Breaking News

Trending right now:
Description
 
Mar 13, 2013

വിസ്‌മയക്കാഴ്‌ചകള്‍ തേടി അലഹബാദിലേയ്‌ക്ക്‌

Global Malayalam Exclusive
image ഗ്ലോബല്‍മലയാളം എക്‌സ്‌ക്ലൂസീവ്‌ പരമ്പര

ഹിമാലയസാനുക്കളില്‍ കഠിനതപസ്‌ അനുഷ്‌ഠിക്കുന്ന ഉഗ്രപ്രതാപികളായ ദിഗംബരസന്യാസിമാര്‍ ഗംഗാസ്‌നാനത്തിനെത്തുന്ന ദിവസങ്ങളാണ്‌ കുംഭമേള. നാലതിരുകളെ വസ്‌ത്രങ്ങളാക്കിയിരിക്കുന്ന നഗ്നസന്യാസികളില്‍നിന്ന്‌ അനുഗ്രഹം വാങ്ങാനും അവരുടെ ഭക്ത്യാഭ്യാസപ്രകടനങ്ങള്‍ കണ്ടറിയാനും തിരക്കുകൂട്ടിയെത്തുന്നവര്‍ക്ക്‌ ഇവരുടെ ദര്‍ശനംപോലും പുണ്യമാണ്‌. ശീതക്കാറ്റ്‌ ആഞ്ഞുവീശുന്ന ഉത്തരേന്ത്യയിലെ തണുപ്പില്‍ ദേഹത്താകെ വെറും ചാരംമാത്രം പൂശി തപബലംകൊണ്ടു പ്രതിരോധിച്ചുനില്‍ക്കുന്ന നാഗസന്യാസിമാര്‍ കാണേണ്ട കാഴ്‌ചതന്നെ. മാര്‍ച്ച്‌ പത്തിന്‌ ശിവരാത്രിനാളിലെ രാജസ്‌നാനത്തോടെ അവസാനിച്ച അന്‍പത്തഞ്ചുദിവസം നീണ്ടുനിന്ന കുംഭമേളയില്‍ പത്തുകോടിപ്പേര്‍ പങ്കെടുത്തിട്ടുണ്ടാകുമെന്ന്‌ കണക്കാക്കപ്പെടുന്നത്‌.
സൂര്യന്‍ മകരരാശിയിലെത്തുമ്പോള്‍ തപലഹരിയുടെ മൂര്‍ച്ഛയില്‍ ഹിമാലയംവിട്ട്‌ ഗംഗാസ്‌നാനത്തിനായി ഓടിയെത്തുന്ന ദിഗംബരസന്യാസിമാര്‍ പ്രയാഗില്‍ നിറയും. ഗംഗയിലൊഴുക്കുന്ന മൃതദേഹങ്ങള്‍ ഭക്ഷിക്കുമെന്നു വിശ്വസിക്കപ്പെടുന്ന അഘോരികളും വിഭൂതിമാത്രമണിഞ്ഞെത്തുന്ന ദിഗംബരസന്യാസിമാരും ജഢാധാരികളായെത്തുന്ന നാഗസന്യാസിമാരും ഭക്തര്‍ക്ക്‌ പുണ്യദര്‍ശനമാണ്‌. സ്‌ത്രീകളും യുവാക്കളും പ്രായാധിക്യത്തെ മറന്നവരുമെല്ലാം കുംഭമേളയുടെ പുണ്യംതേടിയെത്തുന്നതിന്‌ ഇതിനായാണ്‌.

കണ്ടുപരിചയമില്ലാത്ത അപൂര്‍വകാഴ്‌ചകളുടെയും അനുഭവങ്ങളുടെയും വിരുന്നുകൂടിയാണ്‌ കുംഭമേള. അതുകൊണ്ടാണ്‌ ലോകമെങ്ങുനിന്നുമുള്ള പ്രസ്‌ ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടേയ്‌ക്ക്‌ ഓടിയെത്തുന്നു. കുംഭമേള കാണാനും ഭക്തകോടികളുടെ ആചാരങ്ങള്‍ നേരിട്ടറിയാനും നാഗസന്യാസിമാര്‍ക്കൊപ്പം താമസിച്ച്‌ ചിത്രങ്ങളെടുക്കാനും കേരളത്തില്‍നിന്ന്‌ അലഹബാദിലെത്തിയതാണ്‌ എത്തിയതാണ്‌ യുവഫോട്ടോഗ്രാഫറും ബ്ലോഗറുമായ കൊച്ചി സ്വദേശി ഡിപിന്‍ ജോസഫ്‌. വാമൊഴിയായും വായിച്ചും മാത്രമറിഞ്ഞവയില്‍ നേരിട്ടറിഞ്ഞ കാര്യങ്ങള്‍, കുംഭമേളയുടെ നേര്‍ക്കാഴ്‌ചകള്‍ ഗ്ലോബല്‍ മലയാളം വായനക്കാര്‍ക്കായി വരച്ചുകാട്ടുകയാണ്‌ ഡിപിന്‍. ഒപ്പം എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങളും...
 

