Breaking News

Trending right now:
Description
 
Mar 11, 2013

ലുലുമാള്‍ കാണാനെത്തിയത്‌ രണ്ടുലക്ഷം പേര്‍

image അന്താരാഷ്ട്ര ഷോപ്പിംഗ്‌ അനുഭവം അപ്പാടെ കൊച്ചിയിലേയ്‌ക്കു പറിച്ചുനട്ടത്‌ ആസ്വദിക്കുകയാണ്‌ മലയാളികള്‍. കൊച്ചിയില്‍നിന്നു മാത്രമല്ല ദൂരെനിന്നു പോലും ലുലു മാള്‍ കാണാന്‍ ആളുകളെത്തുന്നു. അതോടെ രണ്ടാം ദിവസവും ഇടപ്പള്ളിയും എന്തിന്‌ പാലാരിവട്ടം വരെയും ഗതാഗതക്കുരുക്കിലായി. കൊച്ചിയിലെ ഷോപ്പിംഗ്‌ ആകെ ഇടപ്പള്ളിയിലേയ്‌ക്കു പറിച്ചു നട്ട പോലത്തെ പ്രതീതി.

ഉദ്‌ഘാടനദിവസം രണ്ടു ലക്ഷം പേരെങ്കിലും മാള്‍ സന്ദര്‍ശിക്കാന്‍ എത്തിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഒരു ലക്ഷം പേരെങ്കിലും വഹിക്കാന്‍ കഴിയുന്നത്ര വലിപ്പമുണ്ട്‌ പതിനേഴ്‌ ഏക്കറിലായി 25 ദശലക്ഷം ചതുരശ്രയടിയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന മാള്‍. എന്നിട്ടും, ഇന്നലെ പോലീസിന്‌ ലാത്തി വീശേണ്ടി വന്നു.



അന്‍പത്‌ ഔട്ട്‌ലെറ്റുകളാണ്‌ ആദ്യഘട്ടത്തില്‍ ലുലുവില്‍ തുറക്കുന്നത്‌. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 200 ഔട്ട്‌ലെററുകളുണ്ടാകും. ഒട്ടുമിക്ക അന്താരാഷ്‌്‌ട്ര ബ്രാന്‍ഡുകളും കേരളത്തില്‍ കാലെടുത്തുവയ്‌ക്കുന്നത്‌ ലുലു മാളിലൂടെയാകും. മക്‌ഡൊണാള്‍ഡ്‌സ്‌ പതിന്നാലിന്‌ തുറക്കുമ്പോള്‍, റോളക്‌സ്‌, തുടങ്ങിയ ഒട്ടേറെ ബ്രാന്‍ഡുകള്‍ ഉദ്‌ഘാടനം കാത്തിരിക്കുന്നു. ഐശ്വര്യ റായ്‌ അടക്കമുള്ള ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാണ്‌ ഓരോന്നിന്റെയും ഉദ്‌ഘാടനത്തിന്‌ എത്തുന്നത്‌. 

ഗള്‍ഫില്‍ കണ്ടുപരിചയിച്ച അതേ മാതൃകയിലാണ്‌ ലുലുവിലെ പ്രൊവിഷന്‍ സ്റ്റോറുകള്‍. വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങളും അവ സജ്ജീകരിച്ചിരിക്കുന്ന വിസ്‌മയവും കണ്ടറിയാന്‍ ആളുകള്‍ തടിച്ചുകൂടുന്നു.

പല സാധനങ്ങള്‍ക്കും വിപണിയിലെ വിലയ്‌ക്കു തുല്യമാണ്‌ ലുലുവിലെയും വില. മട്ടന്‌ നാനൂറു രൂപയാണ്‌ പുറത്തുവിലയെങ്കില്‍ മട്ടന്‍ ലെഗ്‌ പീസിന്‌ ലുലുവില്‍ 425 രൂപ. കിളിമീനിന്‌ വിപണി വില 180, ലുലുവില്‍ 185.

ഒന്‍പത്‌ മള്‍ട്ടിപ്ലക്‌സ്‌ തീയേറ്ററുകളാണ്‌ യുവാക്കളെ ലുലുവിലേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌. പോരെങ്കില്‍ മുന്തിയ വിഭവങ്ങളുമായി റസ്‌റ്ററന്റുകള്‍ തരാതരം. ഐസ്‌ സ്‌കേററിംഗ്‌ റിങ്ക്‌ തുടങ്ങി കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്‌ചകള്‍ അടുത്തറിയാനാണ്‌ ആളുകള്‍ക്ക്‌ ഉത്സാഹം.