Breaking News

Trending right now:
Description
 
Mar 01, 2013

അങ്ങനെ അമാവാസി ഒടുവില്‍ പ്രകാശമേറിയ പൂര്‍ണചന്ദ്രനായി...

Global Malayalam Exclusive
image
പാകമല്ലാത്ത പഴകിയ ഉടുപ്പിനുള്ളില്‍ വലിയ ചാക്കും തോളിലേറ്റി കുപ്പിയും കടലാസും പെറുക്കി നടന്ന അമാവാസി എന്ന നാടോടി പയ്യന്‍ ഇന്ന്‌ അറിയപ്പെടുന്ന പാട്ടുകാരനാണ്‌. തിരുവനന്തപുരം സംഗീത കോളേജിലെ ഉദ്യോഗസ്ഥനാണ്‌. അവന്റെ ജീവിതകഥയെ ആസ്‌പദമാക്കി പ്രഭാ അജാനൂര്‍ രചിച്ച്‌ സംവിധാനം ചെയ്യുന്ന 'സഫലമീ ജീവിതം' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം  ഇന്ന്‌.  തിരുവനന്തപുരം കൈരളി തിയേറ്ററിലെ നിളയില്‍ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ അമാവാസിയുടെ കഥ പ്രകാശനം ചെയ്യുക. ഉമ്മന്‍ ചാണ്ടിക്കും എസ്‌. പി ബാലസുബ്രമണ്യത്തിനും ഏറെ പ്രിയപ്പെട്ടവനാണ്‌ പൂര്‍ണചന്ദ്രന്‍. താന്‍ പൂര്‍ണചന്ദ്രനായി മാറിയ കഥ ഗ്ലോബല്‍ മലയാളവുമായി പങ്കുവയ്‌ക്കുകയാണ്‌ ഇവിടെ.

ഒരു ബോംബ്‌ സ്‌ഫോടനം മാറ്റി എഴുതിയത്‌ അമാവാസിയുടെ ജീവിതകഥയാണ്‌. 1998-ലായിരുന്നു അത്‌. അന്ന്‌ പതിവുപോലെ ചാക്കുമായി ആക്രി പെറുക്കാന്‍ ഇറങ്ങിയതായിരുന്നു അമാവാസി എന്ന ഏഴുവയസുകാരന്‍. 

വഴിയില്‍ വച്ചാണ്‌ അമാവാസിയ്‌ക്ക്‌ ഒരു നിധി കിട്ടിയത്‌. പക്ഷേ എത്ര ശ്രമിച്ചിട്ടും ഈ ഇരുമ്പ്‌ സാധനം തുറക്കാന്‍ പറ്റുന്നില്ല. എന്നും അന്തിയുറങ്ങാറുള്ള കടത്തിണ്ണയില്‍ എത്തിയതിന്‌ ശേഷമായി ശ്രമം. അമ്മ കാളിയമ്മ ശ്രമിച്ചിട്ടും പാത്രം തുറക്കാന്‍ പറ്റുന്നില്ല. എന്നാല്‍ തുറന്നിട്ടു തന്നെ കാര്യം. അമാവാസി കടയുടെ ഉടമസ്ഥനായ ഉമ്മറിക്കയുടെ കയ്യില്‍ നിന്ന്‌ ചുറ്റിക വാങ്ങി ആ ഇരുമ്പ്‌ സാധനം അടിച്ച്‌ പൊളിച്ചു. ഒരു ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ച നാടന്‍ ബോംബ്‌ കവര്‍ന്നെടുത്തത്‌ അമാവാസിയുടെ ഒരു കണ്ണും കയ്യും.

നീണ്ട ആശുപത്രിവാസങ്ങള്‍ക്കിടയില്‍ അമാവാസിയ്‌ക്ക്‌ സഹായമായി കടയുടെ ഉടമസ്ഥന്‍ ഉമ്മറിക്കയും ശാന്തമ്മയും പ്രശാന്തുമുണ്ടായിരുന്നു. അങ്ങനെ പേരറിയാത്ത ഒരു കൂട്ടം മനുഷ്യരുടെ സ്‌നേഹക്കടലിന്റെ വാത്സല്യം അവനറിഞ്ഞു. കണ്ണില്‍ ഇരുട്ടു നിറഞ്ഞതോടെയാണ്‌ അമാവാസിയെന്ന്‌ അച്ഛമ്മ നല്‌കിയ പേരിന്റെ കടുപ്പം ആ എഴുവയസ്സുകാരന്‌ മനസിലായത്‌.