പരമ്പര ഒന്നാം ഭാഗം
യാത്രകള്‍, ജീവിതത്തിന്‍റെ പ്രവാഹത്തിനിടയിലുള്ള ക്ഷണികമായ ദ്വീപുകള്‍. അവ ആഴ്ചകളോ മാസങ്ങളോ, മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ളവയോ ആയിക്കൊള്ളട്ടെ എന്‍റെ ജീവിതവുമായി അവയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെയാണ് ഇതിഹാസഭൂമിയായ അലഹബാദിലേക്ക്, ഒരു വ്യാഴവട്ടകാലത്ത് മാത്രം ആചരിക്കുന്ന കുംഭമേളയിലേക്ക്, ഏകനായി യാത്ര തിരിച്ചത്.

കുംഭമേള, ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമം,കൂടാതെ പല അന്ധവിശ്വാസങ്ങളും, പ്രാകൃതമായ ആചാരങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഒരിടം. അതുകൊണ്ടു തന്നെ സ്വാഭാവികമായും പല ചോദ്യങ്ങളും, നിരുല്സാഹപ്പെടുത്തലുകളും എനിക്ക് നേരിടേണ്ടി വന്നു.

പാലാഴി കടഞ്ഞെടുത്ത അമൃത് തുളുമ്പി വീണതെന്നു കരുതുന്ന നാലിടങ്ങളിലായാണ് (അലഹബാദ്, ഹരിദ്വാര്‍, മഹാരാഷ്ട്രയിലെ നാസിക്ക്, ഉജ്ജയിന്‍) ഓരോ പന്ത്രണ്ടു വര്‍ഷങ്ങളിലും കുംഭമേള ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെത്തെ പുണ്യനദികളിലെ സ്നാനംവഴി ഇഹപരമായ പാപങ്ങളില്‍നിന്നും മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. പ്രാകൃതങ്ങളായ പലആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന നഗ്നസന്യാസിമാരായ അഘോരികള്‍ തന്നെയാണ് ഈ മേളയിലെ മുഖ്യ ആകര്‍ഷണം. ദിഗംബര സന്യാസിമാരെയും അവരുടെ ആചാരങ്ങളെയും അടുത്തറിയാനുള്ള, എന്‍റെ ആഴത്തിലുള്ളതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ ആഗ്രഹത്തിനു വിരുദ്ധമായി ഒന്നും തന്നെ കേള്‍ക്കാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല. എന്നെ പിന്തിരിപ്പികാന്‍ ആരെയും അനുവദിച്ചില്ല. എന്‍റെ ജീവിതനേട്ടങ്ങള്‍ ഈ യാത്രകള്‍ മാത്രമാണ്. യാത്രകളില്‍ നിന്ന് വേര്‍തിരിച്ചു ചിന്തിക്കാനോ പറയാനോ കഴിയാത്തവിധം അത്രമേല്‍ അവ എന്നോട് ചുറ്റിപിണഞ്ഞു കിടക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റെഷനില്‍ പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മഞ്ഞിന്‍റെ വെളുത്തപുക കനത്തില്‍ വ്യാപിച്ചിരുന്നു. ഈര്‍പ്പം നിറഞ്ഞ ഭൂമിയില്‍ മഞ്ഞിന്‍റെ പടര്‍ന്ന പാടുകള്‍ കാണാം. അലഹബാദിലേക്ക് നേരിട്ടുള്ള യാത്ര ടിക്കറ്റ്‌ ലഭ്യമാകാഞ്ഞതിനെ തുടര്‍ന്നാണ് ഝാന്‍സിയില്‍ ഇറങ്ങി യാത്രതുടരാം എന്ന് തീരുമാനിച്ചത്. റോഡ്‌ മാര്‍ഗ്ഗം കാണ്പൂര്‍ വഴി അലഹബാദിലേക്ക് പോവാന്‍ തീരുമാനിച്ചിരുന്നു എങ്കിലും, അതേസമയത്ത് ട്രെയിന്‍ ലഭ്യമാണോ എന്നറിയാന്‍ അന്വേഷണ വിഭാഗത്തിലേക്ക് നടന്നു. വലിയ ഒരു ആള്‍ക്കൂട്ടമാണ് അവിടെ എന്നെ സ്വാഗതം ചെയ്തത്. അന്വേഷണ വിഭാഗത്തിനു മുന്‍പില്‍ തിക്കിതിരക്കി നില്‍ക്കുന്ന യാത്രക്കാര്‍. വളരെ പണിപെട്ട് ഞാനും ഒരുവിധത്തില്‍ കൌണ്ടറിനു മുന്നിലെത്തി. അവിടെ അല്പം ദൂരെയായി പഴകിയ ഒരു മരകസേരയില്‍, നീണ്ട ഒരു ചൂരലുമായി മ്ലാനനായി കാണപ്പെട്ട ഒരാള്‍ ഇരിക്കുന്നു. അന്വേഷണങ്ങള്‍ക്ക് മറുപടിയായി തനിക്കു പിറകിലുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്ന തീവണ്ടിയുടെ പേരും സമയവും ചൂരല്‍ കൊണ്ട് കാണിച്ചുതരും. പഴകിതേഞ്ഞ ആ കസേര, അയാളില്‍ നിന്നും വേര്‍പെടുത്താന്‍ ആവാത്ത വിധം, ശരീരത്തിന്‍റെ ഒരു ഭാഗമെന്നവണ്ണം അയാളോട് പറ്റിചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുമെന്നോ, എന്തെങ്കിലും സംസാരിക്കുമെന്നൊ എന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്ന് മനസ്സിലായി. ഹിന്ദി എന്നഭാഷ എന്നെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാണ്. ഞാന്‍ അലഹബാദിലേക്കുള്ള ട്രെയിന്‍ വിവരങ്ങള്‍ ചോദിച്ചു. ആംഗലേയ ഭാഷയിലുള്ള ചോദ്യം കേട്ടപ്പോള്‍, അതൊരു ഭീഷണിയോ, അപമാനമോ അല്ലെങ്കില്‍ അത്തരമൊരു കാര്യമോ ആണ് എന്നവിധം നെറ്റിചുളിച്ചുകൊണ്ടാണ് അയാള്‍ നേരിട്ടത്. മഞ്ഞനിറം ബാധിച്ച അയാളുടെ കണ്ണുകള്‍ ഉരുട്ടികൊണ്ടു മാറി പൊയ്ക്കോള്ളൂ' എന്ന ആഗ്യം കാണിച്ചു. ഇത്തരമൊരു അനുഭവം എനിക്ക് പുതുമയല്ല പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. അയാള്‍ ചൂരലുമായി വീണ്ടും ജോലിയില്‍ വ്യാപൃതനായി. ഒടുവില്‍ റെയില്‍വേ പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 8:30 നു അലഹബാദിലേക്ക് ചംബല്‍ എക്സ്പ്രസ്സ്‌ ഉണ്ടെന്നു അറിഞ്ഞു. പക്ഷെ ട്രെയിന്‍ 2 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഞാന്‍ സമയം നോക്കി, 7 മണി ആവുന്നതെഉള്ളു. 3 മണിക്കൂറിലധികം സമയമുണ്ട്. ബസ്സിനു പോവണോ എന്ന് ആലോചന ഉണ്ടായിരുന്നെങ്കിലും റെയില്‍വേ പോലീസിന്‍റെ നിര്‍ദ്ദേശത്തില്‍ തീവണ്ടി യാത്ര തന്നെ തിരഞ്ഞെടുത്തു. ഏതാണ്ട് 400 കി.മി. ദൂരമുണ്ട് ഝാന്‍സിയില്‍ നിന്നും അലഹബാദിലേക്ക്.

