Breaking News

Trending right now:
Description
 
Mar 05, 2013

ക്രിസോസ്‌റ്റം തിരുമേനിയുടെ കൈപിടിക്കുമ്പോള്‍ ശ്രീകുമാര്‍ അറിയുന്നു അപ്പച്ചന്റെ സ്‌നേഹം

ഇ.എസ്‌. ജിജിമോള്‍
image ശ്രീകുമാറിന്‌ ക്രിസോസ്‌റ്റം തിരുമേനിയുടെ വസതിയില്‍ എന്തുകാര്യം? കാര്യങ്ങള്‍ അറിയാത്തവര്‍ ആദ്യം ചോദിക്കാവുന്ന ചോദ്യമിതാണ്‌. ക്രിസോസ്‌റ്റം തിരുമേനിയുമായി ശ്രീകുമാറിനുള്ള അപൂര്‍ബന്ധത്തിന്റെ കഥ ഓര്‍മപ്പെടുത്തിക്കൊണ്ട്‌ മാര്‍ത്തോമ സഭയുടെ യുവജനവിഭാഗം നേതാവായ ലിന്‍സ്‌ പരിചയപ്പെടുത്തുമ്പോള്‍ ഹിന്ദുവായ ശ്രീകുമാറിന്‌ അരമനയില്‍ എന്തുകാര്യം എന്ന അനിഷ്ടമായിരുന്നു എന്റെ മനസിലും. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ പിആര്‍ഒയും മാധ്യമ പ്രവര്‍ത്തകനുമാണ്‌ ശ്രീകുമാര്‍ എന്നറിഞ്ഞിരുന്നു. അപ്പോള്‍ ക്രിസോസ്‌റ്റം വലിയമെത്രാപ്പോലീത്തയുടെ സമപ്രായക്കാരനായിരിക്കാമെന്നു തോന്നി.

പക്ഷേ, പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട്‌ ചെറുപ്പത്തിന്റെ പ്രസരിപ്പുമായി, നിറയെ ചിരിയുമായാണ്‌ ശ്രീകുമാര്‍ വന്നെത്തിയത്‌. നാല്‌പതില്‍ താഴെ പ്രായം. മുത്തച്ഛനെ കാണാന്‍ വന്ന കൊച്ചുമകനെ പോലെ ആകെയൊരു സന്തോഷത്തിലാണ്‌ ശ്രീകുമാര്‍.

ഞങ്ങള്‍ എത്തുമ്പോള്‍ മാരാമണിലെ സഭാ വക വസതിയില്‍ തിരുമേനി ഇല്ല. ഇന്ന്‌ ഉദ്‌ഘാടനവും മറ്റു പരിപാടികളും ഇല്ലാത്തതു കൊണ്ട്‌ തിരുമേനി എമുവിനെ വളര്‍ത്തുന്ന സ്ഥലത്ത്‌ പോയിരിക്കുകയാണെന്നും തിരികെ വരുമ്പോള്‍ എമുവിനെ വാങ്ങി വരുമെന്നും തിരുമേനിയുടെ സഹായിയായ സന്തോഷ്‌ പറഞ്ഞു.

ശ്രീകുമാര്‍ വന്ന ഉടനെ തിരുമേനിയ്‌ക്ക്‌ ഫോണ്‍ ചെയ്‌തു. അതോടെ എമുവിനെ അവിടെ ഉപേക്ഷിച്ച്‌ തിരുമേനി വസതിയില്‍ എത്തി. "അപ്പച്ചാ..." എന്ന വിളിയോടെ തിരുമേനിയുടെ കാറിന്‌ സമീപം എത്തി സ്വന്തം വല്യപ്പച്ഛനെ കൈപിടിച്ച്‌ നടത്തുന്ന സന്തോഷത്തോടെ തിരുമേനിയെയും കൂട്ടി ശ്രീകുമാര്‍ അകത്തേയ്‌ക്ക്‌ വന്നു.

