Breaking News

Trending right now:
Description
 
Mar 15, 2013

നഗ്നസാധുക്കളുമായി ആദ്യ കൂടിക്കാഴ്‌ച

Dipin Joseph/Global Malayalam Exclusive
image

നൈനിയില്‍ നിന്നും 3കി.മി. അധികം ദൂരമുള്ള സംഗം' എന്നിടത്തെക്കാണ് എനിക്ക് എത്തെണ്ടിയിരുന്നത്. പത്തുമണി കഴിഞ്ഞിരിക്കുന്നു. വഴിയില്‍ വാഹനങ്ങള്‍ ഒന്നുംലഭ്യമായിരുന്നില്ല. ആയുധവുമായി റോന്തു ചുറ്റുന്ന പട്ടാളക്കാര്‍ ആണ് വഴിനീളെ. അവരോടു വഴിചോദിച്ചറിഞ്ഞു ഞാന്‍ നടക്കാന്‍ തീരുമാനിച്ചു.

ഉച്ചഭക്ഷണംപോലും കിട്ടാതെ അവശനായിരുന്നെങ്കിലും അരമണിക്കൂര്‍ നീണ്ട നടത്തത്തിനൊടുവില്‍ ഞാന്‍ അവിടെ എത്തിചേര്‍ന്നു. തിളങ്ങുന്ന പ്രകാശദീപങ്ങള്‍ ഒന്നുചേര്‍ന്ന് സ്വര്‍ഗ്ഗീയ പ്രഭചൊരിയുന്ന 'സംഗം'. ഗംഗയും യമുനയും സരസ്വതി എന്ന സാങ്കല്‍പ്പികനദിയുമായി സംഗമിക്കുന്നു. എന്നെ ഏറെ വിസ്മയിപ്പിച്ച ആ തീരത്ത് എത്തിചെര്‍ന്നപ്പോള്‍ അതുവരെയുണ്ടായിരുന്ന അസൌകര്യങ്ങളും, ക്ഷീണവും അപ്രത്യക്ഷമായി. 

രാത്രി ഊഷ്മളവും പ്രസന്നവുമായിരുന്നു. തീര്ത്ഥാടകര്‍ നിരവധിയുണ്ട്. മരിച്ചവര്‍ക്കായി കര്‍മ്മം ചെയ്യുന്നവര്, ജീവിച്ചിരിക്കെ ഇഹപരമായ പാപങ്ങളില്‍ നിന്നും മോക്ഷം തേടി നദിയില്‍ മുങ്ങുന്നവര്‍ പിറ്റേന്ന് വസന്തപഞ്ചമി ആയതിനാല്‍ തീര്ത്ഥാടകരുടെ പ്രവാഹമായിരിക്കും, അതുമുന്നില്‍ കണ്ടുകൂടിയാണ് ഞാന് ‍ഈയാത്ര തീരുമാനിച്ചിരുന്നത്.

അല്‍പസമയത്തിനകം സന്തോഷ്കുമാര്‍ അവിടെ എത്തിച്ചേര്‍ന്നു, രജീഷ് എന്ന CRPF ഓഫീസറും കൂടെ ഉണ്ടായിരുന്നു. രണ്ടുപേരും കേരളത്തില്‍ നിന്നുള്ളവര്‍. രാത്രിഏറെ വൈകുന്നതുവരെ അവര്‍ക്കൊപ്പം ചുറ്റിനടന്നു. 

