Breaking News

Trending right now:
Description
 
Mar 14, 2013

കടുകുപാടങ്ങളുടെ കാഴ്‌ചകള്‍ക്കൊടുവിലെത്തിയത്‌ നൈനിയില്‍

Dipin Joseph/Global Malayalam Exclusive
image പരമ്പര രണ്ടാം ഭാഗം

 ട്രെയിന്‍ നീങ്ങിതുടങ്ങിയതോടെ ഞാന്‍ വാതില്‍പടിയില്‍ ചെന്നിരിന്നു. ഉച്ചവെയിലിന് ചൂട് തീരെഅനുഭവപ്പെട്ടില്ല. ഏതാനും മാസങ്ങളായി കൊടുംതണുപ്പിന്‍റെ പിടിയിലാണ് ഉത്തരേന്ത്യ. മഞ്ഞുകാലം പിന്‍വാങ്ങി തുടങ്ങുന്നതേയുള്ളൂ. തണുത്ത കാറ്റ്മൂലം സുഖകരമായ അവസ്ഥയായിരുന്നു അത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന, മഞ്ഞപ്പട്ടുവരിച്ച കടുക് പാടങ്ങള്‍ക്കിടയിലൂടെയാണ് ട്രെയിന്‍ പോവുന്നത്. അത് തന്നെയാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണം. ഇടയ്ക്ക് ഒറ്റപ്പെട്ട കാര്‍ഷികഗ്രാമങ്ങള്‍, മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഒറ്റമുറി വീടുകള്‍, പശുക്കളും എരുമകളും മേയുന്ന വിശാലമായ മുറ്റത്തെ മരത്തണലില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പുരുഷന്മാരും സ്ത്രീകളും തുടങ്ങി പതിവ് ഉത്തരേന്ത്യന്‍ കാഴ്ചകള്‍. അധികം വൈകാതെ സീറ്റു ലഭിച്ചു, ജനാലയ്ക്കരികില്‍തന്നെ.

തണുത്ത കാറ്റിനു മുഖം കൊടുത്തു പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടിരുന്നു. കര്‍ഷകരും കൂലിപ്പണിക്കാരും ഉള്‍പെട്ട താഴെത്തട്ടിലുള്ള ജനങ്ങള്‍ തന്നെയാണ് ട്രെയിനില്‍ ഭൂരിഭാഗവും. ഇവരില്‍ ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്യുന്നവര്‍ വിരളമായിരിക്കും. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നും 25 വര്‍ഷമെങ്കിലും പിന്നിലേക്ക്‌ സഞ്ചരിക്കേണ്ടിവരും ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തെ അവലോകനം ചെയ്യാന്‍ എന്നാണു എനിക്ക് തോന്നിയത്. തലസ്ഥാനമായ ലക്നൊവ് ഒഴികെയുള്ള പട്ടണങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ഉച്ചകഴിഞ്ഞിരിക്കുന്നു, ഏതെങ്കിലും പ്രധാനസ്റ്റെഷനില്‌ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഭക്ഷണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. പക്ഷെ പ്ലാട്ഫോം പോലുമില്ലാത്ത സ്റ്റേഷനുകള്‍,....

ഇതിനിടയില്‍ ട്രെയിന്‍ പലയിടത്തും നിര്‍ത്തിയിടുന്നു. ചായയോ കാപ്പിയുമായൊ പോലും ആരുംവരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ വലിയ കുട്ടയുമായി ഒരുസ്ത്രീ എന്‍റെ കമ്പാര്‍ട്ട്മെന്റില്‍ എത്തി. ചനാമസാല എന്ന അവരുടെ ദേശിയ ഭക്ഷണവും കൊണ്ടാണ് എത്തിയിരിക്കുന്നത്. മുളപ്പിച്ച കടല സവാളയും ഉപ്പും മുളകും ചേര്‍ത്തുകുഴച്ചു നല്‍കുകയാണ്. എനിക്ക് കനത്ത വിശപ്പ്‌ അനുഭവപ്പെട്ടിരുന്നു. അഴുക്കു പുരണ്ട കൈവിരലുകളും ചെളിനിറഞ്ഞ നഖങ്ങളും ഉപയോഗിച്ച് കടല മസാലയുമായി യോജിപ്പിക്കുനത് കണ്ടപ്പോള്‍തന്നെ വിശപ്പ്‌ ഏതാണ്ട് തീര്‍ന്നുകിട്ടി. തീര്‍ത്തും സുഖകരമല്ലാത്ത ഒരു കാഴ്യായാണ് എനിക്ക് അത് അനുഭവപ്പെട്ടത്. ഞാനൊഴികെ മറ്റാരെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയില്ല. എനിക്ക് നേരെനീട്ടിയ പൊതി സ്നേഹപൂര്‍വ്വം ഞാന്‍ നിരസിച്ചു. മിനിട്ടുകള്‍ക്കകം കൂടകാലിയാക്കി അവര്‍ ഇറങ്ങി.

