
തിരുവനന്തപൂരം:ജോലിക്കൊപ്പം പഠനം നടത്തുന്ന ആയിരക്കണക്കിനു നേഴ്സുമാരുടെ ഉപരി പഠന സ്വപ്നങ്ങള്‍ ഇല്ലാതാക്കി കേരളത്തിനു പുറത്തുനിന്ന് നേടുന്ന പോസ്റ്റ് ബേസിക് ബിഎസ്.സി, എംഎസ്.സി നേഴ്സിങ്ങ് കോഴ്സിന്റെ അംഗീകാരം നല്കുന്ന നടപടി നിറുത്തി വയ്ക്കാന്‍ കേരള നഴ്സസ് &മിഡ്വൈഫറി കൗണ്‍സില്‍ തീരുമാനിച്ചു. ജനറല്‍ നേഴ്സുമാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതോടെയാണ് വിദേശത്തും സ്വദേശത്തും ജോലിചെയ്യുന്ന ആയിരക്കണക്കിനു നഴ്സുമാരാണ് ഇത്തരത്തിലുള്ള പോസ്റ്റ് ബേസിക്ക് നേഴ്സിങ്ങ് കോഴ്സുകള്‍ ചെയ്യുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഇത്തരം നേഴ്സിങ്ങ് കോഴ്സുകള്‍ ഏറെ സഹായകരമായിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ നൂറുകണക്കിനു അനധികൃത നേഴ്സിങ്ങ് സ്ഥാപനങ്ങള്‍ ഡിഗ്രി നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് കൗണ്‍സില്‍ ഇത്തരം ഒരു നീക്കം നടത്തിയത്. റഗുലര്‍ പഠനത്തിലുടെ ബിഎസ്.സിയും എംഎസ്.സിയും നേടുന്നവര്‍ക്കൊപ്പം ഇത്തരം ഡിഗ്രിക്കാരെയും അംഗീകരിക്കുന്നതിനെതിരായി ഒരു വിഭാഗം നേഴ്സുമാര്‍ വ്യാപക പ്രതിഷേധം രേഖപെടുത്തിയിരുന്നു.
കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരാണ് ഇങ്ങനെ വിവിധ കോഴ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതത്രേ. ഇത്തരത്തില്‍ ഡിഗ്രി നേടുന്നവരുടെ റജിസ്ട്രേഷന് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് കൗണ്‍സിലിന്റെ യോഗം തീരുമാനിച്ചത്.
കേരളത്തിനു പുറത്തുനിന്ന് പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്, എം.എസ് സി നഴ്സിംഗ് എന്നീ ഡിഗ്രികള്‍ നേടുന്നവരുടെ അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്ട്രേഷന് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വരെ നിര്‍ത്തിവയ്ക്കുമെന്ന് നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ തീരുമാനിച്ചുവെന്ന് രജിസ്ട്രാര്‍ അറിയിച്ചു.