Breaking News

Trending right now:
Description
 
Feb 24, 2013

നാടകത്തെ പ്രണയിച്ച സജിതയ്‌ക്ക്‌ സിനിമാ ലോകത്തിന്റെ ആദരവ്‌

Global Malayalam Exclusive
image

ഷട്ടര്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നല്‌കി കേരള സര്‍ക്കാര്‍ സജിത മഠത്തിലിനെ അംഗീകരിക്കുമ്പോള്‍ സജിതയ്‌ക്ക്‌ ഇതൊരു മധുര പ്രതികാരത്തിന്റെ കഥയാണ്‌. 

നാടകങ്ങളെ പ്രണയിച്ച, രംഗവേദിയില്‍ തനിച്ചുനിന്ന്‌ കഥാപാത്രങ്ങളായി പരകായ പ്രവേശനം നേടിയിരുന്നു സജിത എന്ന നടി. നാടകം ജീവിതമാര്‍ഗമായിരുന്നില്ല ഇവര്‍ക്ക്‌, ജീവശ്വാസം തന്നെയായിരുന്നു. നടിയെന്ന നിലയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടും സജിത മലയാളികള്‍ക്ക്‌ ചിരപരിചിതയായത്‌ വിവാദങ്ങളിലൂടെയാണ്‌.

ആദിമധ്യാന്തം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ സജിത ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആദ്യമധ്യാന്തം വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കപ്പെട്ടു. മന്ത്രിയും അക്കാദമിയും രണ്ടു തട്ടിലായ വിവാദത്തിനൊടുവില്‍ സജിതയ്‌ക്ക്‌ ജോലി നഷ്ടമായി.

അടുത്ത വിവാദവും അഭിനയത്തെചൊല്ലി തന്നെയായിരുന്നു. ധാത്രിയുടെ ഹെയര്‍ ഓയില്‍ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സജിതയെ ഫേസ്‌ബുക്ക്‌ ലോകത്തെ പുരുഷസുഹൃത്തുക്കള്‍ കൂട്ടംതിരിഞ്ഞ്‌ ആക്രമിച്ചു. പരസ്യത്തിലെ സ്‌ത്രീപക്ഷ ലൈനിലുള്ള അവതരണത്തോടുള്ള വിമര്‍ശനം വ്യക്തിഹത്യയായി മാറിയതോടെ സൈബര്‍സെല്ലിന്റെ സഹായം തേടേണ്ടി വന്നു സജിതയ്‌ക്ക്‌..

സജിത മഠത്തിലിന്റെ `മലയാള സ്‌ത്രീ നാടക ചരിത്രം' എന്ന പുസ്‌തകത്തിന്‌ 2008-ലെ ചലച്ചിത്ര അക്കാദമിയുടെ അംഗീകാരം ലഭിച്ചു. `അരങ്ങിന്റെ വക ഭേദങ്ങള്‍' ഡി.സി ബുക്‌സ്‌ ഉടന്‍ പ്രസിദ്ധീകരിച്ചു.

സജിത മഠത്തിലുമായി ഗ്ലോബല്‍ മലയാളം പ്രതിനിധി ജിജിമോള്‍ ഇ.എസ്‌ നടത്തിയ പ്രത്യേക അഭിമുഖം

ഗ്ലോബല്‍ മലയാളം: ഷട്ടറില്‍ തെരുവിലെ പേരില്ലാത്ത ലൈംഗികത്തൊഴിലാളിയായാണ്‌ വേഷമിടുന്നത്‌. മികച്ച നടിയായി പരിഗണിക്കാന്‍ സാധിക്കുന്നത്ര നല്ല അഭിനയമാണ്‌ കാഴ്‌ചവെച്ചിരിക്കുന്നതെന്നാണ്‌ പ്രേക്ഷക അഭിപ്രായം. ഈ സിനിമയിലെ കഥാപാത്രമായി മാറിയത്‌ എങ്ങനെയാണ്‌?

സജിത: ഷട്ടറിന്റെ സംവിധായകന്‍ ജോയി എന്റെ സുഹൃത്താണ്‌. ഈ കഥയെക്കുറിച്ച്‌ ഞങ്ങള്‍ വളരെക്കാലമായി സംസാരിക്കാറുണ്ടായിരുന്നു. എന്നെ നായിക സ്ഥാനത്തായി പരിഗണിക്കുമെന്ന്‌ സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല, അതുകൊണ്ടുതന്നെ അതിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കാന്‍ എന്നെ തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ വേണ്ടായെന്ന്‌ വിലക്കിയതാണ്‌.... കാരണം, കൊമേഴ്‌സ്യലായി ഏറെ വിജയിക്കേണ്ട പടം വെള്ളിത്തിരയ്‌ക്ക്‌ അത്ര പരിചിതമല്ലാത്ത ഞാന്‍ നായികയായി വരുന്നതൊരു അഭംഗിയായിതോന്നി. പക്ഷേ ഞാന്‍ അഭിനയിച്ചാല്‍ മതിയെന്ന്‌ സംവിധായകന്‍ തീരുമാനിച്ചു

ഗ്ലോബല്‍ മലയാളം: ഈ സിനിമയിലെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നോ?

