വാഷിംഗ്ടണ്‍: വിധിയോടു ധീരമായി പൊരുതി മരണത്തിനു കീഴടങ്ങിയ ഡല്‍ഹി പെണ്‍കുട്ടിക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ധീരവനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ്. മരണക്കിടക്കയിലും അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പെണ്‍കുട്ടിക്ക് വെള്ളിയാഴ്ചയാണ് മരണാനന്തര ബഹുമതിയായി അവാര്‍ഡ് നല്‍കുന്നത്.
വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിച്ച് വനിതകളുടെ ശാക്തീകരണത്തിലും അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും അസാമാന്യ ധീരതയും നേതൃപാടവവും കാഴ്ചവയ്ക്കുന്ന വനിതകള്‍ക്കാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ഇന്ത്യയിലെ ലക്ഷക്കണക്കിനു വനിതകള്‍ക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റി ശബ്ദമുയര്‍ത്താന്‍ കരുത്തു നല്‍കിയത് പെണ്‍കുട്ടിയുടെ ധൈര്യമാണെന്ന് അവാര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിക്കിടക്കയില്‍ വച്ച് തനിക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട ഡല്‍ഹി പെണ്‍കുട്ടി രണ്ടു തവണ പോലീസിനു മൊഴി കൊടുത്തിരുന്നു. നീതി ലഭിക്കുന്നതുവരെ തനിക്കു ജീവിക്കണമെന്നും അറിയിച്ചിരുന്നു.