Breaking News

Trending right now:
Description
 
Mar 13, 2013

സ്‌ത്രീകള്‍ക്കെതിരേ അതിക്രമം തടയല്‍: ബില്‍: വ്യവസ്ഥകളെച്ചൊല്ലി ഭിന്നതയെന്ന്‌ അശ്വിനികുമാര്‍

image സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിലെ വ്യവസ്ഥകളെച്ചൊല്ലി ഭിന്നതയില്‍ വെള്ളിയാഴ്‌ചയ്‌ക്കകം തന്നെ മന്ത്രിസഭാ ഉപസമിതിയോടു സമവായം കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു നിയമമന്ത്രിയും ഉപസമിതിയിലെ അംഗവുമായ അശ്വിനി കുമാര്‍ പറഞ്ഞു. അടുത്ത 22-നു പാര്‍ലമെന്റിന്റെ ആദ്യഘട്ടം സമ്മേളനം പിരിയുന്നതിനു മുമ്പുതന്നെ ബില്ലവതരിപ്പിച്ചു വോട്ടിനിടാനായാണിത്‌. കഴിഞ്ഞ മാസം മൂന്നിനു കേന്ദ്രം പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായാണു പുതിയ നിയമഭേദഗതി അവതരിപ്പിക്കുന്നത്‌. ഏപ്രില്‍ നാലിനകം ബില്ലു പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ്‌ അസാധുവാകും. മാനഭംഗം (റേപ്‌) എന്ന വാക്ക്‌ കൂടുതല്‍ പുരുഷ സൂചകമായതിനാല്‍, പകരം ലൈംഗിക അക്രമം എന്ന ലിംഗഭേദമില്ലാത്ത വാക്ക്‌ ഉപയോഗിക്കണമെന്ന നിര്‍ദേശത്തോടും ചില മന്ത്രിമാര്‍ക്കു പൂര്‍ണയോജിപ്പുണ്ടായില്ല. അതിലേറെ പൂവാലശല്യം പോലുള്ളവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കണ്ടില്ലെന്നു നടിക്കരുതെന്നു നിയമമന്ത്രിയടക്കം ചില മന്ത്രിമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പരാതികള്‍ ഉണ്‌ടാകുന്നതു തടയേണ്ടതുണ്ട്‌. കുളിമുറികളിലും കിടപ്പുമുറികളും മറ്റും ഒളിഞ്ഞുനോട്ടം നടത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന വ്യവസ്ഥയും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നു ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

 സമ്മതത്തോടെയുള്ള ലൈംഗിക വേഴ്‌ചയുടെ പ്രായം നിലവിലെ 18ല്‍ നിന്നു 16 വയസാക്കി കുറയ്‌ക്കാനുള്ള നിര്‍ദേശത്തോടു മന്ത്രിമാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ടായില്ല. നിലവില്‍ 18 വയസില്‍ താഴെയുള്ളവരുടെ ലൈംഗീകവേഴ്‌ച കുറ്റകരമായ മാനഭംഗമാണ്‌. പ്രായപരിധി കുറയ്‌ക്കാനുള്ള നീക്കത്തോടു യോജിക്കാനാകില്ലെന്നുവനിതാ, ശിശുക്ഷേമ മന്ത്രി കൃഷ്‌ണ തിരാത്ത്‌ പറഞ്ഞു. ഇതേ തുടര്‍ന്നു ഇതിനായുള്ള മന്ത്രിസഭാ ഉപസമിതിയില്‍ കൃഷ്‌ണയെ കൂടി ഉള്‍പ്പെടുത്തി. ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ടെലികോം മന്ത്രിയും നിയമവിദഗ്‌ധദനുമായ കപില്‍ സിബല്‍ എന്നിവരും ഉപസമിതിയിലുണ്ട്‌. മന്ത്രിമാര്‍ക്കു ഏകാഭിപ്രായമില്ലാത്ത എന്നാല്‍, മാനഭംഗത്തിനിരയാകുന്നവര്‍ മരിക്കുകയോ, ജീവച്ഛവമാകുകയോ ചെയ്യപ്പെടുന്ന കേസുകളില്‍ കുറ്റവാളിക്കു വധശിക്ഷ വരെ നല്‍കാനുള്ള വ്യവസ്ഥയോടു മന്ത്രിമാരെല്ലാം യോജിച്ചു. ഇത്തരം കേസുകളില്‍ കുറഞ്ഞ ശിക്ഷ 20 വര്‍ഷത്തെ കരാഗ്രൃഹവാസം എന്നതിലും തര്‍ക്കമില്ല. ജീവപര്യന്തം തടവെന്നതു പ്രത്യേക കേസുകളില്‍ പ്രതിയുടെ സ്വഭാവിക മരണം വരെ നീട്ടാവുന്നതാണെന്നും ബില്ലിലുണ്ട്‌. മന്ത്രിമാര്‍ക്കെല്ലാം പൂര്‍ണ യോജിപ്പില്ലാത്ത മറ്റു പല വ്യവസ്ഥകളും ബില്ലിലുണ്ടെന്നും അതിനാലാണു ഉപസമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതെന്നും നിയമമന്ത്രി പറഞ്ഞു.