Breaking News

Trending right now:
Description
 
Mar 12, 2013

അത്യപൂര്‍വകാഴ്‌ചകളുടെ മഹാകുംഭമേള

ഗ്ലോബല്‍മലയാളം എക്‌സ്‌ക്ലൂസീവ്‌ പരമ്പര നാളെ മുതല്‍ വായിക്കുക
image ലോകത്തില്‍തന്നെ ഏറ്റവുമധികം ആളുകള്‍ ഒത്തുചേരുന്ന മേളയാണ്‌ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേള. ഇക്കുറി അലഹബാദ്‌ പ്രയാഗിലെ ത്രിവേണിസംഗമത്തിലായിരുന്നു മഹാകുംഭമേള. പുണ്യദിനങ്ങളില്‍ ഗംഗാസ്‌നാനത്തിനെത്തുന്ന സന്യാസിമാരില്‍നിന്ന്‌ അനുഗ്രഹം വാങ്ങാനും ഗംഗയില്‍ മുങ്ങിനിവര്‍ന്ന്‌ പാപമോക്ഷം നേടാനും വ്രതംനോക്കി ഇവിടെ ഒത്തുകൂടിയത്‌ ഓരോ ദിവസവും കോടിക്കണക്കിന്‌ ഭക്തരാണ്‌. ഏറ്റവും തിരക്കുള്ള മൗനി അമാവാസ്യ ദിവസം മൂന്നുകോടി ആളുകളാണ്‌ ഗംഗയില്‍ മുങ്ങിനിവര്‍ന്നത്‌ എന്നറിയുമ്പോള്‍ ജനബാഹുല്യം ഊഹിക്കാവുന്നതേയുള്ളൂ. അതായത്‌ കേരളത്തിലെ 90 ശതമാനം പേരും ഒരിടത്ത്‌ ഒന്നിച്ചുകൂടിയത്ര തിരക്ക്‌. ഈ വര്‍ഷം അലഹബാദ്‌ കുംഭമേളയില്‍ ഫെബ്രുവരി 14 വരെ പങ്കെടുത്തവരുടെ ഔദ്യോഗികഎണ്ണം എട്ടുകോടിയാണ്‌.

മാര്‍ച്ച്‌ പത്തിന്‌ ശിവരാത്രിനാളിലെ രാജസ്‌നാനത്തോടെ അവസാനിച്ച അന്‍പത്തഞ്ചുദിവസം നീണ്ടുനിന്ന കുംഭമേളയില്‍ പത്തുകോടിപ്പേര്‍ പങ്കെടുത്തിട്ടുണ്ടാകുമെന്ന്‌ കണക്കാക്കപ്പെടുന്നത്‌. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പങ്കാളിത്തമുള്ള ഇറാക്കിലെ കര്‍ബലയില്‍ പങ്കെടുത്തവര്‍ വെറും രണ്ടരക്കോടി പേര്‍ മാത്രമാണെന്നറിയുമ്പോഴാണ്‌ കുംഭമേളയുടെ ജനബാഹുല്യം മനസിലാവുന്നത്‌. ഈ തിക്കിലും തിരക്കിലും ശുഭമുഹൂര്‍ത്തങ്ങളില്‍ ഗംഗയില്‍ മുങ്ങിനിവരാനുള്ള വെപ്രാളംകൂടിയാകുമ്പോള്‍ ഒന്നാലോചിച്ചുനോക്കൂ.

