Breaking News

Trending right now:
Description
 
Mar 08, 2013

യേശുക്രിസ്‌തുവും വനിതാദിനവും

ജിജി ഷിബു
image

ദൈവങ്ങളില്‍ ഏറ്റവും അണ്‍റൊമാന്റിക്കായ ദൈവമാണ്‌ ക്രിസ്‌തുവെന്നാണ്‌ എന്റെ വിശ്വാസം. അതുകൊണ്ട്‌ തന്നെ യുവകോമളനായിരുന്ന ക്രിസ്‌തുവിന്റെ സ്‌ത്രീ സമീപനം ഈ വനിത ദിനത്തില്‍ ഏറെ പ്രസക്തമാണ്‌.

പ്രണയത്തെക്കുറിച്ച്‌ സംസാരിക്കാതിരിക്കുകയും സ്‌നേഹത്തെക്കുറിച്ച്‌ വാചാലമാകുകയും ചെയ്‌ത ക്രിസ്‌തു എന്ന സ്‌ത്രീപക്ഷ ചിന്തകനെ നാം കാണാതെ പോകാന്‍ പാടില്ല. അന്ന്‌ വനിതാ ദിനം ഇല്ലാത്തതിനാല്‍ 
 ക്രിസ്‌തുവിനെ  സ്‌ത്രീ വിരുദ്ധനായി ചിത്രീകരിക്കാനും പാടില്ല.
നിയമങ്ങളുടെ ആധിക്യമായിരുന്നു യഹൂദമതം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം. സ്‌ത്രീപക്ഷ നിയമങ്ങള്‍ക്ക്‌ മാനുഷിക മുഖം കൊണ്ടുവരുന്നതില്‍ ക്രിസ്‌തു വിജയിച്ചു. ക്രിസ്‌തു യഹൂദമതനവീകരണവുമായി എത്തിയപ്പോള്‍ അന്നത്തെക്കാലത്തും സ്‌ത്രീകള്‍ തന്നെയായിരുന്നു ആരാധകരായി എത്തിയത്‌.   അത്‌ഭുതങ്ങള്‍ കാണാനല്ലായിരുന്നു സ്‌ത്രീകള്‍ ക്രിസ്‌തുവിനെ തേടിയെത്തിയത്‌.  ക്രിസ്‌തു സ്‌ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മനസിലാക്കി അവര്‍ക്ക്‌ വേണ്ടി നടത്തിയ പോരാട്ടമായിരുന്നു അവരെ ആകര്‍ഷിച്ചത്‌.

അന്നൊരു വൈകുന്നേരം, ക്രിസ്‌തുവിനെ സമുദായപ്രേമികള്‍ കാണാനെത്തിയത്‌ തെരുവു വേശ്യയുമൊത്താണ്‌.  മഗ്‌ദലനാ മറിയം എന്ന പേരുള്ള ആ സ്‌ത്രീയുടെ കണ്ണില്‍ പുരുഷ സമൂഹത്തോടുള്ള സകല പകയും പുച്ഛവും ഉണ്ടായിരുന്നു. സമുദായ പ്രമാണികള്‍ നടത്തിയ കുറ്റാരോപണങ്ങള്‍ കേട്ട്‌, തെളിവുകള്‍ കണ്ട്‌, ക്രിസ്‌തു നടത്തിയ ന്യായവിധിയാവും ആദ്യത്തെ സ്‌ത്രീപീഡന നിരോധനനിയമമനുസരിച്ച്‌ നടത്തിയ ലോകത്തെ സ്‌ത്രീപക്ഷ വിധി. 

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെയെന്ന്‌ ക്രിസ്‌തു പറഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്ന എല്ലാവരും അപ്രത്യക്ഷരായി. കാരണം ആ സ്‌ത്രീയുമായി രമിച്ചവര്‍ തന്നെയാണ്‌ കുറ്റാരോപണവുമായി എത്തിയിരുന്നത്‌. 

