Breaking News

Trending right now:
Description
 
Sep 29, 2012

ചോക്ലേറ്റിനോടുള്ള താല്‍പര്യം മയക്കുമരുന്നുലഹരിപോലെയെന്ന്‌ ഗവേഷകര്‍

image വാഷിങ്‌ടണ്‍: ചോക്ലേറ്റിന്‌ പലരും അടിമകളായിപ്പോകാറുണ്ട്‌. ഇതിനു കാരണം ഒരുസംഘം ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. മയക്കുമരുന്നായ കറുപ്പ്‌ മനുഷ്യ മസ്‌തിഷ്‌ക്കത്തില്‍ ഉണ്ടാക്കുന്ന ലഹരിയും ചോക്ലേറ്റ്‌ ഉണ്ടാക്കുന്ന ലഹരിയും ഒന്നുപോലെയെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ്‌ പുതിയ വെളിപ്പെടുത്തല്‍. ചോക്ലേറ്റിന്റെ പ്രത്യേകമധുരം ശീലമാക്കിയവര്‍ മയക്കുമരുന്ന്‌ പതിവായി ഉപയോഗിക്കുന്നവരെപ്പോലെയാണത്രെ. ഒന്നുരണ്ടുദിവസം പതിവായി ചോക്ലേറ്റ്‌ കഴിച്ചാല്‍തന്നെ ഒരാള്‍ പെട്ടെന്ന്‌ ചോക്ലേറ്റിന്‌ അടിമയായി മാറുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. മയക്കുമരുന്നിന്‌ അടിമയായ ഒരാള്‍ അതിനോട്‌ എന്തു താല്‍പര്യം കാണിക്കുന്നുവോ അതുപോലെയാവും ഇത്തരക്കാര്‍ക്ക്‌ ചോക്ലേറ്റിനോടുള്ള താല്‍പര്യവും. കറുപ്പ്‌ ഉപയോഗിക്കുന്ന ഒരാളുടെ മസ്‌തിഷ്‌കത്തില്‍ ഉത്‌പാദിപ്പിക്കുന്ന കെമിക്കലിനോട്‌ ഏകദേശം അടുത്തുനില്‍ക്കുന്ന കെമിക്കലാണ്‌ ചോക്ലേറ്റ്‌ പതിവാക്കുന്നവരുടെ മസ്‌തിഷ്‌കത്തിലും ഉത്‌പാദിപ്പിക്കുന്നത്‌ എന്നു വ്യക്തമായതായി ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡോ.അലക്‌സാന്‍ഡ്ര പറഞ്ഞു. ഒരാള്‍ ആള്‍ക്കഹോളിക്കാണോ എന്നു ചോദിക്കുന്നതുപോലെ ചോക്കോ ഹോളിക്ക്‌ ആണോ എന്നു ചോദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചോക്ലേറ്റ്‌ കഴിക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്‌ ഇപ്പോഴത്തെ കണ്ടെത്തല്‍ ഗുണം ചെയ്യും. സന്തോഷം വരുമ്പോള്‍ ഇഷ്ടപ്പെട്ടവര്‍ക്ക്‌ ചോക്ലേറ്റ്‌ വാങ്ങിക്കൊടുക്കുന്നവര്‍ ഇനിമുതല്‍ ഒന്നാലോചിക്കുന്നത്‌ നല്ലതായിരിക്കും.