സജിത:  തീര്‍ച്ചയായും. ഒരു അടഞ്ഞ മുറിക്കുള്ളിലാണ്‌ ഈ കഥ നടക്കുന്നത്‌. എന്റെ കഥാപാത്രത്തിന്റെ കോസ്‌റ്റിയൂം പോലും മാറുന്നില്ല. ആദ്യാരംഭം ഒരേ വേഷമാണ്‌. ഭാവാഭിനയത്തിലൂടെയാണ്‌ നാം കഥാപാത്രത്തിന്റെ മനോഗതികള്‍ പങ്കുവയ്‌ക്കുന്നത്‌. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഉയര്‍ത്തുന്ന ആദ്യാവസാന സസ്‌പെന്‍സ്‌ പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചു. 

ഗ്ലോബല്‍ മലയാളം: നാടക നടിയായിരുന്നത്‌ അഭിനയത്തെ പ്രതികൂലമായി ബാധിച്ചോ?

സജിത: : ഞാന്‍ പഠിച്ചത്‌ അഭിനയമാണ്‌. സിനിമാഭിനയവും നാടകാഭിനയവും രണ്ടും രണ്ടാണ്‌. രണ്ടു മണിക്കൂറുകൊണ്ട്‌ കഥാപാത്രമായി മാറുന്ന അഭിനേതാക്കള്‍ ആദ്യാവസാനം ആ മൂഡ്‌ നിലനിര്‍ത്തണം. സിനിമയിലെ എനര്‍ജി ലെവലും നാടകത്തിലെ എനര്‍ജി ലെവലും രണ്ടാണ്‌. ഇത്‌ ചിലപ്പോള്‍ സിനിമയിലെത്തുന്ന നാടക നടീനടന്മാര്‍ മനസിലാക്കുവാന്‍ പരാജയപ്പെടുമ്പോഴാണ്‌ അഭിനയതീവ്രത കൂടി വരുന്നത്‌. അഭിയത്തിനു തന്നെയാണ്‌ പ്രാധാന്യം.

ഗ്ലോബല്‍ മലയാളം: ഷൂട്ടിങ്ങ്‌ സമയത്തെ മറക്കാനാവാത്ത അനുഭവം?

സജിത: : കോഴിക്കോടാണ്‌ ഷൂട്ടിങ്‌ നടന്നത്‌. തെരുവില്‍ നില്‌ക്കുന്ന ഒരു സീനാണ്‌ ഷൂട്ട്‌ ചെയ്യുന്നത്‌. പെട്ടെന്ന്‌ ഒരാള്‍ സമീപത്ത്‌ എത്തി ചോദിച്ചു, എന്താ...; വാ..വരുന്നോ. അയാള്‍ വിലപേശുവാന്‍ എത്തി. സത്യത്തില്‍ ഇതെന്റെ കഥാപാത്രത്തിന്റെ വിജയം തന്നെയാണ്‌. എന്റെ വേഷവും ഭാവവും ഞാന്‍ വേശ്യയാണെന്ന്‌ ധ്വനിപ്പിച്ചു. അതാണ്‌ അയാളെ എന്റെ സമീപത്ത്‌ എത്തിച്ചത്‌. അതാവും ആദ്യം ലഭിച്ച അംഗീകാരം.

ഗ്ലോബല്‍ മലയാളം: ലാലും ശ്രീനിവാസനുമൊത്തുള്ള അഭിനയം?

സജിത:  തികച്ചും വ്യത്യസ്‌തമായ അനുഭവമായിരുന്നു. ശ്രീനിവാസന്‍ സാറുമായുള്ള കുറവാണ്‌. ലാല്‍ സാറുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ നല്‌കിയ സപ്പോര്‍ട്ട്‌ പ്രധാനമാണ്‌. പുതുമുഖമായ എന്നെ കണ്ടപ്പോള്‍ ആദ്യം ഇഷ്ടമായില്ല. പിന്നെ ഓരോ ദിവസം കഴിയുമ്പോഴും അദ്ദേഹം എന്നെ മറയില്ലാതെ അഭിനന്ദിച്ചു. ഒരു നടിയെന്ന നിലയില്‍ ലഭിച്ച വലിയ സന്തോഷമാണ്‌ ഇത്‌...

