ കൊണ്ട് നിറഞ്ഞു. ഇഹപരമായ പാപങ്ങളില്‍ നിന്നും മുക്തിതേടി ഗംഗയില്‍ മുങ്ങുന്നവര്‍. പലതരക്കാര്‍, പലതട്ടിലുള്ളവര്‍. ആളുകളുടെ ഉയര്‍ച്ചയോ താഴ്ച്ചയോ നോക്കാതെ,ജനിമൃതികളും പാപങ്ങളും ഏറ്റുവാങ്ങികൊണ്ട് ഗംഗ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നദിയില്‍ പറയത്തക്ക മാലിന്യമില്ല. 

നദിയില്‍ വീഴുന്ന ഓരോ പൂക്കള്‍പോലും ഉടനടി, വളരെ സൂക്ഷ്മതയോടെ നീക്കം ചെയ്യുവാനായി സൌകര്യപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള മനുഷ്യതലമുറയുടെ പാപങ്ങള്‍ ഏറ്റുവാങ്ങി, കാലക്രമത്തില്‍ സ്വാഭാവികമായും ഗംഗ മലിനപെട്ടിടുണ്ടാവും എങ്കില്‍ പോലും അനശ്വരതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗംഗ ഒഴുകുന്നു.click here

ഡിപിന്‍ ജോസഫ്‌ പകര്‍ത്തിയ എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങള്‍

ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ എന്‍റെ കണ്ണുകള്‍ വൃദ്ധനായ ഒരു സന്യാസിയില്‍ പതിഞ്ഞു. മിനുസമാര്‍ന്ന നനഞ്ഞമണലില്‍ സ്വപ്നത്തിലോ യാഥാര്‍ത്ഥ്യത്തിലോ എന്നവണ്ണം ചിന്തകളില്‍ ആഴ്ന്നിറങ്ങി നിറഞ്ഞമിഴികളോടെ, മുന്നിലുള്ള നദിയെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മുന്നിലുള്ള നദിയെയല്ല,ഏറെ വിദൂരത്തുള്ള മനസ്സിലാവാത്ത ഒന്നിനെ നോക്കുന്നതുപോലെയാണ് കാണപ്പെട്ടത്. വാര്‍ദ്ധക്യത്തിന്‍റെ നിഴല്‍വീണ മിഴികള്‍ എന്തിനാവും നിറഞ്ഞത്‌ എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു, ഒരുപക്ഷെ ഈ ജന്മത്തില്‍നിന്നും താന്‍ വേര്‍പെടുത്തികളഞ്ഞ ബന്ധങ്ങളെ ഓര്‍ത്ത്‌, പരിത്യജിച്ച പ്രിയപ്പെട്ടവരെ ഓര്‍ത്താവുമൊ... അറിയില്ല. 

നിറഞ്ഞ തീരങ്ങല്‍ക്കിടയിലായി ഇരംബിയൊഴുകുന്ന വെള്ളത്തിന്‌ മുകളിലായി ധാരാളം നടപ്പാലങ്ങള്‍ ഉണ്ട്. എന്നെ ഇവിടേയ്ക്ക് നയിച്ച ചിന്തകളിലും വികാരങ്ങളിലും നിമഗ്നനായി ഞാന്‍ അതിലൂടെ നടന്നു ഏറെനേരം. 10 മണിയോടെ ക്യാമറയുമായുള്ള യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു, ബാറ്റെറി തീര്‍ന്നിരിക്കുന്നു. ക്യാമറ ബാഗിലിട്ടു പ്രയാഗിലൂടെ ചുറ്റിതിരിഞ്ഞുനടന്നു. 

ലൌകിക ജീവിതത്തോടുള്ള ബന്ധങ്ങള്‍ അടര്‍ത്തിമാറ്റി അവനവനില്‍നിന്നും മുക്തരാകുവാന്‍, അല്ലെങ്കില്‍ അങ്ങനെയൊരു പൊള്ളയായ മൂടുപടമണിഞ്ഞുകൊണ്ടു പലരും ആശ്രയിക്കുന്നത് കന്ജാവിലും ഭാന്ഗിലുമാണ്. ചുവന്നു കലങ്ങിയ കണ്ണുകളോടും വരണ്ട മുഖത്തോടും കൂടിയായിരിക്കും അവരുടെ ഇരിപ്പ്. കന്ജാവിനു അടിമപ്പെട്ടവര്‍,... അവരെ സംബന്ധിച്ചിടത്തോളം ഇതിലും പ്രിയപ്പെട്ട ഒരു സംഗതി ഭൂമിയില്‍ ഇല്ലതന്നെ...

എന്നാല്‍, യഥാര്‍ത്ഥ സന്യാസം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ദൈവവിശ്വാസംഎന്ന ലഹരി മാത്രം ആസ്വദിച്ചുകൊണ്ട്‌ മനുഷ്യ ജീവിതത്തിന്‍റെ അര്‍ത്ഥം അറിഞ്ഞുകൊണ്ട്, അതിന്‍റെ ആവിഷ്ക്കാരത്തിനായി ലോകസുഖങ്ങള്‍ തരുന്ന വിധിപങ്കിടാന്‍ തയ്യാറാവാതെ, മറ്റുമനുഷ്യരുടെ മഹത്തായതും നന്മയേറിയതുമായ ജീവിത നിര്‍മ്മിതിക്കായി സ്വയം ഉഴിഞ്ഞുവച്ച ഒരാളാണ് യഥാര്‍ത്ഥ സന്ന്യാസി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ള പലരും ഇവിടെയുണ്ട്, അവരില്‍ ഒരാളെ കണ്ടെത്തി, മുഖാമുഖ സംഭാഷണത്തിലൂടെ പലകാര്യങ്ങളും അറിയുക എന്നതാണ് എന്‍റെ ആഗ്രഹം. 

