Breaking News

Trending right now:
Description
 
Sep 30, 2012

ഓസ്‌ട്രേലിയയിലേയ്‌ക്കുള്ള വിസ ഇനി ഇലക്‌ട്രോണിക്‌ രൂപത്തില്‍, പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കേണ്ടതില്ല

വിസ ലേബലിനു പകരം ഇലക്ട്രോണിക്‌ വിസ ഗ്രാന്റ്‌ ലെറ്റര്‍
image ഇന്ത്യക്കാര്‍ക്ക്‌ ഇനി പാസ്‌പോര്‍ട്ടില്‍ വിസ പതിപ്പിക്കാതെ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ യാത്ര ചെയ്യാം. ഇനി മുതല്‍ വിസയ്‌ക്കായി അപേക്ഷിക്കുമ്പോള്‍ പാസ്‌പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. ഒക്ടോബര്‍ 1 മുതല്‍ ഇത്‌ നടപ്പില്‍ വരുമെന്ന്‌ ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ പീറ്റര്‍ വര്‍ഗീസ്‌ പറഞ്ഞു. ഇന്ത്യയ്‌ക്കു പുറമെ ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേയ്‌ക്കും ഇലക്ട്രോണിക്‌ വിസയായിരിക്കും നല്‌കുക. ലോകമെങ്ങും ഇത്‌ താമസിയാതെ നടപ്പില്‍ വരുത്തും. വിസ ലേബലിനു പകരം ഇലക്ട്രോണിക്‌ വിസ ഗ്രാന്റ്‌ ലെറ്റര്‍ ആയിരിക്കും ലഭിക്കുക. വിസയിലെ വിവരങ്ങളെല്ലാം ഇതില്‍ രേഖപ്പെടുത്തിയിരിക്കും. പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുമ്പോള്‍ തെളിയാതെ വരികയോ വായിക്കുന്നതില്‍ ബുദ്ധിമുട്ടുവരികയോ ചെയ്യുന്നത്‌ സാധാരണമാണ്‌. എന്നാല്‍, ചെക്ക്‌ ഇന്‍ ചെയ്യുമ്പോള്‍ ഇലക്ടോണിക്‌ വിസ ഗ്രാന്റ്‌ ലെറ്റര്‍ പരിശോധിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകും. വിസ ഏതെങ്കിലും കാരണത്താല്‍ കാന്‍സലായിട്ടുണ്ടെങ്കില്‍ ഇലക്ട്രോണിക്‌ വേരിഫിക്കേഷന്‍ നടത്താനാവില്ല. വിസയ്‌ക്കായുള്ള കാത്തിരിപ്പ്‌ വേണ്ടെന്നുളളതാണ്‌ ഇതിന്റെ മെച്ചം. ചെലവും കുറയും. പാസ്‌പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനും അത്‌ തിരികെ കൊറിയറില്‍ ലഭിക്കുന്നതിനുമുള്ള പണം ലാഭിക്കാം. കൂടുതല്‍ സുരക്ഷിതവുമാണ്‌. പാസ്‌പോര്‍ട്ടിനു പകരം പാസ്‌പോര്‍ട്ടിലെ ഉപയോഗിച്ച പേജുകളുടെ ഫോട്ടോ കോപ്പി വിസ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചാല്‍ മതിയാകും. നോട്ടറൈസ്‌ ചെയ്‌ത കോപ്പിയാണ്‌ നല്‌കേണ്ടത്‌. ബയോഡേറ്റ പേജ്‌, എന്‍ഡോഴ്‌സ്‌മെന്റ്‌, അല്ലെങ്കില്‍ പേരിലെ മാറ്റം എന്നിവയുടെ പേജ്‌, മാതാപിതാക്കളുടെയും മറ്റും വിവരങ്ങളും മുന്‍ പാസ്‌പോര്‍ട്ടിന്റെയും വിവരങ്ങളും രേഖപ്പെടുത്തിയ ബായ്‌ക്ക്‌ പേജ്‌ എന്നിവയുടെ നല്ല തെളിച്ചമുള്ള നോട്ടറൈസ്‌ ചെയ്‌ത കോപ്പികള്‍ നല്‌കണം. എല്ലാത്തരം വിസകള്‍ക്കും ഇത്‌ ബാധകമാണ്‌. ലേബല്‍ ഇല്ലാത്ത വിസ നടപ്പാക്കുന്നതിനെ ഇന്ത്യന്‍ ഗവണ്‍മെന്റും എയര്‍ലൈനുകളും ട്രാവല്‍, എജ്യൂക്കേഷന്‍ ഏജന്‍സികളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്ന്‌ മലയാളിയായ ഓസ്‌ട്രേലിയന്‍ ഹൈ കമ്മീഷണര്‍ പറഞ്ഞു. പുതിയ മാറ്റങ്ങള്‍ അറിയിക്കുന്നതിനായി ഹൈക്കമ്മീഷന്‍ വിശദമായ പ്രചാരണ പരിപാടികള്‍ നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ യാത്ര നടത്തുന്നവരുടെ വിവരങ്ങള്‍ എയര്‍ലൈനുകള്‍ മുന്‍കൂറായി ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ആന്‍ഡ്‌ കസ്‌റ്റംസ്‌ അധികൃതരെ അറിയിക്കണം. അഡ്വാന്‍സ്‌ഡ്‌ പാസഞ്ചര്‍ പ്രോസസിംഗ്‌ (എപിപി) സംവിധാനം ഇതിനായി പുതിയതായി നടപ്പിലാക്കും.