ഗ്ലോബല്‍ മലയാളം: ഷട്ടറിനെ മികച്ച പ്രേക്ഷക ചിത്രമായി അന്താരാഷ്ടചലച്ചിത്ര മേളയില്‍ തെരഞ്ഞെടുത്തിട്ടും സംസ്ഥാന സര്‍ക്കാര്‍ മികച്ച രണ്ടാമത്തെ അവാര്‍ഡില്‍ സിനിമയെ ഒതുക്കി കളഞ്ഞോ?

സജിത: പ്രേക്ഷകര്‍ നല്‌കുന്ന അംഗീകാരമാണ്‌ ഇതില്‍ പ്രധാനം. എന്നാല്‍ അവാര്‍ഡ്‌ കമ്മിറ്റി അഞ്ചുപേരടങ്ങുന്നതാണ്‌. അവരുടെ കാഴ്‌ചപ്പാടില്‍ നിന്നാണ്‌ വിലയിരുത്തപ്പെടുക. മറ്റൊരു കമ്മിറ്റിയാണെങ്കില്‍ മറ്റൊന്നാവും സംഭവിക്കുക. 

ഗ്ലോബല്‍ മലയാളം: തുറന്ന ലൈംഗികതയും മദ്യപാനവും ആണ്‍ പെണ്‍ ബന്ധങ്ങളുമായി നവസിനിമകള്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ്‌.  ഇതൊരു തെരുവു വേശ്യയുടെ കഥയായതു കൊണ്ട്‌ ലൈംഗികത ആവശ്യത്തിലേറെയുണ്ടോ? 

സജിത:  ഇല്ല. തെരുവുവേശ്യയുടെ കഥയാണെങ്കിലും ഇവിടെ സെക്‌സും വയലന്‍സും ഇല്ല. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ സഞ്ചരിച്ച സംവിധായകന്‍ എടുത്ത സിനിമ എന്ന നിലയില്‍ പുത്തന്‍ ചെറുപ്പക്കാരുടെ ജീവിത കാഴ്‌ചപ്പാടല്ല ജീവിതത്തോടും സിനിമയോടും പുലര്‍ത്തുക. അതുകൊണ്ട്‌ ഇതിനെ നവസിനിമയുടെ ലേബലിലേയ്‌ക്ക്‌ ഒതുക്കി നിര്‍ത്താനാവില്ല. ഒരു നല്ല നിനിമയാണിത്‌, സിനിമയിലെ സാധാരണ സ്‌ത്രീകഥാപാത്രങ്ങളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തതമാകുന്നുണ്ട്‌ ഈ സിനിമ.

ഗ്ലോബല്‍ മലയാളം: സജിതയെ പുതിയ തലമുറയ്‌ക്ക്‌ കൂടുതല്‍ പരിചയം പരസ്യത്തിലൂടെയാണ്‌? 

സജിത:  ഞാന്‍ ഇരുപത്‌ വര്‍ഷമായി നാടകരംഗത്ത്‌ പ്രവര്‍ത്തിക്കുന്നയാളാണ്‌. ഇന്ത്യയിലെമ്പാടും വിദേശരാജ്യങ്ങളിലും നാടകം അവതരിപ്പിച്ചിട്ടുണ്ട്‌. നാടകം എനിക്ക്‌ തൊഴിലല്ല. അതന്റെ പാഷനാണ്‌. ആ പരസ്യത്തിലൂടെ എന്നെ തിരിച്ചറിഞ്ഞത്‌ പുതിയ തലമുറയാണ്‌. 

ഗ്ലോബല്‍ മലയാളം: പരസ്യവിവാദമായതോടെ സൈബര്‍ സെല്ലിനെ സമീപിക്കേണ്ടി വന്നുവല്ലോ?

സജിത: ഒരു ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ ഞാന്‍ അഭിനയിച്ചത്‌ ഒരു നടിയായതു കൊണ്ടാണ്‌. പക്ഷേ എന്റെ സ്‌ത്രീപക്ഷ ഐഡിന്റിന്റി അതില്‍ ആരോപിച്ച്‌ ഫെയ്‌സ്‌ ബുക്കിലെ ചിലര്‍ എനിക്കെതിരായി തിരിഞ്ഞു. ആദ്യം വിമര്‍ശനമായിരുന്നത്‌ പെട്ടെന്ന്‌ വ്യക്തിഹത്യയായി മാറി. ഒരു പരസ്യത്തിലെ അഭിനയമായിട്ടും അവര്‍ക്കെതിരെ പറയുന്ന സ്‌ത്രീയുടെ നീക്കങ്ങളെ എത്ര സങ്കുചിതമായാണ്‌ അവര്‍ നേരിട്ടതെന്ന്‌ മനസിലാക്കണമെങ്കില്‍ എനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം മതി. അവസാനം എനിക്ക്‌ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കേണ്ടി വന്നു.

