Breaking News

Trending right now:
Description
 
Mar 13, 2013

ഞാറയ്‌ക്കലില്‍ ആഗ്നസും പിന്നെ സിസ്റ്ററും ശിക്കാരികളായ കഥ

ജനറ്റ്‌ ബിനോയി
image

അക്കങ്ങളുടെ പെരുക്കം ഒരു മൂളക്കമായി തലയ്‌ക്ക്‌ ചുറ്റും കറങ്ങുന്നയാരും എന്നപ്പോലെ എങ്ങോട്ടെങ്കിലും ഒന്നൊളിച്ചോടി പോകാന്‍ മോഹിച്ചു പോകും. നാല്‌ ദിവസം അവധി ഒരുമിച്ച്‌ കിട്ടിയതുകൊണ്ട്‌ കാര്യങ്ങള്‍ എളുപ്പമായി.
ഭര്‍ത്താവ്‌ കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥലത്തില്ല. കിട്ടിയ അവധി പാഴാക്കാന്‍ മനസുവരുന്നുമില്ല. ഇടുക്കിയിലെ കൂട്ടുകാരിയോടൊത്ത്‌ ഗവിയിലേയ്‌ക്ക്‌ ഒരു ടൂര്‍ പ്ലാന്‍ ചെയ്‌തതാണ്‌. എന്നാലും അവള്‍ അവസാനനിമിഷം കാലുവാരി, 'സാമദ്രോഹി ',..... യാത്ര പാളിപോയതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോള്‍ രണ്ട്‌ ഉശിരന്‍ കൂട്ടുകാരെ കിട്ടിയത്‌..

'ഭര്‍ത്താവും കൂട്ടുകാരിയും ചതിച്ചാലും സാരമില്ല, അമ്മയ്‌ക്ക്‌ യാത്ര പോകാന്‍ കൂട്ടിന്‌ ഞങ്ങളില്ലേയെന്ന്‌ '

എട്ടുവസുകാരി ആഗ്നസും രണ്ടുവയസുകാരി എയ്‌മിയും ധൈര്യപ്പെടുത്തിയപ്പോള്‍ പിന്നെ ഒന്നും വിചാരിച്ചില്ല, നേരെ ഏറണാകുളത്തിന്‌ വെച്ചുപിടിച്ചു. എറണാകുളം ഹൈകോര്‍ട്ട്‌ ജംങ്‌ഷനില്‍ നിന്ന്‌ മുനമ്പം ബസില്‍ കയറി. ഗോശ്രീ പാലത്തിലൂടെ ബസ്‌ ഒഴുകുകയാണ്‌. കായല്‍ക്കാറ്റിന്റെ പ്രണയ പരിഭവങ്ങള്‍ക്ക്‌ ചെവി വട്ടം പിടിച്ചിരിക്കുമ്പോള്‍ കുട്ടികള്‍ കലപില കൂട്ടി ഉണര്‍ത്തി. 

ഒന്‍പതു രൂപ നല്‌കി ടിക്കറ്റ്‌ എടുത്തു. ആദ്യമായാണ്‌ ഇങ്ങോട്ട്‌ യാത്ര ചെയ്യുന്നത്‌ അതുകൊണ്ട്‌ കണ്ടക്ടറോട്‌ പ്രത്യേകം പറഞ്ഞിരുന്നു. ഞാറയ്‌ക്കലാകുമ്പോള്‍ പറയണമെന്ന്‌. ഇത്തിരി കഴിയുന്നതിന്‌ മുമ്പ്‌
ഞാറയ്‌ക്കല്‍ ആശുപത്രി പടിയെന്ന്‌ പ്രത്യേക ഈണത്തില്‍ കണ്ടക്ടര്‍ കൂവി വിളിച്ച്‌ ബഹളം കൂട്ടി. ബസില്‍ നിന്ന്‌ തള്ളിയിടുന്നതിന്‌ മുമ്പ്‌ ഞങ്ങള്‍ ചാടി ഇറങ്ങി.

പിന്നെ കേരളീയരുടെ ദേശീയ വാഹനമായ ഓട്ടോറിക്ഷയില്‍ കയറി ഞാറയ്‌ക്കല്‍ കടപ്പുറത്തിനടുത്തുള്ള മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള ഫിഷ്‌ ഫാം പ്രൊജക്ടില്‍ എത്തി. 

