Breaking News

Trending right now:
Description
 
Sep 30, 2012

മന്ത്രി അനൂപ്‌ ജേക്കബിന്‌ കുവൈറ്റില്‍ കമാന്‍ഡര്‍ പദവി സമ്മാനിച്ചു

image കേരളകോണ്‍ഗ്രസ്‌ (ജേക്കബ്‌) നേതാവും സംസ്ഥാന ഭക്ഷ്യവകുപ്പ്‌, സിവില്‍ സപ്ലൈസ്‌ മന്ത്രിയുമായ അനൂപ്‌ ജേക്കബിന്‌ കമാന്‍ഡര്‍ പദവി. ആഗോള സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഉയര്‍ന്ന ബഹുമതിയാണിത്‌. സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആഗോളതലവനും അന്ത്യോക്യയുടെ പാത്രിയര്‍ക്കീസുമായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവയുടെ കുവൈറ്റിലെ ശ്ലൈഹിക സന്ദര്‍ശനവേളയിലാണ്‌ കമാന്‍ഡര്‍ പദവി നല്‌കിയത്‌. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ചടങ്ങില്‍ സന്നിഹിതനായിരുന്നു. കുവൈറ്റില്‍ സെന്റ്‌ ജോര്‍ജ്‌ യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സ്ഥാപിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ നടത്തുന്ന സാമൂഹിക സേവന പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു. പരിശുദ്ധ ഇഗ്നേഷ്യസ്‌ സക്കാ പ്രഥമന്‍ ബാവയുടെ സ്ഥാനാരോഹണത്തിന്റെ 32-ാം വാര്‍ഷികത്തിന്റെ അനുസ്‌മരണവും നടത്തി. പിന്നീട്‌ നടന്ന ചടങ്ങില്‍ ഷെയ്‌ക്ക്‌ ഫാരിഹ അല്‍-സാബാ വാര്‍ഷിക സുവനീര്‍ പ്രകാശനം ചെയ്‌തു. കേരളത്തിലെ എക്‌സൈസ്‌ മന്ത്രി കെ. ബാബു, കുവൈറ്റിലെ അപ്പസ്‌തോലിക്‌ ന്യുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ്‌ പീറ്റര്‍ റെജിക്‌, ഇന്ത്യന്‍ അംബാസഡര്‍ സതീഷ്‌ സി. മേത്ത, ലെബനീസ്‌ അംബാസിഡര്‍ ഡോ. ബസാം അല്‍-നൊമാനി, ഇറാഖ്‌ അംബിസിഡര്‍ മുഹമ്മദ്‌ ബഹര്‍ അല്‍-ഉലൂം, അര്‍മേനിയന്‍ അംബാസിഡര്‍ ഫാദെ ചര്‍ചോഗ്ല്യന്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ബിഷത്‌ ഷാഹെ പനേസ്യന്‍ തുടങ്ങിയവര്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു. പതിമൂന്ന്‌ മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന്‌ രൂപീകരിച്ച ഇടവകയില്‍ ഇന്ന്‌ 650 കുടുംബങ്ങളും 2500 അംഗങ്ങളുമുണ്ട്‌.