Breaking News

Trending right now:
Description
 
Feb 26, 2013

പാലാഴി കടന്നെത്തിയ അംഗീകാരം, ധവള വിപ്ലവപാതയില്‍ ജോയി

image മണലാരിണ്യത്തിന്റെ കൊടും ചൂടില്‍ നിന്ന്‌ പി.സി ജോയി നാട്ടില്‍ തിരിച്ചെത്തിയത്‌ ധവള വിപ്ലവത്തിന്റെ കഥ രചിക്കാന്‍. ഈ വര്‍ഷത്തെ മികച്ച ക്ഷീര കര്‍ഷക സംസ്ഥാന അവാര്‍ഡ്‌ നേടിയ കോട്ടയം ജില്ലയിലെ കുറുപ്പുംന്തറ പഴംച്ചിറയില്‍ ജോയി 16 വര്‍ഷം മുമ്പ്‌ യുഎഇയില്‍ നിന്ന്‌ പ്രവാസ ജീവിതത്തോട്‌ വിട പറഞ്ഞത്‌ പച്ചപ്പുള്ള ജീവിതം സ്വപ്‌നം കണ്ടാണ്‌. മുപ്പതു പശുക്കളും നാലേക്കര്‍ വരുന്ന പുല്‍കൃഷിയിടവും കണ്‍കുളിര്‍ക്കേ കണ്ട്‌ കൃഷിയുടെ പാല്‍ മധുരം നുണയുമ്പോള്‍ ജോയിക്കും ഭാര്യ രാജിക്കും തൃപ്‌തി. 

ഗോക്കളെ സ്‌നേഹിച്ച ജോയിയെ ഒരുലക്ഷം രൂപയും പ്രശസ്‌തി പത്രവും നല്‌കി സംസ്ഥാന സര്‍ക്കാരും അംഗീകാരിച്ചിരിക്കുന്നു. ക്ഷീര സംഘങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷകനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ്‌ ജോയി സ്വന്തമാക്കിയത്‌ 1,21,747 ലിറ്റര്‍ പാല്‍ അളന്നുകൊണ്ടാണ്‌. മാഞ്ഞൂര്‍, മുട്ടുച്ചിറ ക്ഷീര സംഘങ്ങളിലാണ്‌ ഇദ്ദേഹം പാല്‍ നല്‌കിയിരുന്നത്‌. 

നാലു വര്‍ഷം മുമ്പാണ്‌ ജോയി വ്യവസായിക അടിസ്ഥാനത്തില്‍ പശു വളര്‍ത്തല്‍ ആരംഭിച്ചത്‌. 86 സെന്റില്‍ 7.67 ലക്ഷം രൂപ മുടക്കി ഏഴു പശുക്കളുമായാണ്‌ ജോയി പശു വളര്‍ത്തലിലേയ്‌ക്ക്‌ കടന്നത്‌. പലരും നിരുത്സാഹപ്പെടുത്തിയിട്ടും ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‌കിയ പ്രോത്സാഹനത്തോടെ ജോയി ഈ രംഗത്ത്‌ ഉറച്ചു നിന്നു. ഇന്ന്‌ പശുക്കളുടെ എണ്ണം മുപ്പതായി. 20 മുതല്‍ 25 ലിറ്റര്‍ വരെ പാലു തരുന്ന ഹോള്‍ സ്‌റ്റീന്‍ ഫ്രീസിന്‍ വിഭാഗത്തില്‍ പെട്ട പശുക്കളെയാണ്‌ ഇദ്ദേഹം വളര്‍ത്തുന്നത്‌. 

ക്ഷീര കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പച്ചപ്പുല്ലിന്റെ അഭാവമാണ്‌. 86 സെന്റ്‌ സ്വന്തം സ്ഥലത്തും മൂന്നേക്കര്‍ പാട്ട സ്ഥലത്തുമായി പശുവിന്‌ പുല്ല്‌ ഉല്‌പാദിപ്പിക്കുന്നു. കൂടാതെ,ക്ഷീരകൃഷി ആദായകരമാക്കുവാനുള്ള വിവിധ പദ്ധതികളും അദ്ദേഹം പരീക്ഷിക്കുന്നുണ്ട്‌. ഹൈഡ്രോഫോണിക്‌ ഫോള്‍ഡര്‍ കൃഷി രീതിയിലൂടെ ചോളം പാകി മുളപ്പിച്ച്‌ പശുക്കള്‍ക്ക്‌ നല്‌കുന്ന കൃഷി രീതിയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതിനായി ഇരുപത്‌ ലക്ഷം മുതല്‍ മുടക്കില്‍ സ്വന്തം യൂണിറ്റും ആരംഭിച്ചു. ധാന്യം മുളപ്പിച്ച്‌ നല്‌കിയാല്‍ പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കുമെന്ന്‌ ജോയി പറയുന്നു. പശുവിന്‌ പാട്ടു കേള്‍ക്കാന്‍ സ്റ്റീരിയോ സിസ്‌റ്റം തൊഴുത്തിലുണ്ട്‌. പാട്ടു കേള്‍ക്കുന്നത്‌ അനായാസരീതിയിലുള്ള കറവയ്‌ക്കും പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്തുന്നതിനും കാരണമാകുന്നവെന്ന്‌ ജോയി തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപെടുത്തുന്നു. പാലുത്‌പാദനത്തിന്റെ ശാസ്‌ത്രീയ പാതകള്‍ക്കൊപ്പം പരിസ്ഥിതി സൗഹൃദാന്തരീക്ഷം വളര്‍ത്തുവാനും ജോയി ശ്രമിക്കുന്നുണ്ട്‌. 
 
2009-10യില്‍ മികച്ച ജില്ല ക്ഷീര കര്‍ഷകനായിരുന്നു ജോയി. 2010-11ല്‍ തെക്കന്‍ കേരളത്തിലെ മികച്ച ഡയറി ഫാമിനുള്ള അവാര്‍ഡും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ജെറിന്‍, മേഘ എന്നീവരാണ്‌ മക്കള്‍.