"അപ്പച്ചാ.., ഈ കുട്ടി ഗ്ലോബല്‍ മലയാളം എന്ന ഓണ്‍ലൈന്‍ പത്രത്തീന്നാ, നമ്മള്‍ തമ്മില്‍ എന്നാ ബന്ധമെന്നാ ഇയാള്‍ ചോദിക്കുന്നത്‌? "

തിരുമേനി ചിരിച്ചു. "നീയുമായിട്ട്‌ എനിക്ക്‌ എന്തോന്ന്‌ ബന്ധം?" തിരുമേനി ഗൗരവത്തോടെ ശ്രീകുമാറിന്റെ മുഖത്തേയ്‌ക്ക്‌ നോക്കി. "ചതിവില്ലാത്തവരെ, പരമാര്‍ത്ഥമായി സ്‌നേഹിക്കുന്നവരെ നാം സ്‌നേഹിക്കും അങ്ങനെ സ്‌നേഹിക്കാന്‍ പറ്റിയില്ലെങ്കില്‍ നമ്മളെ അവര്‍ ഊളന്‍പാറയില്‍ ആക്കില്ലേ..." തിരുമേനി വിറയ്‌ക്കുന്ന ശബ്ദത്തിലും ഉറച്ച നിലപാട്‌ വ്യക്തമാക്കി.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരുമേനിയുടെ പ്രസംഗം കേട്ടാണ്‌ ശ്രീകുമാര്‍ തിരുമേനിയുടെ ആരാധകനായത്‌. മാരാമണ്‍ കണ്‍വന്‍ഷനുകളില്‍ കൃത്യമായി പങ്കെടുത്തും ക്രിസോസ്‌റ്റം തിരുമേനിയോട്‌ ബന്ധം ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച്‌ നടന്ന കുട്ടിക്കാലം.

ദൈവത്തെക്കുറിച്ച്‌ കിട്ടിയ മതപരമായ ചിത്രത്തോട്‌ ഏറെ സാദൃശ്യം തോന്നുന്ന രൂപമാണ്‌ ക്രിസോസ്‌റ്റം തിരുമേനിയുടേതെന്ന്‌ ശ്രീകുമാര്‍ പറയുന്നു. അതുകൊണ്ടുതന്നെ മാര്‍ ക്രിസോസ്‌റ്റം തിരുമേനിയുടെ ചിത്രം പത്രങ്ങളിലും ടിവിയിലുമൊക്കെ കാണുമ്പോള്‍ എനിക്ക്‌ ദൈവത്തെയാണ്‌ ഓര്‍മ്മ വരുക. എന്നാല്‍ തിരുമേനി സംസാരിച്ചു തുടങ്ങിയാല്‍ പേടിപ്പെടുത്തുന്ന, ശിക്ഷകനായ ദൈവം അപ്രത്യക്ഷനാകുകയും സരസനും രസികനും സത്യങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ആരും കൊതിച്ചു പോകുന്ന ഒരു മുത്തച്ഛനായി മാറുകയും ചെയ്യും. അങ്ങനെയുള്ള തിരുമേനിയെ കാണാനാണ്‌ ഞാന്‍ ശ്രമിച്ചത്‌. 95 വയസ്‌ പ്രായമുള്ള തിരുമേനി എല്ലാവര്‍ക്കും സുപരിചിതന്‍. അദ്ദേഹത്തിന്റെ അഭിമുഖം വരാത്ത മാധ്യമങ്ങളില്ല, അദ്ദേഹത്തിന്റെ തമാശകള്‍ കൊച്ചുകുട്ടികള്‍ക്ക്‌ പോലും പരിചിതം, പിന്നെ എന്തു പുതുമ? 

ബിരുദപഠനത്തിന്‌ ശേഷം മാതാ അമൃതാനന്ദമയിയുടെ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ പഠനം, അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും ബാലപാഠങ്ങള്‍ ആശ്രമത്തില്‍ നിന്ന്‌ നേടിയ ശ്രീകുമാര്‍ മാതാ അമൃതാനന്ദമയിയെ സ്‌നേഹിക്കുന്നതിന്റെ ഒരു പടി മുന്നില്‍ സാധാരണക്കാരനായ ഈ തിരുമേനിയെ ഇഷ്ടപ്പെട്ടു.

ഒരിക്കല്‍ ജ്യോതിഷ സംബന്ധമായ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരുമേനിയെ വിളിക്കാന്‍ ശ്രീകുമാര്‍ എത്തി. "എടാ ഉവ്വേ, അതെങ്ങനെ ശരിയാവും. ജ്യോതിഷത്തിന്‌ എതിരായി ഞാന്‍ പള്ളിയില്‍ പ്രസംഗിച്ചിട്ട്‌ അത്തരം ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ വിശ്വാസികള്‍ എന്നെ പരിഹസിക്കില്ലയോ?" ജ്യോതിഷത്തിന്റെ ശാസ്‌ത്രീയതയെക്കുറിച്ച്‌ പറഞ്ഞ്‌ ഫലിപ്പിക്കാന്‍ നോക്കീയിട്ട്‌ തിരുമേനി വീണില്ല.

അങ്ങനെയാണ്‌ തിരുമേനിയുമായി ശ്രീകുമാറിന്റെ ആദ്യ കൂടിക്കാഴ്‌ച, പക്ഷേ തിരുമേനിയെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ശ്രീകുമാര്‍ വീണ്ടും എത്തി. അപ്പോള്‍ തിരുമേനിയ്‌ക്ക്‌ ആശ്ചര്യം.

"എടാ ഉവ്വേ, നീയന്ന്‌ പിണങ്ങി കാണുമെന്നാ ഞാന്‍ വിചാരിച്ചത്‌. ഒരാളെ വേദനിപ്പിച്ചാല്‍ എനിക്ക്‌ സങ്കടമാ..."തിരുമേനി ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ പറഞ്ഞു നിറുത്തി. സൗഹൃദത്തിന്റെ ഒരു മണിച്ചെപ്പ്‌ തുറന്ന്‌ ആത്മബന്ധത്തിന്റെ ആഴങ്ങളിലേയ്‌ക്ക്‌ ആ ബന്ധം വളര്‍ന്നത്‌ പലരെയും അസ്വസ്‌ഥരാക്കി.

തിരുമേനിയുടെ പിറന്നാളില്‍ ശ്രീവല്ലഭ ക്ഷേത്രത്തില്‍ പൂജ നടത്തി പ്രസാദവുമായി എത്തി പിതാവിനെ ചന്ദനം തൊടുവിച്ചാല്‍ ക്രിസ്‌തീയത കൈമോശം വന്നുപോകുമെന്ന്‌ വിശ്വസിക്കുന്നവരും പിതാവ്‌ അമ്പലത്തില്‍ എത്തിയാല്‍ ദൈവങ്ങളെയെങ്ങാനും മതം മാറ്റിയാലോ എന്നു ചിന്തിക്കുന്നവരും ഈ മുത്തച്ഛന്‍-ചെറുമകന്‍ ബന്ധത്തെ ഇത്തിരി അസഹിഷ്‌ണുതയോടെയാണ്‌ കാണുന്നത്‌.

ഇന്ന്‌ ശ്രീകുമാറിന്‌ അപ്പച്ചനറിയാത്ത രഹസ്യങ്ങളില്ല. എല്ലാ തിരുവോണത്തിനും തിരുമേനി ശ്രീകുമാറിന്റെ വീട്ടില്‍ ഓണമുണ്ണാന്‍ എത്തും. ശ്രീകുമാറിന്റെ വസതിയിലെ എല്ലാ ചടങ്ങുകളിലും കാരണവരെപ്പോലെ തിരുമേനി എത്തും.

മാതാ അമൃതാനന്ദമയിയെ കാണാനും പരിചയപ്പെടാനും ശ്രീകുമാറിന്‌ അവസരം ഒരുക്കിയത്‌ അമൃത ടിവി റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ മാത്രമല്ല. നന്മ ആരിലുണ്ടെങ്കിലും അവരെ അംഗീകരിക്കുന്ന ഒരു നല്ല മനുഷ്യന്റെ ദൈവികമായ മനസറിഞ്ഞിട്ടാണ്‌. ആദ്യം മാതാ അമൃതാനന്ദമയിയെ കാണാന്‍ ഒരു തവണ പോയ തിരുമേനി പിന്നെ നാലു തവണകൂടി പോയി. അവരുടെ നന്മയുടെ പരപ്പ്‌ അറിയാന്‍. നല്ലത്‌ കേള്‍ക്കുവാനും നന്മ കാണാനും പഠിച്ചവര്‍ക്ക്‌ എത്ര ശ്രമിച്ചാലും അതിനപ്പുറമായി ഒന്നും കാണാന്‍ കഴിയില്ലെന്നാണ്‌ തിരുമേനിയുടെ അഭിപ്രായം.