പിന്നീട്‌ മഗ്‌ദലനാ മറിയമാണ്‌ ക്രിസ്‌തുവിന്റെ ഏറ്റവും വലിയ ശിഷ്യയായി മാറുന്നത്‌.  തന്റെ അമ്മയ്‌ക്കും താന്‍ തിരഞ്ഞെടുത്ത ശിഷ്യര്‍ക്ക്‌ മുമ്പ്‌ ക്രിസ്‌തു ഉയര്‍ത്തെഴുന്നേറ്റതിനു ശേഷം ആദ്യം പ്രത്യക്ഷപ്പെടുന്നത്‌ ഈ സ്‌ത്രീയ്‌ക്കാണ്‌.  ക്രിസ്‌തു അത്രമാത്രം ആ സ്‌ത്രീയെ മനസിലാക്കിയിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വലിയൊരു സമൂഹത്തിന്റെ പ്രതിനിധിയായ അവളോട്‌ ചേര്‍ന്ന്‌ നിന്ന്‌ ക്രിസ്‌തു നടത്തിയ സാമൂഹിക ഇടപെടലാണ്‌ ഇത്‌.

നിര്‍ഭാഗ്യവശാല്‍ യേശുവിന്റെ ശിഷ്യര്‍ക്ക്‌ മഗ്‌ദലനാ തെരുവു വേശ്യയായിരുന്നു. അതിനാല്‍ പാതി എഴുതിയ ചരിത്രപുസ്‌തകമാണ്‌ മഗ്‌ദലനായുടെ ജീവിതം. 

കാലം മാറി ക്രിസ്‌തുവിനെക്കാള്‍ ക്രിസ്‌തുശിഷ്യരെ ആരാധിക്കുന്ന ക്രിസ്‌തുമ
ത്തിന്റെ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയ്‌ക്ക്‌ വിധേയമായിരുന്നു. ഇന്ന്‌ ഈ വനിത ദിനത്തില്‍ എന്താണ്‌ സംഭവിച്ചത്‌.

 ക്രിസ്‌തുവും ക്രിസ്‌തുമതവും സ്‌ത്രീകളെ സമീപിക്കുന്ന രീതി തികച്ചും പരസ്‌പര വിരുദ്ധമാണ്‌. സ്‌ത്രീകളെ ഏറെ ബഹുമാനത്തോടെ കാണുകയും അബലകളായ അവര്‍ക്ക്‌ വേണ്ടി ഒറ്റയ്‌ക്ക്‌ വാദിക്കുകയും ചെയ്‌ത ക്രിസ്‌തു എവിടെ?  

കുറ്റാരോപിതനായവരെ സംരക്ഷിക്കുകയും ഇരയാക്കപ്പെട്ടവളെ കുറ്റം ചെയ്‌തവര്‍ക്കൊപ്പം നിന്ന്‌ കല്ലെറുയുകയും ചെയ്യുന്ന പുത്തന്‍ ക്രിസ്‌ത്യാനികള്‍. സൂര്യനെല്ലിയില്‍ ജീവിച്ചിരുന്ന ഒരു പതിനാറുകാരി പെണ്‍കുട്ടി പീഢിപ്പിക്കപ്പെടുകയും അവള്‍ പതിനേഴ്‌ വര്‍ഷമായി നീതിക്കായി യുദ്ധം ചെയ്യുകയും ചെയ്യുമ്പോള്‍ ക്രിസ്‌തു ശിഷ്യന്മാര്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കല്ലെറിഞ്ഞ്‌ കൊല്ലുന്ന കാഴ്‌ചയാണ്‌ ഈ വനിത ദിനത്തില്‍ നിര്‍ഭാഗ്യവശാല്‍ കാണേണ്ടി വന്നത്‌. 

തന്നെ ഉപയോഗിച്ച സമുദായ പ്രമാണിക്കൊപ്പം നിന്ന്‌ നീ പള്ളിയില്‍ കയറെരുതെന്ന്‌ വിലക്കിയ നീചമായ കാഴ്‌ച യേശു അറിയാതിരിക്കട്ടെ. 

പീഡിപ്പിക്കപ്പെട്ടവനെ പ്രീയ പുത്രനായി വാഴിക്കുന്ന ക്രിസ്‌തുമതത്തിന്റെ മാറ്റം യേശു അറിഞ്ഞ്‌ കാണില്ല എന്ന്‌ വിശ്വസിക്കാം. അല്ല ആശ്വസിക്കാം. ക്രിസ്‌തുവിന്റെ നന്മ ക്രിസ്‌തുശിഷ്യരില്‍ നിന്ന്‌ പ്രതീക്ഷിക്കരുത്‌. അവരുടെ നിയമങ്ങള്‍ക്ക്‌ സ്‌നേഹത്തിന്റെ, നന്മയുടെ നേര്‌ കൈമോശം വന്നുപോയിരിക്കുന്നു.