സുഗതകുമാരി ടീച്ചറും അന്ന്‌ കണ്ണൂരിലെത്തിയിരുന്നു - ബോംബ്‌ സ്‌ഫോടനങ്ങളുടെ കഥ പറയുന്ന കണ്ണൂരിന്റെ, ജീവിക്കുന്ന രക്തസാക്ഷിയെകാണാന്‍. ചികിത്സയ്‌ക്കൊടുവില്‍ ഒരു കണ്ണ്‌ അമാവാസിയ്‌ക്ക്‌ തിരിച്ചു കിട്ടി. സത്യസായി ട്രസ്റ്റ്‌ അമാവാസിയെ ദത്തെടുത്തു

കൊല്ലം സായി ഭവനില്‍ എത്തിയ അമാവാസി അക്ഷര വെളിച്ചത്തിന്റെ ചൂടറിഞ്ഞു. അക്ഷരങ്ങള്‍ പൊരുളായി മാറി. സായി ഗ്രാമം നടത്തുന്ന രണ്ടുമാസത്തെ മധ്യവേനലവധിക്കാലത്തെ വേനല്‍മഴ ക്യാമ്പില്‍ പങ്കെടുക്കവേയാണ്‌ അമാവാസിയില്‍ ഒരു പൂര്‍ണചന്ദ്രന്‍ ഉണ്ടെന്ന്‌ കണ്ടെത്തിയത്‌. കുട്ടികളുടെ കലാപരിപാടികള്‍ക്കിടയില്‍ ട്രസ്റ്റ്‌ ഡയറക്ടറായ ആനന്ദ്‌കുമാര്‍ സാറിനോട്‌ അമാവാസി പറഞ്ഞു. എനിക്കും ഒരുപാട്ടു പാടണം. വിജയിയുടെ തുള്ളാതെ തുള്ളും എന്ന പാട്ട്‌ ഈണത്തില്‍ പാടിയാണ്‌ അമാവാസി തന്നില്‍ ഒരു ഗായകനുണ്ടെന്ന്‌ സദസിന്‌ പരിചയപ്പെടുത്തിയത്‌. ആ വര്‍ഷത്തെ പൊതുപരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത്‌ ഏ.കെ ആന്റണി, ലളിതാംബിക ഐഎഎസ്‌, പി. ഗോവിന്ദപിള്ള എന്നിവരായിരുന്നു. പ്രാര്‍ത്ഥനാഗാനം പാടിയ അമാവാസിയുടെ ശ്രുതിയില്‍ ലയിച്ച ലളിതാംബിക ഐഎഎസ്‌ പറഞ്ഞു - "ഇവനിനി അമാവാസിയല്ല, പൂര്‍ണചന്ദ്രനാണ്‌." പി .ജി ലളിതാംബിംക ഐഎഎസ്‌ നിര്‍ദ്ദേശിച്ച പേര്‌ അവനിട്ടു.

കൊല്ലത്തായിരുന്നപ്പോള്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ കീഴിലായിരുന്നു സംഗീതപഠനം. ആരും അറിയാതെ അവനില്‍ ഒളിഞ്ഞു കിടന്ന ഗായകന്റെ സ്വരമാധുരി മനസിലാക്കിയ ആനന്ദ്‌കുമാര്‍ അവനെ പാട്ട്‌ പഠനത്തിനായി ചേര്‍ത്തു.

ഒരിക്കല്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എസ്‌.പി ബാലസുബ്രമണ്യവും പൂര്‍ണചന്ദ്രന്റെ പ്രാര്‍ത്ഥനാ ഗാനം കേട്ട്‌ ആകൃഷ്ടനായി ഇവനെ സംഗീതത്തില്‍ ഉപരിപഠനത്തിന്‌ വിടണമെന്ന്‌ എസ്‌.പി നിര്‍ദ്ദേശിച്ചു.

അഞ്ചാം ക്ലാസു മുതല്‍ തിരുവന്തപുരത്താണ്‌ പഠനം. പ്ലസ്‌ടൂ കഴിഞ്ഞ്‌ സംഗീത കോളേജില്‍ പഠിക്കാന്‍ എത്തിയ പൂര്‍ണചന്ദ്രനു മുന്നില്‍ ഒരു വൈതരണി. വീണ, മൃദംഗം, വയലിന്‍ എന്നിവയില്‍ ഒരെണ്ണം നിര്‍ബന്ധമായും പഠിക്കണം. പക്ഷേ ഇവ അഭ്യസിക്കണമെങ്കില്‍ രണ്ട്‌ കൈ വേണം. അങ്ങനെ പലരെ കണ്ട്‌ നല്‌കിയ നിവേദനത്തിനൊടുവില്‍ പൂര്‍ണചന്ദ്രന്‌ ഒരു വര്‍ഷത്തെ പരീക്ഷ പോലും എഴുതാനായില്ല. മലയാളം കൃതികള്‍ എന്ന ഒരു പേപ്പര്‍ പൂര്‍ണചന്ദ്രനെപ്പോലെയുള്ളവര്‍ക്കായി മാറ്റി നല്‌കാന്‍ അവസാനം യൂണിവേഴ്‌സിറ്റി തയാറായി.