രണ്ടടി വീതിയുള്ള തടിപ്പാലത്തിലൂടെ ചുവടുവയ്‌ക്കുമ്പോള്‍ സന്ദര്‍ശകരില്‍ ചിലര്‍ ഞങ്ങളെ ആകാംഷയോടെ നോക്കുന്നുണ്ടായിരുന്നു. ചിലര്‍ പരിചിത ഭാവത്തില്‍ ചിരിച്ചുക്കൊണ്ട്‌ കുശലം ചോദിച്ചു,"ഒറ്റയ്‌ക്കാണോ"
ഞാനെന്റെ കുഞ്ഞു മാലാഖമാരെ ചേര്‍ത്ത്‌ പിടിച്ചുക്കൊണ്ട്‌ പറഞ്ഞു. അല്ല ഇവരും ഉണ്ട്‌ കൂടെ.

കുട്ടികള്‍ ആവേശത്തിലായി, മകള്‍ എട്ടുവയസുകാരി ആഗി എന്റെ കൈവെട്ടിച്ചോടി. എനിക്കും അവരെപ്പോലെ ഓടണമെന്നുണ്ടായിരുന്നു. ചുറ്റോടു ചുറ്റും ചിറ, കാറ്റുക്കൊണ്ട്‌ വിശ്രമിക്കാന്‍ ഊഞ്ഞാലുകള്‍, ബഞ്ചുകള്‍, കുടിലുകള്‍,
ഞാറയ്‌ക്കലില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ അഞ്ചുമണി വരെയാണ്‌ സന്ദര്‍ശക സമയം. 

അര മണിക്കൂര്‍ ബോട്ടിംഗും ഉച്ചയൂണും ഉള്‍പ്പെടുന്ന പാക്കേജിന്‌ നൂറ്റന്‍പത്‌ രൂപയാണ്‌ ഫീസ്‌. കുട്ടികള്‍ക്ക്‌ നൂറുരൂപ മതി.ചൂണ്ടയിട്ട്‌ മീന്‍ പിടിക്കണമെങ്കില്‍ പത്ത്‌ രൂപ അധികമായി നല്‌കണം. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ആലുവയില്‍ നിന്നുള്ള ഒരു കൂട്ടം സന്ദര്‍ശകരുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ നിന്നുള്ള പ്രായം ചെന്ന സിസ്റ്റര്‍ ചൂണ്ടയിടലിന്റെ ഹരത്തിലാണ്‌. 

ചൂണ്ടയിടേണ്ടവര്‍ക്ക്‌ ചൂണ്ടയും മീന്‍തീറ്റയും കിട്ടും. സിസ്‌റററിന്റെ സാഹസിക പ്രവൃത്തിയില്‍ ആകൃഷ്ടരായ കുട്ടികള്‍ ചൂണ്ടയ്‌ക്കായി ബഹളം കൂട്ടി വാങ്ങി. പക്ഷേ ആഗ്നസിന്റെ ചൂണ്ട കാണുമ്പോഴെ മീനുകള്‍ പമ്പ കടക്കാന്‍ തുടങ്ങിയതോടെ ആഗ്നസിന്‌ മീന്‍ പിടുത്തത്തിന്റെ രസം നഷ്ടമായി. ആഗി മീനില്ലാതെ പോകുന്നമട്ടില്ല, ഞാന്‍ മീന്‍ പിടിച്ചുകൊടുക്കണമെന്നായി ഡിമാന്‍ഡ്‌. ഫെവിക്വിക്കുമായി വന്നാല്‍ മീന്‍ പിടിച്ചു തരാമെന്ന്‌ പറഞ്ഞപ്പോള്‍ ഫാമിലെ ചേച്ചിയെ കണ്ട്‌ ഫെവിക്വിക്‌ ചോദിച്ചു ആഗി നാണംകെട്ടതു മാത്രം മിച്ചം. മീനുകള്‍ ആഗിയെ നാണിപ്പിക്കാന്‍ ഇടയ്‌ക്ക്‌ കുളത്തിന്‌ മുകളിലേയ്‌ക്ക്‌ തല നീട്ടി കാണിച്ച്‌ കുത്തി മറിഞ്ഞ്‌ വെള്ളത്തില്‍ തെന്നി മറഞ്ഞു.