ഒടുവില്‍ നഗ്നസാധുക്കളായ ആഘോരികള്‍ താമസിക്കുന്നിടത്തെത്തി. വിസ്താരമേറിയ ഒരു പ്രദേശത്ത് കൊച്ചുകൊച്ചു കൂടാരങ്ങള്‍ ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്നു.കൂറ്റന്‍ കവാടത്തിനരികില്‍ ആയുധധാരിയായ പട്ടാളക്കാരന്‍ കാവലിനായി നിലയുറപ്പിച്ചിട്ടുണ്ട്. അരികെ കാവിവേഷവും, തലപ്പാവും ധരിച്ച് കസേരയില്‍ ഒരു സ്വാമി ഇരിക്കുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും രാത്രിയേറെ വൈകിയതിനാലും, സന്ന്യാസിമാരുടെ വിശ്രമസമയമായതിനാലും ഞങ്ങള്‍ക്ക് അതിനുകഴിയാതെ വന്നു. മാധ്യമത്തില്‍ നിന്നാണ്എന്ന് അറിയിച്ചപ്പോള്‍ അവിടെ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിതരാം എന്നാണ് സന്യാസി പറഞ്ഞത്.

പുലര്‍ച്ചെ നാലുമണിയോടെ നഗ്നസാധുക്കളായ അഘോരികള്‍ സ്നാനത്തിനായി ആഘോഷത്തോടെ പുറപ്പെടും. പുറമെയുള്ള ആരെയും ആ സമയത്ത് അകത്തേക്ക് കയറ്റിവിടില്ല, ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ അവിടെ താമസിക്കേണ്ടിവരും എന്ന് സ്വാമി പറഞ്ഞു. അപരിചിതമായ ചുറ്റുപാടില്‍ എന്നെ അവിടെ തനിയെ വിടാന്‍ സന്തോഷ്കുമാര്‍ മടിച്ചെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് അവിടെ താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തുതന്നു

കുംഭമേളയില്‍നിന്ന്‌ ഡിപിന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക

യോഗേഷ് എന്നുപേരായ ഏതാണ്ട് നാല്പതുവയസ്സോളം പ്രായംചെന്ന ആ സന്യാസിയുടെ കൂടാരത്തില്‍ തന്നെയാണ് എനിക്ക് വിശ്രമിക്കാനുള്ള സൗകര്യം ചെയ്തുതന്നത്. ഞാന്‍ അദ്ദേഹത്തോടൊപ്പം കൂടാരത്തില്‍ എത്തി, അദ്ദേഹം പറഞ്ഞതനുസരിച്ച് ഭക്ഷണം കഴിക്കാനായി സമീപത്തുള്ള മറ്റൊരു കൂടാരത്തില്‍ എത്തിയ ഞാന്‍ അവിടേക്ക് കയറാന്‍ ആരംഭിച്ച ഉടനെ അപ്രതീക്ഷിതമായ കാഴ്ചകണ്ട്‌ നടുങ്ങി. 

രണ്ടു നഗ്ന സാധുക്കള്‍ വലിയ ഒരു പാത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന ചോറ് കൈകൊണ്ടു പകര്‍ന്നു എടുക്കുന്നു.ഒരു അപരിചിതന്‍ പെട്ടെന്നു കടന്നു ചെന്നതിന്റെ പ്രയാസമൊന്നുമില്ലാതെ അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാന്‍ അമ്പരപ്പോടെ ഒരുവശത്തേക്ക്‌ ഒതുങ്ങി നില്‍ക്കുക മാത്രമാണ് ചെയ്തത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും അവരെ അടുത്തറിയണമെന്നു ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ദിഗംബര സന്യാസിമാരുമായി ഇങ്ങനെയൊരു കൂടികാഴ്ച നല്‍കിയ ഭീതിയും ആകാംക്ഷയും മറച്ചുവയ്ക്കാന്‍ ഞാന്‍ വൃഥാ പരിശ്രമിച്ചു. ആ സമയം ഇരമ്പലോടെ വീശിയ മഞ്ഞുകാറ്റ് എന്നെയും കൂടാരത്തെയും പിടിച്ചുകുലുക്കിയശേഷം കടന്നുപോയി. ശരീരം മുഴുവന്‍ ഭസ്മംതേച്ചിരിക്കുന്ന യുവാവായ ഒരുസന്യാസി ചെറിയതുണി ചുറ്റിയിട്ടുണ്ട്. കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്‍റെ നിഴല്‍ വീണ മറ്റൊരാള്‍ പൂര്‍ണ്ണ നഗ്നനായിരുന്നു.