മറ്റൊരുക്കൂട്ടരെ കണ്ടുമുട്ടി, വീട്ടിലെ പശുകിടാവിനെ പട്ടുതുണി പുതപ്പിച്ച്‌ എത്തിയിരിക്കുകയാണവര്‍. ഗോമാതാവിന്‍റെ അനുഗ്രഹം ആവശ്യമുള്ളവര്‍ ഉടമസ്ഥന് ചില്ലറയോ,നോട്ടോ നല്‍കി കിടാവിന്‍റെ വാലില്‍ തൊട്ടുവന്ദിക്കുന്നു. ചില്ലറയാണ് നല്‍കുന്നതെങ്കില്‍ 'ഗോസ്വാമിയുടെ' മുഖത്ത് നിന്നുള്ള പ്രസാദം കുറയും. ഭക്തിയും വിശ്വാസവും വിറ്റു കാശുണ്ടാക്കുന്നവര്‍. ആളുകള്‍ക്ക് സ്വന്തം വിശ്വാസമാണ് മറ്റെന്തിനെക്കാളധികവും, അതുകൊണ്ട് തന്നെ അവ ചൂഷണം ചെയ്യപ്പെടുന്നു. ഇവിടെ ഇങ്ങു പ്രബുദ്ധ കേരളത്തിലെ ആള്‍ദൈവങ്ങള്‍ കോടികള്‍ നേടുമ്പോള്‍ ഇതുപോലുള്ള ഗോസ്വാമിമാരെ കുറിച്ചോര്‍ത്തു വേവലാതിപ്പെടുന്നതില്‍ വലിയ കാര്യമില്ലെന്നുതോന്നി.

കണ്ടു കണ്ടു വരവേ കാഴ്ചകള്‍ എനിക്ക് അപൂര്‍വ്വമോ അസാധാരണമോ അല്ലാതായി തുടങ്ങി. നഗ്നത എന്നത് യഥാര്‍ത്ഥ ആവശ്യംപോലെയാണ് എനിക്ക് തോന്നിയത്. ഭൂമിയുടെ നാലതിരുകളും വസ്ത്രങ്ങളായി കരുതുന്ന സന്യാസിമാര്‍ക്കൊപ്പം, ചെലവഴിക്കേ എന്‍റെ വസ്ത്രങ്ങള്‍പോലും ഒരു അധികബാധ്യതയായി തോന്നിതുടങ്ങി. അപ്പോഴേക്കും ഞാന്‍ സ്ഥലംകാലിയാക്കാന്‍ തീരുമാനിച്ചു.

ആവശ്യത്തിനു ഉറക്കമോ, ഭക്ഷണമോ ഇല്ലാതെ ഞാന്‍ ആകെ തളര്‍ന്നിരുന്നു. പോലീസ് ഓഫീസര്‍മാരുടെ താമസസ്ഥലത്തേക് പോവുന്നതിനു മുന്‍പ് എന്‍റെ ബാഗ് എടുക്കാനായി സ്വാമിയുടെ കൂടാരത്തില്‍ എത്തി. അവിടെ രണ്ടു വിദേശികള്‍ സ്വാമിയെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടന്‍ സ്വാമി എന്നെ അവര്‍ക്ക് പരിചയപെടുത്തി. ബാഗെടുത്തു തിടുക്കത്തില്‍ പുറത്തിറങ്ങാന്‍നേരം, രാത്രി അവിടെ താമസിക്കാമെന്നും, തീര്‍ച്ചയായും വരണമെന്നുമാണ് സ്വാമി പറഞ്ഞത്. ചുണ്ടില്‍ തടഞ്ഞുവച്ച കയ്പ്പേറിയ വാക്ക് ഉരിയാടാതെ ഞാന്‍ കൂടാരത്തിന് പുറത്തിറങ്ങി.

 

ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതും അസാധ്യവുമായ കാഴ്ചകളുടെ അതിരുകള്‍ വികസിക്കുന്നത് ഞാന്‍ അറിഞ്ഞു. സ്വന്തം ലൈംഗികാവയവങ്ങള്‍ കൊണ്ട് വിചിത്രമായ അഭ്യാസമുറകള്‍ നടത്തുന്നവര്‍, അവിശ്വാസത്തോടെ നെറ്റി ചുളിച്ചുകൊണ്ടാണ് എനിക്ക് പലതും കാണേണ്ടി വന്നത്.

അതിന്റെ ചിത്രങ്ങളും വിവരണവും നാളെ 

contact Dipin @ 9995774599/dipinaugustine2008@gmail.com


പരമ്പരയുടെ മുന്‍ഭാഗങ്ങള്‍ വായിക്കാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക്‌ ചെയ്യുക 

 

നഗ്നസാധുക്കളുമായി ആദ്യ കൂടിക്കാഴ്‌ച