ട്രെയിന്‍ വളരെയധികം വൈകിയിരിക്കുന്നു. ഇതിനിടയില്‍ ഞാന്‍ സന്തോഷ്കുമാര്‍ എന്ന ഇന്‍റെലിജന്‌സ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. കുംഭമേളയ്ക്ക് വേണ്ടി കേരളത്തില്‍നിന്നും നിയോഗിക്കപ്പെട്ട 3 പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ആദ്ധേഹം. അലഹബാദിലെ മീഡിയ സെന്‍റെറില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അവിടെഎത്തുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് ഓഫീസര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ മറ്റൊരു വ്യക്തിയോടോപ്പമാണ് പോവാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും ചിലകാരണങ്ങളാല്‍ യാത്ര തനിയെ ആക്കുകയായിരുന്നു. ട്രെയിന്‍ അകാരണമായി വൈകുന്നതിലുള്ള ആശങ്ക ഞാന്‍ അദ്ദേഹത്തെ അറിയിച്ചെങ്കിലും, എത്രതന്നെ വൈകിയാലും എനിക്കുവേണ്ടി സ്റ്റെഷനില്‌ കാത്തുനില്‍ക്കും എന്നാണ് നല്ലവനായ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സന്തോഷകരമായ ആ വാര്‍ത്ത എന്‍റെ ആശങ്ക തെല്ലുകുറച്ചു. ഭാഷ, എന്നെ ചുറ്റുമുണ്ടായവരില്‍ നിന്നും വേര്‍പെടുത്തി ഒറ്റപ്പെട്ട ഒരുതുരുത്തുപോലെ ആക്കി തീര്‍ത്തു. എങ്കിലും അറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ അവരോടു സംസാരിക്കാന്‍ ശ്രമിച്ചു.സുഖകരമായ സന്ധ്യാവെളിച്ചം കടുക് പാടങ്ങള്‍ക്കുമേല്‍ പതിച്ചിരുന്നു. മറ്റെപ്പോഴെങ്കിലും അനുഭവവേദ്യമാകാത്ത മനോഹരമായ സൌന്ദര്യമാണ് ആ കാഴ്ചഎനിക്ക് നല്‍കിയത്.


അസ്തമനത്തോടെ ചുറ്റുമുള്ള കുന്നുകളില്‍ ചുവന്ന നിറം വ്യാപിച്ചു. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന സുന്ദരമായ കാഴ്ചകള്‍. ട്രെയിനിന്‍റെ അവസ്ഥ ദാരുണവും പരിതാപകരവുമായിരുന്നു. വെളിച്ചമോ,ഫാനോ എന്തിനധികം ടോയിലെറ്റ്‌ പോലുമില്ലാത്തതാണ് കമ്പാര്‍ട്ട് മെന്റുകള്‍. അത്യാവശ്യക്കാര്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ പുറത്തിറങ്ങി കാര്യം സാധിക്കും. ഒരുപക്ഷെ ഈ കാര്യസാധ്യ'ത്തിനു വേണ്ടിയാണോ ട്രെയിന്‍ ഇപ്രകാരം നിര്‍ത്തിയിടുന്നത് എന്നുപോലും ഒരുഘട്ടത്തില്‍ ചിന്തിച്ചുപോയി ഞാന്‍. സ്ത്രീകളും പുരുഷന്മാരും തീവണ്ടിയുടെ പുറത്തിറങ്ങി കടുക് പാടങ്ങള്‍ക്കിടയിലോ, പാഴ്ചെടിയുടെ മറയിലോ കാര്യം സാധിക്കുന്നു. എന്നാല്‍ അങ്ങനെ ഒരുമറ വേണമെന്ന് നിര്‍ബന്ധവുമില്ല പലര്‍ക്കും.

