Breaking News

Trending right now:
Description
 
Mar 09, 2013

നൂതനാശയങ്ങളുമായി സ്വാന്‍സിയില്‍ കിഡ്സ്‌ ക്ലബ്‌ ഉദ്ഘാടനം മാര്‍ച്ച്‌ 16 ശനിയാഴ്ച

Binsu John
image
സ്വാന്‍സി: നിരവധി സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി സ്വാന്‍സി മലയാളികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മറ്റൊരു സംരംഭത്തിന് കൂടി തുടക്കമാകുന്നു. മാര്‍ച്ച്‌ 16 ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന “കിഡ്സ്‌ ക്ലബ്ബ്‌” ആണ് സ്വാന്‍സി മലയാളികളുടെ കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ ലക്‌ഷ്യം വച്ച് കൊണ്ട് അസോസ്സിയേഷന്‍ മുന്നോട്ട് വച്ചിരിക്കുന്ന നൂതന സംരംഭം.

എല്ലാ മാസത്തിലും നാലാം ശനിയാഴ്ചകളില്‍ ആയിരിക്കും നാലു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന വിനോദങ്ങളും, പരിശീലന പരിപാടികളുമായി കിഡ്സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്നത്.മലയാള ഭാഷാപഠനത്തിനു ഒന്നാം സ്ഥാനം നല്‍കിക്കൊണ്ടുള്ള ഈ പ്രോഗ്രാമില്‍ ഇതിനു പുറമേ ചെസ്, കാരംസ്‌ തുടങ്ങിയ കളികളിലും പരിശീലനം നല്‍കുന്നതാണ്. അത് മാത്രമല്ല കഴിവും താത്പര്യവുമുള്ള കുട്ടികള്‍ക്ക്‌ നൃത്തം, സംഗീതം മുതലായ ഇനങ്ങളിലും പരിശീലനം നല്‍കുന്നതാണ്. പ്രമുഖരായ പരിശീലകരുടെ കീഴില്‍ വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ സെമിനാറുകളും ഇതോടനുബന്ധിച്ചു നടത്തപ്പെടുന്നതായിരിക്കും.

അസോസിയേഷന്‍റെ പ്രവര്‍ത്തന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഈ ക്ലാസ്സുകള്‍ തികച്ചും സൗജന്യവും അസോസിയേഷനില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. കുട്ടികളുമായി കിഡ്സ്‌ ക്ലബ്ബില്‍ എത്തിച്ചേരുന്ന മാതാപിതാക്കള്‍ക്കും വിശ്രമത്തിനും വിനോദത്തിനുമുള്ള അവസരവും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.മാത്രവുമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അന്നേ ദിവസം ഇവിടെ നിന്നും ഭക്ഷണവും നല്‍കുന്നതായിരിക്കും.

ചുരുക്കി പറഞ്ഞാല്‍ ജോലിയും, കുടുംബപ്രാരാബ്ധങ്ങളും ഒക്കെയായി ടെന്‍ഷന്‍ നിറഞ്ഞ ജീവിതം നയിക്കുന്ന മലയാളികള്‍ക്ക് എല്ലാം മറന്നു കുറച്ചു സമയം ഒന്നിച്ചു ചേര്‍ന്ന് വിനോദിക്കുന്നതിനോടൊപ്പം അവരുടെ മക്കള്‍ക്ക്‌ കേരളത്തനിമ, സംസ്കാരം, ഭാഷ എന്നിവയില്‍ അറിവും അവബോധവും വളര്‍ത്തുക എന്നത് കൂടിയാണ് ഇതിലൂടെ അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്.

കിഡ്സ്‌ ക്ലബ്ബിന്‍റെ ഉദ്ഘാടനത്തിന് മുന്നോടിയായി ചേരുന്ന പൊതുയോഗത്തില്‍ വച്ച് അസോസിയേഷന്‍റെ 2013-14 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും. ഇതിനായി നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച്‌ 10 ആയി നിജപ്പെടുത്തി എല്ലാ അംഗങ്ങള്‍ക്കും ഇ മെയില്‍ അയച്ചിട്ടുണ്ട്. മാര്‍ച്ച്‌ 11നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജു. പി. മാത്യുവിനെയോ നിലവിലെ ഭാരവാഹികളേയോ ബന്ധപ്പെടാവുന്നതാണ്.