Breaking News

Trending right now:
Description
 
Mar 09, 2013

നീതിനിഷേധത്തിനെതിരെ കാതോലിക്കാ ബാവ ഉള്‍പ്പെടെ 18ന്‌ ഉപവാസസമരം നടത്തും

image യാക്കോബായ സഭയ്‌ക്ക്‌ അനുകൂലമായി കോടതിവിധികള്‍ ഉണ്ടായിട്ടും ജനഹിതം നോക്കാതെ സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു എന്ന പരാതിയുമായി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും 18ന്‌ സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസം അനുഷ്‌ഠിക്കും. ഉപവാസ സമരത്തിനു ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നീതിപൂര്‍വമായ സമീപനമുണ്ടായില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ വിശ്വാസികളുടെ മഹാസമ്മേളനം കോട്ടയത്ത്‌ നടത്തും. സമ്മേളനത്തില്‍ സഭയുടെ ഔദ്യോഗിക രാഷ്ട്രീയ നിലപാട്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവ പ്രഖ്യാപിക്കും. യാക്കോബായ വിഭാഗക്കാരായ എംഎല്‍എമാരെ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പ്രഖ്യാപനത്തിലുണ്ടാകാമെന്ന്‌ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലക്കല്‍, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവര്‍ പറഞ്ഞു. 
 
ഭാരതത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ലഭിക്കുന്ന അവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും അവഗണിച്ചുകൊണ്ട്‌ യാക്കോബായ സഭയ്‌ക്കു മാത്രം ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്‌. പള്ളികള്‍ പൂട്ടാനും സമരങ്ങള്‍ നടത്താനും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ സര്‍ക്കാര്‍ ഒത്താശചെയ്‌തുകൊടുക്കുന്നു. ആലുവ തൃക്കുന്നത്ത്‌ പള്ളിയിലും വെട്ടിത്തറയിലും മണ്ണത്തൂരും മാമലശേരിയിലും കണ്യാട്ടുനിരപ്പ്‌, ഞാറക്കാട്‌ തുടങ്ങിയ പള്ളികളിലും ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്കു മാത്രം നീതി നിഷേധിക്കപ്പെടുകയാണ്‌. ഈ ഇരട്ടത്താപ്പിനെതിരേ സഭയ്‌ക്ക്‌ പോരാട്ടം നടത്തിയേ മതിയാകൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നീതിപൂര്‍വമായ സമീപനമുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഏറ്റവുമധികം പീഡനങ്ങള്‍ ഏറ്റെടുക്കേണ്ടിവന്ന കാലഘട്ടമാണിത്‌. ഓര്‍ത്തഡോക്‌സ്‌ വിഭാഗം നിര്‍ദേശിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥരെയും റവന്യു ഉദ്യോഗസ്ഥരെയും നിയമിച്ച്‌ നിയമലംഘനത്തിന്‌ സഹായിക്കുകയാണ്‌. യാക്കോബായ സഭാ വിശ്വാസികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച്‌ കള്ളക്കേസുകള്‍ എടുക്കുകയും വിദേശത്ത്‌ ജോലിക്കും മറ്റും പോകേണ്ട യുവജനങ്ങളെ തെരഞ്ഞുപിടിച്ച്‌ കേസില്‍ ഉള്‍പ്പെടുത്തി അവരുടെ ഭാവി തകര്‍ക്കുകയാണെന്നും സഭാ ഭാരവാഹികള്‍ ആരോപിച്ചു.