ഗ്ലോബല്‍ മലയാളം: മന്ത്രി ഗണേശനുമായി ഉണ്ടായ വിഷയങ്ങള്‍?

സജിത: : ഞാന്‍ ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി സെക്രട്ടറിയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌ 2010-ലാണ്‌. എന്റെ വര്‍ക്കിനെപറ്റി ആര്‍ക്കും എതിരഭിപ്രായമില്ല. നടിയെന്ന നിലയില്‍ അഭിനയിക്കുന്നതില്‍ തടസവുമില്ല. ആദ്യമധ്യാന്തം സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ സിനിമ കാണാതെ ചിലര്‍ സിനിമയ്‌ക്കെതിരെ ആരോപണവുമായി എത്തി. മാധ്യമങ്ങള്‍ അതേറ്റടുത്തു. പുറംവാതിലിലൂടെയാണ്‌ ഈ സിനിമയ്‌ക്ക്‌ പ്രദര്‍ശനാനുമതി ലഭിച്ചതെന്ന്‌ ചിലര്‍ പറഞ്ഞു പരത്തി. അതാണ്‌ ജോലി നഷ്ടപ്പെടലിനുള്ള കാരണം. രാഷ്ട്രീയവും മറ്റൊരു കാരണമാണ്‌. ഞാന്‍ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്നാണ്‌ ചലച്ചിത്ര അക്കാദമിയില്‍ എത്തിയത്‌. ഇപ്പോള്‍ കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ ഡപ്യൂട്ടി സെക്രട്ടറിയാണ്‌.

ഗ്ലോബല്‍ മലയാളം: നാടകത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ടതെങ്ങനെയാണ്‌?

സജിത: : കോഴിക്കോട്ടുകാരിയാണ്‌ ഞാന്‍. എന്റെ അമ്മ സാവിത്രിയ്‌ക്ക്‌ നൃത്തവുമൊക്കെ ഇഷ്ടമായിരുന്നു. കലാജാഥയിലൂടെയാണ്‌ ഞാന്‍ നാടകത്തെ കൂടുതല്‍ അടുത്തറിഞ്ഞത്‌. പിന്നീട്‌ അഭിനയത്തില്‍ എം.എ.യും എം.ഫിലും ചെയ്‌തു. ഇപ്പോള്‍ ഗവേഷകയാണ്‌. മത്സ്യഗന്ധി,ബ്യൂട്ടിപാര്‍ലര്‍. എന്നീ ഏകാംഗ നാടകങ്ങള്‍ സംവിധാനം ചെയ്‌ത്‌ അരങ്ങില്‍ അവതരിപ്പിച്ചു.

ഗ്ലോബല്‍ മലയാളം: നാടക രംഗത്ത്‌ അംഗീകാരം?

സജിത: : നടിയെന്ന നിലയിലുള്ള ആദ്യ അംഗീകാരമാണ്‌ ഇത്‌. ഏതൊരു നടിയും അംഗീകാരത്തെ ആദരവായാണ്‌ കാണുന്നത്‌. 

ഗ്ലോബല്‍ മലയാളം: പുതിയസിനിമകള്‍?

സജിത: : പുതിയവ കമിറ്റ്‌ ചെയ്‌തിട്ടില്ല. ഇവന്‍ മേഘരൂപന്‍, വീരപുത്രന്‍,അഹം, ജാനകി എന്നിവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിരുന്നു. ഞാന്‍ ഒരു ഫുള്‍ ടൈം നടിയല്ല. നല്ല കഥാപാത്രങ്ങളെ കിട്ടിയാല്‍ ചെയ്യും. അഭിനയ പ്രാധാന്യം ഉണ്ടാകണം, അത്രമാത്രം. 

 
ഗ്ലോബല്‍ മലയാളം: കുടുംബം? 

സജിത: കുടുംബമായി ഡല്‍ഹിയില്‍ താമസം. ഭര്‍ത്താവ്‌ നാഷണല്‍ ബുക്ക്‌ ട്രസ്റ്റില്‍ എഡിറ്ററാണ്‌. മകന്‍ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.