ഇതിനിടെ ഐഡിയ സ്‌റ്റാര്‍ സിംഗറില്‍ പങ്കെടുത്തു. നാലാം റൗണ്ട്‌ വരെയെത്തുവാനായി പൂര്‍ണചന്ദ്രന്‌. ആദ്യമായി ഡെയ്‌ഞ്ചര്‍ സോണിലെത്തിയ പൂര്‍ണചന്ദ്രന്‍ വോട്ടിംന്റെ കുറവില്‍ പരിപാടിയില്‍ നിന്ന്‌ പുറത്തായി.

ശ്രീ സത്യസായി ബാബ സമാധിയായതിനെ തുടര്‍ന്ന്‌ നടന്ന പ്രാര്‍ത്ഥനായഞ്‌ജത്തില്‍ മൂന്നു ദിവസവും ഭജന്‌ നേതൃത്വം നല്‌കിയത്‌ പൂര്‍ണചന്ദ്രനായിരുന്നു. സമാധിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ഒരു മണിക്കൂറോളം നേരം പൂര്‍ണചന്ദ്രന്റെ ഭജന്‍ കേട്ടിരുന്നു. പൂര്‍ണചന്ദ്രനെക്കുറിച്ച്‌ അറിഞ്ഞ ഉമ്മന്‍ ചാണ്ടി അന്ന്‌ പൂര്‍ണചന്ദ്രന്‌ സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്‌തു.

അതിന്‌ രണ്ടു മാസം കഴിഞ്ഞാണ്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയത്‌. കഴിഞ്ഞ വര്‍ഷം കോട്ടയത്തെ സത്യസായി ട്രസ്‌റ്റിന്റെ സായൂജ്യം പരിപാടി ഉത്‌ഘാടനം ചെയ്യാന്‍ എത്തിയ ഉമ്മന്‍ചാണ്ടി പൂര്‍ണ ചന്ദ്രനെ കണ്ടപ്പോള്‍ പറഞ്ഞു. നീ പഠിത്തം പൂര്‍ത്തിയാക്കാന്‍ കാത്തു നില്‌ക്കേണ്ട. ജോലി നല്‌കിയേക്കാം. അങ്ങനെ സംഗീത കോളേജില്‍ എല്‍.ഡി ക്ലാര്‍ക്കായി പൂര്‍ണചന്ദ്രന്‍ എന്ന 23-കാരന്‍. ജോലി ലഭിച്ചിട്ട്‌ പതിനൊന്ന്‌ മാസം കഴിഞ്ഞു. ആദ്യം ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്ക്‌ സംഭാവന ചെയ്‌തു. രണ്ടാമത്തെ ശമ്പളം സത്യസായി ട്രസ്റ്റിനു നല്‌കി. സത്യസായിട്രസ്റ്റില്‍ പ്രവര്‍ത്തിക്കണം ഇനിയും പാട്ടേറെ പഠിക്കണം. കുറച്ച്‌ മോഹങ്ങളുമായി പൂര്‍ണചന്ദ്രന്‍ സ്വപ്‌നം കാണുകയാണ്‌. ഭക്തിഗാനങ്ങള്‍ക്കായി പാടാന്‍ പോകും...

ഇപ്പോഴും തോന്നയ്‌ക്കലിലെ സത്യസായി ട്രസ്‌റ്റിലാണ്‌ പൂര്‍ണചന്ദ്രന്‍ താമസിക്കുന്നത്‌. ഗവണ്‍മെന്റ്‌ ക്വാര്‍ട്ടേഴ്‌സ്‌ കിട്ടിയിട്ടുണ്ട്‌. പക്ഷേ പോകാന്‍ തോന്നുന്നില്ല... അമ്മ കാളിയമ്മയും ഇവിടെ ഈ ട്രസ്‌റ്റിലാണ്‌ താമസം. മൂന്ന്‌ സഹോദരങ്ങള്‍ കൂടിയുണ്ട്‌ പൂര്‍ണചന്ദ്രന്‌. എല്ലാവരും പഴയ ജീവിതം. തന്റെ ജീവിതത്തിന്റെ ശ്രൂതി മാറ്റി മീട്ടിയത്‌ ആരാണ്‌? ലോകത്തെ ആദൃശ്യ കരങ്ങള്‍കൊണ്ട്‌ നിയന്ത്രിക്കുന്ന ഈശ്വരന്‍ തന്നെ.

സത്യസായി ട്രസ്റ്റ്‌ പൂര്‍ണചന്ദ്രനെക്കുറിച്ച്‌ നിര്‍മ്മിച്ച ഡോക്യുമെന്ററിയിലൂടെ ഈ കഥയാണ്‌ പറയുന്നത്‌. സംവിധാനം പ്രഭാ അജാനൂരും ആനന്ദകുമാറും ചേര്‍ന്നാണ്‌ നിര്‍വഹിച്ചത്‌. ക്യാമറ സന്തോഷ്‌ ശ്രീധര്‍.