Breaking News

Trending right now:
Description
 
Mar 01, 2013

മണിക്കൂറില്‍ അഞ്ചു മിനിട്ട്‌ എഴുന്നേറ്റുനിന്നാല്‍ പ്രമേഹം പടിക്കു പുറത്തുനില്‍ക്കും

image അനക്കമില്ലാതെ കംപ്യൂട്ടറിനു മുന്നിലും ജോലിത്തിരക്കിലും ആകുന്ന പുതിയ തലമുറയില്‍ പ്രമേഹം വര്‍ദ്ധിച്ചുവരികയാണ്‌. ഇതിനെ പ്രതിരോധിക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഇടയ്‌ക്കിടെ ഇരിപ്പിടത്തില്‍നിന്ന്‌ ഇറങ്ങിനടക്കുകയെന്നതുതന്നെ ശരീരത്തിന്‌ വ്യായാമമാണ്‌. മണിക്കൂറില്‍ അഞ്ചുമിനിട്ട്‌ നേരമെങ്കിലും എഴുന്നേറ്റുനില്‍ക്കുകയോ നടക്കുകയോ ചെയ്യുന്നത്‌ ആഴ്‌ചയില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നതിലും ഗുണകരമാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

ടൈപ്‌ -2 പ്രമേഹം വരാന്‍ സാധ്യത കൂടുതലുളളവരില്‍ ഇങ്ങനെ ഇടയ്‌ക്കിടെയുള്ള നടപ്പും നില്‍പ്പും രോഗത്തെ തടഞ്ഞുനിര്‍ത്തും. ലെസ്‌റ്റര്‍ ഡയബറ്റിസ്‌ സെന്ററിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ജോസഫ്‌ ഹെന്‍സണ്‍ 878 രോഗികളില്‍ നടത്തിയ പഠനം ഏറെ പ്രധാനപ്പെട്ട വിവരങ്ങളാണ്‌ പുറത്തുകൊണ്ടുവന്നത്‌. തുടര്‍ച്ചയായി ഇരിക്കുന്നത്‌ ആരോഗ്യത്തെ കെടുത്തിക്കളയുമെന്ന്‌ പഠനം വ്യക്തമാക്കുന്നു. ടൈപ്പ്‌ - 2 ഡയബറ്റിസ്‌ വരാന്‍ ഇത്‌ അധിക കാരണവുമാകും.

കൂടുതല്‍ നേരം ഇരുന്നാല്‍ ശരീരത്തിലെ ഒരു പ്രത്യേകതരം എന്‍സൈം കൊഴുപ്പ്‌ കോശങ്ങളെ അടിഞ്ഞുകൂടാന്‍ ഇടയാക്കും എന്നതാണ്‌ ഇതിനു കാരണമായി പറയുന്നത്‌. മണിക്കൂറില്‍ അഞ്ചു മിനിട്ട്‌ നേരം എഴുന്നേറ്റു നില്‍ക്കുകയാണെങ്കില്‍ തന്നെ ഒരു ദിവസം 90 മിനിട്ട്‌ ഇരിക്കുന്നത്‌ ഒഴിവാക്കാം. ഇത്‌ രോഗം വരാനുള്ള സാധ്യതകളെ അകറ്റിനിര്‍ത്തും.