അരമണിക്കൂറുകൊണ്ട്‌ എല്ലാം കണ്ടിട്ട്‌ പോകാമെന്ന്‌ കരുതുന്നവര്‍ക്കുവേണ്ടിയുള്ളതല്ല ഈ കേന്ദ്രം. അര ദിവസമെങ്കിലും ഇവിടെ ചിലവഴിച്ചാല്‍ മാത്രമേ പ്രകൃതിയുടെ ഊര്‍ജ്ജം നമ്മിലേയ്‌ക്ക്‌ ആവഹിക്കാന്‍ സാധിക്കുകയുള്ളു.
പിന്നെ ബോട്ടിംങ്ങിന്റെ തിരക്കിലായി ഞങ്ങള്‍. ഒരു മണിയോടെ മത്സ്യഫെഡിന്റെ നിയന്ത്രണത്തിലുള്ള തീരമൈത്രി വനിതാഗ്രൂപ്പിന്റെം ഭക്ഷണശാലയിലേക്ക്‌. ഒരു പാചക വിദഗ്‌ധയെപ്പോലെ ഞാന്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കാറുള്ള എന്റെ മീന്‍ കറി കാണുമ്പോള്‍ ബീന്‍സ്‌ തോരന്‍ കൂട്ടി ചോറുണ്ണുന്ന ആഗിയിന്ന്‌ ചേച്ചി ഇത്തിരി മീന്‍ച്ചാറുകൂടിയെന്ന്‌ പറഞ്ഞുകൊണ്ട്‌ ചോറുണ്ണുന്നതിന്റെ ഹരത്തിലായി. 

ഞാന്‍ മനസില്‍ കരുതി ബിനോയി വരാതിരുന്ന ഭാഗ്യം, അല്ലെങ്കില്‍ മീന്‍ കറി ഇങ്ങനെയും വയ്‌ക്കാമെന്ന്‌ ബിനോയിക്ക്‌ മനസിലായനേ. ആഗി ഊണിനിടയില്‍ എന്നെ നോക്കുന്നുന്നുണ്ട്‌. എന്നിലെ പാചക വിദഗ്‌ധയ്‌ക്ക്‌ ഏറ്റം ക്ഷതം പുറത്തുകാണിക്കാതിരിക്കാന്‍ ഞാന്‍ ആഗിയെ വിരിട്ടി. 
'വീട്ടിലോട്ട്‌ വാ നിനക്ക്‌ കുറെ മീന്‍ വാങ്ങി കറിവച്ചു ഞാന്‍ തരുന്നുണ്ട്‌.'

മത്സ്യഫെഡിന്റെ ഫാം മാനേജരും കൂട്ടരുമാണ്‌ ഫാമിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌. ഒപ്പം സ്‌ത്രികളുടെ സീ ഫുഡ്‌ റെസ്റ്റോറന്റും. 

രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ ചാപ്പകടപ്പുറം. മത്സ്യഫെഡിന്റെ മറ്റൊരു ഫിഷ്‌ ഫാം. ചാപ്പ എന്ന സിനിമയിലെ ചില ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിന്തകള്‍ മനസിലോടി എത്തി. യാത്രസൗകര്യമില്ലാത്ത ഇവിടെ കണ്ടല്‍ക്കാടുകല്‍കൊണ്ട്‌ പ്രകൃതി ആ കുറവ്‌ പരിഹരിച്ചിട്ടുണ്ട്‌. ചാപ്പ കടപ്പുറത്തേയ്‌ക്ക്‌ വന്നപ്പോള്‍ ഓട്ടോക്കാരനോട്‌ ചോദിച്ച്‌ പൊതുവിഞ്‌ജാനം വര്‍ധിപ്പിച്ചു. മോഹന്‍ലാല്‍ ഫാനായ പയ്യന്‍ മാന്ത്രികം എന്ന സിനിമയില്‍ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഒരു മാന്ത്രിക സ്ഥലമില്ലേ അതുപ്പോലെയുള്ള ഒരു സ്ഥലം ഇവിടെ ഉണ്ടെന്ന്‌ പറഞ്ഞു. ഇവിടെയും ഫിഷിങ്ങും ബോട്ടിംങ്ങും പട്ടം പറപ്പിക്കല്‍ തുടങ്ങിയ വിവിധ രസകരമായ വിനോദപരിപാടികള്‍ ഉണ്ട്‌. വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട്‌ ചാപ്പ മാടി വിളിക്കുകയാണ്‌. 

കണ്ടല്‍ക്കാടിന്റെ നടുവില്‍ അങ്ങനെ നില്‌ക്കുമ്പോള്‍ മറ്റു സഞ്ചാരികളെ ഞാന്‍ മറന്നു. ഇളം കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടി ജലമര്‍മ്മരങ്ങളുടെ സംഗീതം കേട്ടുറങ്ങാന്‍ ഒരിക്കല്‍ കൂടി വരണം ഈ സ്വപ്‌നഭൂമിയിലേയ്‌ക്ക്‌.