Breaking News

Trending right now:
Description
 
Mar 04, 2013

കേരളത്തിലും തീം യാത്രകള്‍ക്കായി ഏറ്റവും വലിയ ക്രൂയിസ്‌ ബോട്ട്‌ മജസ്‌റ്റിക്‌ -1 വരുന്നൂ

image മജസ്റ്റിക്‌ - 1 എന്ന പേരില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്രൂയിസ്‌ ബോട്ട്‌ പുറത്തിറക്കുന്നു. വിദേശഇന്ത്യക്കാര്‍ നേതൃത്വം നല്‌കുന്ന കൊച്ചിയിലെ മജാസ്‌ ട്രാവല്‍സ്‌, ടൂര്‍സ്‌ ആന്‍ഡ്‌ ലോജിസ്‌റ്റിക്‌സ്‌ ആണ്‌ പുതിയ ആഡംബര ബോട്ട്‌ നീറ്റിലിറക്കുന്നത്‌.

പകല്‍ സമയങ്ങളില്‍ ക്രൂയിസര്‍ആയും രാത്രിയില്‍ ഫ്‌ളോട്ടിംഗ്‌ റസ്‌റ്ററന്റ്‌ ആയും പ്രവര്‍ത്തിക്കുന്നതാണ്‌ ഈ ബോട്ട്‌. ബോള്‍ഗാട്ടി ദ്വീപില്‍ നിന്ന്‌ യാത്ര തുടങ്ങി സമീപ ദ്വീപുകള്‍ സന്ദര്‍ശിച്ച്‌ കായലിലൂടെയുള്ള യാത്രയില്‍ 149 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്‌ ഈ ബോട്ടിന്‌.

ലഹരിയില്ലാത്ത കള്ള്‌ - നീര യാത്രയില്‍ ടൂറിസ്‌റ്റുകള്‍ക്ക്‌ ആസ്വദിക്കാം. കേരളത്തിലെ ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളും ഈടുറ്റ സംസ്‌കാരവും അടുത്തറിയാനും ആയൂര്‍വേദത്തിലൂടെ പുനര്‍ജ്ജീവനത്തിന്റെ പ്രസരിപ്പ്‌ നേടാനും സാധിക്കുന്ന രീതിയിലാണ്‌ യാത്രകള്‍ ഒരുക്കുന്നത്‌. ദൈവത്തിന്റെ സ്വന്തം നാട്ടിനെ പ്രതിനിധീകരിക്കുന്ന സുവനീറുകളും മറ്റു യാത്രക്കാര്‍ക്കു വാങ്ങുന്നതിനായി ബോട്ടില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്‌.

ഫ്‌ളോട്ടിംഗ്‌ റസ്‌റ്ററന്റില്‍ ഒരേ സമയം 400 പേര്‍ക്ക്‌ ഭക്ഷണം കഴിക്കാം. ചൈനീസ്‌, തായ്‌, ജാപ്പനീസ്‌ വിഭവങ്ങള്‍ക്കു പുറമെ കടല്‍വിഭവങ്ങള്‍ ആവോളം ആസ്വദിക്കാനും ക്രൂയിസറില്‍ സൗകര്യമുണ്ട്‌. മികച്ച വിദ്യാഭ്യാസവും അനുഭവപരിചയവുമുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന കാബിന്‍ ക്രൂ ആണ്‌ അതിഥികളുടെ സേവനത്തിനായി ബോട്ടിലുണ്ടാവുക. വായില്‍ വെള്ളമൂറുന്ന വിഭവങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്‌. 

ഡബിള്‍-ഡെക്കര്‍ ബോട്ടിന്റെ രണ്ടാം ഡെക്കില്‍ വിവാഹം, ജന്മദിനം മറ്റ്‌ ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള വിശാലമായ സൗകര്യമുണ്ട്‌. ഇതേസമയം ആദ്യ ഡെക്ക്‌ കോക്ക്‌റ്റെയ്‌ല്‍ പാര്‍ട്ടികള്‍ക്കായി ഉപയോഗിക്കാം. ബാച്ച്‌ലേഴ്‌്‌സ്‌ നൈറ്റ്‌, ലേഡീസ്‌ നൈറ്റ്‌, കപ്പിള്‍സ്‌ നൈറ്റ്‌ എന്നിങ്ങനെ തീം അടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍ ഓരോ ആഴ്‌ചയിലും സംഘടിപ്പിക്കും.

ബിസിനസ്‌ കോണ്‍ഫറന്‍സുകളും കോര്‍പ്പറേറ്റ്‌ പാര്‍ട്ടികളും സംഘടിപ്പിക്കാന്‍ അനുയോജ്യമായ രീതിയിലാണ്‌ ഹാള്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ഏറെ ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ ബിസിനസ്‌ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസ്‌ ക്ലാസിന്‌ ഏറെ യോജിച്ചതാണ്‌ ഈ ക്രൂയിസര്‍.

നഗരത്തിരക്കില്‍ വിശ്രമിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു വരുന്ന അവസരത്തില്‍ കായല്‍ യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ശ്രമിക്കുന്നതെന്ന്‌ മജാസ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറും ഡയറക്ടറുമായ സന്ദീപ്‌ സാജന്‍ പറഞ്ഞു. ബോട്ടിലെ ഓരോ നിമിഷവും ആസ്വാദ്യകരമായിരിക്കാന്‍ ഏറെ ശ്രദ്ധ ചെലുത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. വിദേശ എയര്‍ലൈനിലെ ജോലി ഉപേക്ഷിച്ച്‌ ഹോസ്‌പിറ്റാലിറ്റി രംഗത്തേയ്‌ക്കിറങ്ങിയതാണ്‌ സന്ദീപ്‌.

ആഗോളതലത്തിലുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിവിധ തരത്തിലുള്ള ആളുകളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അവ നിറവേറ്റാനും ശ്രമിക്കുമെന്നും ബോട്ട്‌ ലോകനിലവാരത്തില്‍ തയാറാക്കാനായി അന്താരാഷ്ട്ര വിദഗ്‌ധരെയാണ്‌ നിയമിച്ചിരിക്കുന്നതെന്നും സന്ദീപ്‌ പറഞ്ഞു. 

ഫ്രഞ്ച്‌, ഓസ്‌ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മിച്ച ഡബിള്‍ഹള്‍ ബോട്ടാണിത്‌. മുഴുവനായി എയര്‍കണ്ടീഷന്‍ ചെയ്‌ത ബോട്ടിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്‌ അന്താരാഷ്ട്ര രംഗത്ത്‌ പേരെടുത്ത കണ്‍സള്‍ട്ടന്റുമാരാണ്‌. കിച്ചന്‍, റസ്റ്ററന്റ്‌ തീമുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതും ഈ രംഗത്ത്‌ പരിചയമുള്ള പ്രമുഖ കണ്‍സള്‍ട്ടന്റാണ്‌.