ഹിമാലയസാനുക്കളില്‍ കഠിനതപസ്‌ അനുഷ്‌ഠിക്കുന്ന ഉഗ്രപ്രതാപികളായ ദിഗംബരസന്യാസിമാര്‍ ഗംഗാസ്‌നാനത്തിനെത്തുന്ന ദിവസങ്ങളാണ്‌ കുംഭമേള. നാലതിരുകളെ വസ്‌ത്രങ്ങളാക്കിയിരിക്കുന്ന നഗ്നസന്യാസികളില്‍നിന്ന്‌ അനുഗ്രഹം വാങ്ങാനും അവരുടെ ഭക്ത്യാഭ്യാസപ്രകടനങ്ങള്‍ കണ്ടറിയാനും തിരക്കുകൂട്ടിയെത്തുന്നവര്‍ക്ക്‌ ഇവരുടെ ദര്‍ശനംപോലും പുണ്യമാണ്‌. ശീതക്കാറ്റ്‌ ആഞ്ഞുവീശുന്ന ഉത്തരേന്ത്യയിലെ തണുപ്പില്‍ ദേഹത്താകെ വെറും ചാരംമാത്രം പൂശി തപബലംകൊണ്ടു പ്രതിരോധിച്ചുനില്‍ക്കുന്ന നാഗസന്യാസിമാര്‍ കാണേണ്ട കാഴ്‌ചതന്നെ. 

സൂര്യന്‍ മകരരാശിയിലെത്തുമ്പോള്‍ തപലഹരിയുടെ മൂര്‍ച്ഛയില്‍ ഹിമാലയംവിട്ട്‌ ഗംഗാസ്‌നാനത്തിനായി ഓടിയെത്തുന്ന ദിഗംബരസന്യാസിമാര്‍ പ്രയാഗില്‍ നിറയും. ഗംഗയിലൊഴുക്കുന്ന മൃതദേഹങ്ങള്‍ ഭക്ഷിക്കുമെന്നു വിശ്വസിക്കപ്പെടുന്ന അഘോരികളും വിഭൂതിമാത്രമണിഞ്ഞെത്തുന്ന ദിഗംബരസന്യാസിമാരും ജഢാധാരികളായെത്തുന്ന നാഗസന്യാസിമാരും ഭക്തര്‍ക്ക്‌ പുണ്യദര്‍ശനമാണ്‌. സ്‌ത്രീകളും യുവാക്കളും പ്രായാധിക്യത്തെ മറന്നവരുമെല്ലാം കുംഭമേളയുടെ പുണ്യംതേടിയെത്തുന്നതിന്‌ ഇതിനായാണ്‌. 
https://docs.google.com/file/d/0B4PJx5K1EoVhVlNRcmFqZkdNWEU/edit?usp=sharing

കണ്ടുപരിചയമില്ലാത്ത അപൂര്‍വകാഴ്‌ചകളുടെയും അനുഭവങ്ങളുടെയും വിരുന്നുകൂടിയാണ്‌ കുംഭമേള. അതുകൊണ്ടാണ്‌ ലോകമെങ്ങുനിന്നുമുള്ള പ്രസ്‌ ഫോട്ടോഗ്രാഫര്‍മാര്‍ ഇവിടേയ്‌ക്ക്‌ ഓടിയെത്തുന്നു. കുംഭമേള കാണാനും ഭക്തകോടികളുടെ ആചാരങ്ങള്‍ നേരിട്ടറിയാനും നാഗസന്യാസിമാര്‍ക്കൊപ്പം താമസിച്ച്‌ ചിത്രങ്ങളെടുക്കാനും കേരളത്തില്‍നിന്ന്‌ അലഹബാദിലെത്തിയതാണ്‌ എത്തിയതാണ്‌ യുവഫോട്ടോഗ്രാഫറും ബ്ലോഗറുമായ കൊച്ചി സ്വദേശി ഡിപിന്‍ ജോസഫ്‌. വാമൊഴിയായും വായിച്ചും മാത്രമറിഞ്ഞവയില്‍ നേരിട്ടറിഞ്ഞ കാര്യങ്ങള്‍, കുംഭമേളയുടെ നേര്‍ക്കാഴ്‌ചകള്‍ ഗ്ലോബല്‍ മലയാളം വായനക്കാര്‍ക്കായി വരച്ചുകാട്ടുകയാണ്‌ ഡിപിന്‍. ഒപ്പം എക്‌സ്‌ക്ലൂസീവ്‌ ചിത്രങ്ങളും... നാളെമുതല്‍ വായിച്ചുതുടങ്ങുക.