ഹിന്ദിയിലാണ് അവര്‍ എന്നോട് സംസാരിച്ചത്. ഹിന്ദി കേട്ടാല്‍ മനസ്സിലാവും പക്ഷെ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന സത്യം ഒരുവിധത്തില്‍ അവരെ പറഞ്ഞു മനസ്സിലാക്കി. എന്നെ വിസ്മയിപ്പിച്ചുകൊണ്ട്‌ പ്രായംചെന്ന സന്യാസി ഒഴുക്കോടെ ആംഗലേയ ഭാഷ സംസാരിക്കാന്‍ തുടങ്ങി. പക്ഷെ യുവാവായ സന്യാസിക്കു ഇന്ഗ്ലിഷ് തീരെവശമില്ല.

 കുംഭ്മേളയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കേരളത്തില്‍ നിന്നും തനിയെ എത്തിയതാണെന്നുള്ള വിവരങ്ങള്‍ വളരെ താല്പര്യത്തോടെ, അതിലേറെ അതിശയത്തോടെയാണ് സന്യാസി യുവാവിനോട് പറഞ്ഞത്. അവര്‍ കൂടാരത്തിനു വെളിയില്‍ പോയശേഷം മാത്രമാണ് ഞാന്‍ അകത്തേക്ക് പ്രവേശിച്ചത്‌. ചപ്പാത്തിയും ചീരകറിയും കഴിച്ചശേഷം തിരികെ യോഗേഷ് എന്ന സന്യാസിയുടെ കൂടാരത്തില്‍ എത്തി.

സമയം ഏതാണ്ട് ഒരുമണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നെങ്കിലും, സ്വാമിയില്‍ നിന്നും ഒരുപാട് കാര്യങ്ങള് ‍അറിയേണ്ടിയിരുന്നതിനാല്‍ രാത്രിയിലുടനീളം ഞങ്ങളുടെ സംസാരം തുടര്‍ന്നു.

മനുഷ്യജീവിതത്തിന്‍റെ ശിരോലിഖിതങ്ങളെകുറിച്ച് അദ്ദേഹം വാചാലനായി. 18 വര്‍ഷമായി സന്യാസജീവിതം നയിക്കുന്ന അദ്ദേഹത്തോട് സന്യാസപൂര്‍വ്വ ജീവിതത്തെ കുറിച്ച് ചോദിച്ചെങ്കിലും ആഴത്തിലുള്ള വിസ്മയം പൂണ്ട ഒരുനോട്ടം മാത്രമായിരുന്നു മറുപടി. 

സുഖഭോഗങ്ങള്‍ ആസ്വദിച്ച നാളുകള്‍ അവരെ സംബന്ധിച്ചിടത്തോളം വിസ്മൃതിയിലായിരിക്കുന്നു. സംഭാഷണങ്ങള്‍ക്കിടെ ശാന്തത വര്‍ദ്ധിച്ചു. പക്ഷെ അത് ക്ഷണികനേരം മാത്രം ആയുസുള്ള ഒരു നീര്‍കുമിളപോലായിരുന്നു. രണ്ടു മണിയോടെ ഉറങ്ങാന്‍ തയാറെടുത്ത ഞാന്‍ മനസ്സിലാക്കിയ ഒരുകാര്യം സ്വവര്‍ഗ്ഗ ലൈംഗികത അവരില്‍ ചിലരെങ്കിലും ആചാരമോ അനുഷ്ഠാനമോ ആയി കരുതുന്നു എന്നതാണ്. മൂകമായ അന്ധവിശ്വാസങ്ങളും, എഴുതപ്പെടാത്ത വിശുദ്ധ നിയമങ്ങളും അവരെ അങ്ങനെ ആക്കിതീര്‍ത്തതാവാം. 