ഒരിക്കല്‍ ശ്രീവല്ലഭ ക്ഷേത്രത്തിലെ കഥകളി വഴിപാടിനെക്കുറിച്ച്‌ കേട്ടപ്പോള്‍ തിരുമേനിയ്‌ക്ക്‌ ഒരു മോഹം, കഥകളി കാണണമെന്ന്‌. എങ്കില്‍ കഥ ക്രിസ്‌ത്രീയമായിക്കൊള്ളട്ടെ എന്നുകരുതി ശ്രീകുമാര്‍ നല്ല സമറിയാക്കാരന്റെ കഥ ആചാര്യന്മാരെ കൊണ്ട്‌ ചിട്ടപ്പെടുത്തി. സ്വകാര്യചടങ്ങ്‌ വേണ്ട പൊതുചടങ്ങായി നടത്തിയാല്‍ മതിയെന്ന്‌ തിരുമേനി പറഞ്ഞപ്പോള്‍ ശ്രീകുമാര്‍ നേരിടേണ്ടി വന്ന എതിര്‍പ്പ്‌ ഇത്തിരി സുഖമുള്ള നോവു തന്നെയാണ്‌. എന്നാലും സ്വന്തം അപ്പച്ചനു വേണ്ടി ഇത്തിരി ത്യാഗം അനുഷ്‌ഠിക്കാന്‍ ശ്രീകുമാറിന്‌ മടിയില്ല.

ശ്രീകുമാര്‍ തിരുമേനിയെ ഇഷ്ടപ്പെട്ടത്‌ ഒന്നും നേടാനല്ല. ആത്മീയയും ഭൗതികതയെയും വേര്‍പ്പെടുത്തുവാന്‍ കഴിയാത്തവിധം ദൈവത്തിന്റെ അദൃശ്യമായ സാന്നിധ്യം ദ്യശ്യമായവയില്‍ കാണുന്ന അപ്പച്ചനില്‍ നിന്ന്‌ ശ്രീകുമാര്‍ ഒന്നും സ്വന്തമാക്കി സമഭാവനയുടെ സ്‌നേഹം.

ശ്രീകുമാറിന്‌ മാത്രമല്ല ശ്രീകുമാറിന്റെ ഭാര്യ പ്രിയയ്‌ക്കും മകള്‍ അമ്മുവിനും അപ്പച്ചന്‍ ഏറെ സ്‌നേഹമാണ്‌. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ പിരിഞ്ഞ്‌ വിശ്രമജീവിതം നയിക്കുന്ന ശ്രീകുമാറിന്റെ പിതാവ്‌ ശ്രീധരന്‍പിള്ളയും അമ്മ ശാന്തമ്മയും വലിയ തിരുമേനിയുടെ ആരാധകരാണ്‌.

കഴിഞ്ഞയിടയ്‌ക്ക്‌ ശ്രീകുമാറിന്റെ ഭാര്യ പ്രിയ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. ഉദ്‌ഘാടനം ചെയ്യാന്‍ വലിയ തിരുമേനിയെ വിളിക്കാന്‍ വന്നു. അപ്പോള്‍ തിരുമേനി പ്രിയയോട്‌ പറഞ്ഞു. "നീ ചെയ്യുന്ന ഈ ചതിയ്‌ക്ക്‌ ഞാനും കൂട്ട്‌ നില്‌ക്കുകയല്ലേ ഉത്‌ഘാടനം ചെയ്‌താല്‍... ഈ സൗന്ദര്യമില്ലാത്ത പെണ്ണുങ്ങള്‍ക്ക്‌ സൗന്ദര്യം കൃത്രിമമായി ഉണ്ടാക്കുന്നതല്ലേ ഈ ബ്യൂട്ടിപാര്‍ലര്‍ എന്നു പറഞ്ഞാല്‍, അതൊരു ചതിയല്ലേ കൊച്ചേ...?" തിരുമേനി സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുക്കൊണ്ട്‌ ചോദിച്ചു.