ഇതിനിടയിലാണ് എന്നെ ആശ്ചര്യപെടുത്തിയ ഒരു സംഭവം അരങ്ങേറിയത്. വിജനമായിടത്തു നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ ചിന്തകളില്‍ ആഴ്ന്നിറങ്ങി ഇരിക്കുകയായിരുന്നു ഞാന്‍. എനിക്ക് മുന്‍പിലുള്ള കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മുത്തശ്ശി വളരെ ആയാസപ്പെട്ട്‌ ട്രെയിനിന്‍റെ പടികള്‍ ഇറങ്ങുന്നു. സമീപത്തെ കുറ്റിചെടികളെ മറയാക്കി മുത്തശ്ശി അത്യാവശ്യം നിറവേറ്റുന്നതിനിടയില്‍ ട്രെയിന്‍ പതിയെനീങ്ങി തുടങ്ങി. മുത്തശ്ശിയുടെ മകനും മരുമകളും എന്ന് തോന്നിച്ച രണ്ടുപേര്‍ ചാടിയിറങ്ങി, ഇരുവരും ചേര്‍ന്നു മുത്തശ്ശിയെ പൊക്കിയെടുത്തു ട്രെയിനിനു പിന്നാലെ ഓടുന്നു. മുന്നിലെയും പിന്നിലെയും കമ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകള്‍ പുറത്തേക്കുനോക്കി ഒച്ചവയ്ക്കുന്നു, ആകെ ബഹളം ജഗപൊക.. വൈകിയില്ല ട്രെയിന്‍ സാവധാനം നിന്നു, മുത്തശ്ശിയും കുടുംബവും വലിഞ്ഞു ആയാസപ്പെട്ട്‌ തിരികെ ട്രെയിനിലേക്ക്‌ കയറുന്നു, യാത്ര തുടരുന്നു ശുഭം.

ഒരു എക്സ്പ്രസ്സ്‌ ട്രെയിനിന്‍റെ അവസ്ഥ ഇതാണെങ്കില്‍ പാസ്സേന്ജര്‍ ട്രെയിനുകള്‍ എത്ര ഭീകരമായിരിക്കും എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു. അവസാന സന്ധ്യാരശ്മിയും പിന്‍വാങ്ങിയിരിക്കുന്നു. അടുത്തിരിക്കുന്ന ആളെപോലും വ്യക്തമായി കാണാന്‍ കഴിയാത്തവിധം കട്ടപിടിച്ച ഇരുട്ട് ട്രെയിനിനകത്ത് വ്യാപിച്ചു. ട്രെയിനിന്‍റെ ദാരുണമായ അവസ്ഥ അവിടെയുള്ള ആരുടെയെങ്കിലും ചിന്തയ്ക്കോ സംസാരത്തിനൊ വിഷയമായതായി തോന്നിയില്ല. വിചിത്രവും അവാസ്തവവുമായ ഒരുസ്വപ്നത്തെ അഭിമുഖീകരിക്കുന്നതുപോലെ ഞാന്‍മാത്രം മറ്റുള്ളവരെ നോക്കി മിഴിച്ചിരുന്നു.

പോലീസ് ഓഫീസറില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് അലഹബാദിലേക്ക് ട്രെയിന്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ആണെന്ന് അറിഞ്ഞു. ട്രെയിനുകളുടെ ബാഹുല്യംമൂലം ഞെരുങ്ങി ഇരിക്കുകയാണ് അലഹബാദ്‌ സ്റ്റെഷന്‍. അതിനാല്‍ ദുര്‍ഗ്രഹമായ ഒരു ചുഴിയില്‍ അകപ്പെട്ടതുപോലെ എന്നെ വലച്ചു കൊണ്ടിരുന്ന, 10 മണിക്കൂറിലധികം നീണ്ടുനിന്ന ആയാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് നൈനി' എന്ന സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങി. പക്ഷെ ഈയാത്ര എനിക്ക് പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ വ്യക്തമാക്കിതന്നത് മനുഷ്യജീവിതത്തിന്‍റെ മറ്റൊരുതലങ്ങളാണ്. സങ്കല്‍പ്പത്തിന് അതീതമായ കാഴ്ചകള്‍ കൊണ്ടു എന്നെ വിസ്മയിപ്പിച്ച യാത്രയിലെ ചെറിയ ഇടവേള മാത്രമായിരുന്നു അത്.
contact Dipin @ 9995774599/dipinaugustine2008@gmail.com