Breaking News

Trending right now:
Description
 
Oct 01, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം ഒരു മാസത്തിലേയ്‌ക്ക്‌

E.S. Gigimol
image തൃശൂര്‍: ഒളരിയിലെ മദര്‍ ഹോസ്‌പിറ്റലില്‍ നഴ്‌സുമാര്‍ നടത്തുന്ന സമ്പൂര്‍ണ സമരം ഒരു മാസത്തിലേയ്‌ക്കെത്തുന്നു. രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനോട്‌ അപമര്യാദയായി പെരുമാറിയ സൂപ്രണ്ടിനെക്കുറിച്ച്‌ പരാതി പറഞ്ഞപ്പോള്‍ പതിനഞ്ച്‌ നഴ്‌സുമാരെ പിരിച്ചുവിട്ടതിന്റെ പേരിലായിരുന്നു തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലിലെ രണ്ടാം സമരത്തിന്റെ തുടക്കം. 250-ല്‍ അധികം നഴ്‌സുമാരാണ്‌ ഇപ്പോള്‍ സമരം നടത്തുന്നത്‌. സമരത്തെ അടിച്ചുതകര്‍ക്കാന്‍ സമരപ്പന്തലില്‍ അതിക്രമം നടത്തിയതിനു തൊട്ടുപിന്നാലെ മാനേജ്‌മെന്റിനെതിരേ പ്രതിഷേധം ഇരമ്പുകയാണ്‌. നഴ്‌സല്ലാത്ത സൂപ്രണ്ടും മാനേജ്‌മെന്റ്‌ പ്രതിനിധിയുമായ വ്യക്തിയാണ്‌ അപമര്യാദയായി പെരുമാറിയതാണ്‌ സമരത്തിന്‌ തിരികൊളുത്തിയത്‌. ഇതേത്തുടര്‍ന്ന്‌ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണന്നാവശ്യപ്പെട്ട്‌ ആശുപത്രിയിലെ മുഴുവന്‍ നഴ്‌സുമാരും സമരത്തിന്‌ ഇറങ്ങുകയായിരുന്നു. നഴ്‌സുമാരുടെ തൊഴിലിടങ്ങളിലെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ അമര്‍ഷം പൂണ്ട മാനേജ്‌മെന്റ്‌ നടത്തിയ ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ഈ സ്‌ത്രീപീഡനശ്രമം എന്നാണ്‌ നഴ്‌സുമാര്‍ ആരോപിക്കുന്നത്‌. ഒരു സ്‌ത്രീയെ നിശബ്ദയാക്കുവാന്‍ ഏറ്റവും നല്ല ആയുധം ലൈംഗികപീഡനമാണെന്ന്‌ മനസിലാക്കി നടത്തിയ നാടകത്തിന്റെ ഭാഗമായിരുന്നത്രേ പീഡനശ്രമം. ആസൂത്രിതമായ നീക്കത്തിലൂടെ ഒരു സമരത്തെ തകര്‍ക്കുന്നതിനായി കോടികളുടെ നഷ്ടം സഹിക്കുകയാണ്‌ മാനേജ്‌മെന്റ്‌ എന്ന്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാനനേതാവ്‌ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. നേരത്തെ നടത്തിയ സമരത്തെത്തുടര്‍ന്ന്‌ ശമ്പളവര്‍ദ്ധനയുടെ കാര്യത്തിലും തൊഴില്‍ ക്രമീകരണങ്ങളുടെ കാര്യത്തിലും മാനേജ്‌മെന്റ്‌ നല്‌കിയ ഉറപ്പുകളൊന്നും പാലിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ജാസ്‌മിന്‍ ഷാ പറഞ്ഞു. സെപ്‌റ്റംബര്‍ അഞ്ചിന്‌ സമരം തുടങ്ങിയതിന്റെ പിറ്റേന്നുതന്നെ അഞ്ചു നഴ്‌സുമാര്‍ക്കെതിരേ മാനേജ്‌മെന്റ്‌ പോലീസില്‍ പരാതി നല്‌കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇവര്‍ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും മണിക്കൂറുകളോളം പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തു. നോട്ടീസ്‌ നല്‌കാതെ സമരത്തിലേയ്‌ക്കിറങ്ങിയത്‌ അനുവദിക്കാനാവില്ലെന്നാണ്‌ മാനേജ്‌മെന്റിന്റെ നിലപാട്‌. ഇനി സമരത്തിന്റെ പിന്നാമ്പുറ ചരിത്രം. കേരളത്തില്‍ ആദ്യമായി നഴ്‌സിങ്ങ്‌ യൂണിയന്‍ ഉണ്ടാക്കി മിനിമം വേതനത്തിനായി സമരം ചെയ്‌ത്‌ ആനുകൂല്യം നേടിയ മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ വീണ്ടും എന്തിന്‌ സമരത്തിലേയ്‌ക്ക്‌ പോയി എന്ന ചോദ്യത്തിന്‌ ലഭിച്ച ഉത്തരം മുതലാളിത്തത്തിന്റെ ഭീകരമുഖമാണ്‌ അനാവരണം ചെയ്‌തത്‌. രണ്ടു ഷിഫ്‌റ്റില്‍ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്‌തിരുന്ന നഴ്‌സുമാര്‍ക്ക്‌ 2010-ലെ സമരത്തെത്തുടര്‍ന്ന്‌ മൂന്ന്‌ ഷിഫ്‌റ്റ്‌ സമ്പ്രദായം നടപ്പിലാക്കാമെന്ന്‌ ആശുപത്രി മാനേജ്‌മെന്റ്‌ സമ്മതിച്ചിരുന്നു. ഇത്‌ ഭാഗികമായി നടപ്പിലാക്കുകയും ചെയ്‌തു. എന്നാല്‍, ഘട്ടംഘട്ടമായി മൂന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം നിര്‍ത്തലാക്കി. സമരത്തിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഷഫ്‌ളിംഗ്‌ സമ്പ്രദായം നടപ്പിലാക്കാന്‍ സമ്മതിച്ചിരുന്നു. മൂന്നുമാസത്തില്‍ ഒരിക്കല്‍ വീതം വിവിധ വിഭാഗങ്ങളില്‍ മാറ്റിനിയമിക്കാം എന്നായിരുന്നു ഒത്തുതീര്‍പ്പ്‌. എന്നാല്‍, ഇതിനെ ഒരവസരമായി കണ്ട്‌ തുടര്‍ച്ചയായി വാര്‍ഡുകളിലും ഓപ്പറേഷന്‍ തീയേറ്റര്‍, ഒപിയിലും മറ്റുമായി നഴ്‌സുമാരെ തട്ടിക്കളിച്ചു. പുതിയ സ്ഥലത്ത്‌ വൈദഗ്‌ധ്യം തെളിയിക്കാന്‍ കഴിയുന്നില്ലെന്നതിന്റെ ഡോക്ടര്‍മാരുടെ വഴക്കുകേള്‍പ്പിക്കുകയാണ്‌ മാനേജ്‌മെന്റ്‌ ലക്ഷ്യം. ഇങ്ങനെ പലരെയും തൊഴിലില്‍ വൈദഗ്‌ധ്യമില്ലെന്ന പേരുപറഞ്ഞ്‌ ട്രെയിനികളായി തരംതാഴ്‌ത്തിയത്രെ. മൂന്നും നാലും വര്‍ഷംവരെ തൊഴില്‍പരിചയമുള്ള നഴ്‌സുമാരെവരെ ഇങ്ങനെ ട്രെയിനികളാക്കി മാറ്റി. ഒപ്പം കഠിന മാനസിക പീഡനവും ആരംഭിച്ചെന്ന്‌ യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കെതിരേയും സ്വഭാഗഹത്യ ആയുധമാക്കി. മൂന്നുമാസം കൂടുമ്പോള്‍ നഴ്‌സുമാരെ വാര്‍ഡുകളില്‍ മാറിമാറി നിയമിക്കാം എന്ന വ്യവസ്ഥ നടപ്പിലായില്ല. വൈരാഗ്യം തീര്‍ക്കാനെന്ന പോലെ ഷഫ്‌ളിംഗ്‌ തുടര്‍ന്നുകൊണ്ടേയിരുന്നു. ലേബര്‍ ഓഫീസര്‍മാരുമായി ചര്‍ച്ചയ്‌ക്ക്‌ ഉത്തരവാദിത്വപ്പെട്ടവര്‍ വരാതെ ഒഴിഞ്ഞുമാറി. മാനേജ്‌മെന്റിലെ അപ്രസക്തരെ മാത്രം ചര്‍ച്ചയ്‌ക്ക്‌ അയച്ചു. ലേബര്‍ ഓഫീസറുടെ മുന്നില്‍വച്ചുപോലും ഇവര്‍ മോശമായി പെരുമാറി. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനെ തകര്‍ക്കാന്‍ പുതിയ നഴ്‌സിംഗ്‌ യൂണിയനു രൂപം നല്‌കാനും മാനേജ്‌മെന്റ്‌ ശ്രമിച്ചിരുന്നു. സമരം ചെയ്യുമ്പോള്‍ പോലും നഴ്‌സുമാര്‍ അത്യാഹിതവിഭാഗത്തിലും മറ്റു ജോലിക്കെത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത്‌ ഒപ്പിടാതെ 20 പേര്‍ ഐസിയുവിലും മറ്റും ജോലി ചെയ്യുന്നുണ്ട്‌. മുന്നൂറിലധികം രോഗികള്‍ ഒരു ദിവസം ചികിത്സ തേടിയെത്തിയിരുന്നതാണ്‌ മദര്‍ ഹോസ്‌പിറ്റലില്‍ ഇന്ന്‌ അനാഥമാണ്‌.