ഒഴിവാക്കാനാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ടുകൊണ്ട് ഞാന്‍ ഉടന്‍തന്നെ കൂടാരത്തിന്പുറത്തിറങ്ങി. ഒന്നിനോടൊന്നു ചേര്‍ന്ന് നില്‍ക്കുന്ന കൂടാരങ്ങളിലെല്ലാം ആളുകള്‍ നിദ്രയിലാണ്ടു കഴിഞ്ഞിരിക്കുന്നു. തണുപ്പ് ശക്തമായിരുന്നതിനാല്‍ ഓരോ കൂടാരത്തിന് പുറത്തും എരിഞ്ഞു തീരാറായ വിറകുകള്‍ ഉണ്ടായിരുന്നു. ഒരു നിദ്രാടകനെന്നപോലെ സാവകാശം ഞാന്‍ ഓരോ കൂടാരത്തെയും കടന്നുപോയി.

തീര്ത്ഥാടകരും സന്യാസിമാരും മാധ്യമങ്ങളില്‍ നിന്നുള്ളവരും അവിടെയുണ്ട്. ഏതോ ഒരുകൂടാരത്തിന് മുന്നിലെ എരിഞ്ഞുതീരാറായ വിറകുകള്‍ക്ക് സമീപം ഞാന്‍ ഇരിന്നു. സമീപത്തുള്ള കടലാസുകളും വിറകുകളും ശേഖരിച്ചു തീയുണ്ടാക്കി. 

ഞാന്‍ ഒരു നിമിഷം പോലീസ് ഓഫീസിര്‍മാരെ കുറിച്ച് ഓര്‍ത്തു. അല്‍പ്പനേരംകൊണ്ട് തന്നെ അവരുമായി ഊഷ്മളമായൊരു അടുപ്പത്തിന്‍റെ വലയം ഉടലെടുത്തിരുന്നു. ഞാന്‍ അവിടെ സുരക്ഷിതനാണോ എന്നറിയാന്‍ അവര്‍ പലതവണ വിളിച്ചിരുന്നു. 2 കി.മി. അകലെയുള്ള അവരുടെ താമസസ്ഥലത്തേക്ക് പോവണോ എന്ന് ആലോചിച്ചെങ്കിലും, ലഭിച്ച അവസരം നഷ്ടപ്പെടുത്തി വീണ്ടും ഒരു കുംഭമേളയ്ക്കായി 12 വര്‍ഷക്കാലം കാത്തുനില്‍ക്കുക എന്നത് വിശ്വസിക്കാന്‍ എനിക്ക് സാധ്യമല്ലായിരുന്നു. 

സമയം രണ്ടരയോടടുക്കുന്നു. സ്വാമിയുടെ കൂടാരത്തിലിരിക്കുന്ന എന്‍റെ ബാഗിനെയോ ക്യാമെറയെയോ കുറിച്ച് എനിക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല.എന്തുകാരണംകൊണ്ടോ അതവിടെ സുരക്ഷിതമായിരിക്കും എന്ന് ഞാന്‍ വിശ്വസിച്ചു.

ഏതുയാത്രയിലും എനിക്കൊപ്പമുള്ള അദൃശ്യശക്തിയുടെ, എന്‍റെ കാവല്‍മാലാഖയുടെ സാന്നിധ്യം അറിഞ്ഞുകൊണ്ട്, നാല് മണിക്കുവേണ്ടി അലാറം തയ്യാറാക്കിയശേഷം അവിടെയുണ്ടായിരുന്ന ഒരു മരത്തടിയില്‍ തലചായ്ച്ചുകിടന്നു. നക്ഷത്രങ്ങളും നിലാവെളിച്ചവും നല്‍കി കൊണ്ട് രാത്രി എന്നെ പുണര്‍ന്നു. ഒന്നര മണിക്കൂര്‍ നീണ്ട സുഖസുഷുപ്തി...എന്നെ, വിളിച്ചുണര്‍ത്തിയത്‌ ഉച്ചത്തിലുള്ള 'ഹര ഹര മഹാദേവ്‌' വിളികളാണ്‌..

contact Dipin @ 9995774599/dipinaugustine2008@gmail.com