പ്രഭാതഭക്ഷണം കഴിച്ചശേഷം ടിക്കറ്റ്‌ എടുക്കാനായി കൌണ്ടറിലേക്ക് നടന്നു. കാര്യമായ തിരക്കില്ല. ആരുടെയോ നിര്‍ബന്ധത്തിനുവഴങ്ങി ജോലിക്ക് വരാന്‍വിധിക്കപ്പെട്ടതെന്നു തോന്നിച്ച ഒരു സ്ത്രീ അതിനകത്ത്. സ്ലീപ്പെരും, എസിയുമൊന്നുമില്ല, ജനറല്‍ മാത്രമേഉള്ളു വേണമെങ്കില്‍മതി എന്ന് മറുപടി. ടിക്കെറ്റും വാങ്ങി പ്ലാറ്റ്ഫൊമിലേക്ക് നടന്നു. തിരക്കൊഴിഞ്ഞ മൂലയില്‍ സ്ഥാനംപിടിച്ചു. ട്രെയിനില്‍ ഉണ്ടായേക്കാവുന്ന തിരക്കിനെ കുറിച്ചോര്‍ത്തായിരുന്നു എന്‍റെ ആശങ്ക. കയ്യില്‍ കരുതിയിരുന്ന പുസ്തകങ്ങളും പാട്ടുകളുമായി സമയം ചെലവഴിച്ചു. ഒടുവില്‍ ട്രെയിന്‍ എത്തിയപോള്‍ സമയം 11:30. ഭയന്നത്രയും തിരക്കില്ല. പക്ഷെ വലിയ ബാഗുമായി ആയാസപ്പെട്ട്‌ കയറിയപ്പോഴേക്കും സീറ്റുകള്‍ നിറഞ്ഞിരുന്നു. 6 മണിക്കൂറിലധികം യാത്രയുണ്ട് അലഹബാദിലേക്ക്. അപൂര്‍വവും അസാധാരണവുമായ സംഭവവികാസങ്ങളിലൂടെ എന്നെ വിസ്മയിപ്പിച്ച ഒരുയാത്ര അവിടെ ആരംഭിക്കുകയായിരുന്നു.

Kumbhamela - 2

Kumbhamela - 1

 

അത്യപൂര്‍വകാഴ്‌ചകളുടെ മഹാകുംഭമേള